ന്യൂഡൽഹി: മൂന്ന് മുതല്‍ ആറ് വയസുവരെയുള്ള കുട്ടികളുടെ സംരക്ഷണത്തിനും വിദ്യാഭ്യാസത്തിനും പ്രാധാന്യം നല്‍കുന്ന ‘എര്‍ലി ചൈല്‍ഡ്ഹുഡ് കെയര്‍ ആന്‍ഡ് എഡ്യൂക്കേഷന്‍ (ഇസിസിഇ)’ ദേശീയ പാഠ്യപദ്ധതിയും ബാല്യകാല ഉത്തേജനത്തിനായുള്ള ദേശീയ ചട്ടക്കൂടും ആരംഭിക്കുമെന്ന് വനിതാ ശിശു വികസന മന്ത്രാലയം തിങ്കളാഴ്ച അറിയിച്ചു. കുട്ടികളുടെ വളര്‍ച്ചയില്‍ നിര്‍ണായക ഘട്ടമായ ജനനം മുതല്‍ മൂന്ന് വയസുവരെയുള്ള കാലത്തെ ബുദ്ധിവികാസത്തിനുള്ള പദ്ധതികളും ഇതോടൊപ്പമുണ്ടാകും.

രാജ്യത്ത് അംഗനവാടികളിലായിരിക്കും ഈ ചട്ടക്കൂട് പ്രാവര്‍ത്തികമാക്കുന്നത്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചൈല്‍ഡ് ഡെവലപ്പമെന്റ് വിഭാഗം ഈ പാഠ്യപദ്ധതി പരിഷ്‌ക്കാരത്തിന് വേണ്ട പരിശീലനം അംഗനവാടികളില്‍ നല്‍കും. മൂന്ന് മുതല്‍ ആറ് വയസ് വരെയുള്ള കുട്ടികളുടെ കായികക്ഷമത, ഭാഷ, സാമുഹിക വൈകാരികത, സ്വഭാവ രൂപീകരണം എന്നിവ മുന്‍നിര്‍ത്തിയാണ് ഈ പദ്ധതി. കളികളിലൂടെ പഠനമെന്ന ആശയം മുന്‍നിര്‍ത്തിയിട്ടുള്ളതാണ് പദ്ധതി. ബാല്യകാല പരിചരണവും വിദ്യാഭ്യാസ ചട്ടക്കൂടും മെച്ചപ്പെടുത്താനുമാണ് ഈ പുതിയ നടപടിയിലിലൂടെ ലക്ഷ്യമിടുന്നത്. പ്രൈമറി സ്‌കൂള്‍ വിദ്യാഭ്യാസത്തിലേക്ക് കുട്ടികളെ ശിശുസൗഹൃദമായി പ്രവേശിപ്പിക്കാനും ഈ പുതിയ ആശയം കൊണ്ട് സാധ്യമാവുന്നു.

ഒരു കുട്ടിയുടെ 85 ശതമാനത്തോളം ബുദ്ധിവികാസം ആറ് വയസിന് മുന്‍പ് തന്നെ പാകപ്പെടുന്നുണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്. ഇത് മുന്നില്‍ കണ്ടുകൊണ്ടാണ് ഈ പുതിയ പദ്ധതിയെന്നാണ് ശിശുവികസന മന്ത്രലായം വ്യക്തമാക്കുന്നത്. ഈ പദ്ധതിയിലൂടെ അംഗന്‍വാടി പ്രവര്‍ത്തകര്‍ക്ക് വേണ്ട പരിശീലനം നല്‍കും. അംഗന്‍വാടി ജോലിക്കാരില്‍ നിന്നും വേണ്ട നിര്‍ദേശങ്ങള്‍ സ്വീകരിച്ചുകൊണ്ടായിരിക്കും പുതിയ ചട്ടക്കൂട്. എന്നാല്‍ ഇത് എന്ന് തുടങ്ങുമെന്നതിനെ കുറിച്ച് വ്യക്തതയില്ല.

LEAVE A REPLY

Please enter your comment!
Please enter your name here