2024-ലെ നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് അണ്ടർ ഗ്രാജ്വേറ്റ് (നീറ്റ് യു.ജി.) ഇൻഫർമേഷൻ ബുള്ളറ്റിൻ നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ.) ഭേദഗതിചെയ്ത് പ്രസിദ്ധീകരിച്ചു.നീറ്റ് യു.ജി. 2024-ൽ വരുത്തിയ മാറ്റങ്ങൾ കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രിയുടെയും നാഷണൽ മെഡിക്കൽ കമ്മിഷന്റെയും നിർദേശപ്രകാരം ഒരു വർഷത്തേക്ക് മാറ്റിവെച്ചതായി എൻ.ടി.എ. അറിയിച്ചു. 2023-ലെ നീറ്റ് യു.ജി.യുമായി താരതമ്യംചെയ്യുമ്പോൾ സിലബസിൽ ഒഴികെ, 2023-ലെ വ്യവസ്ഥകളിൽ ഒരുമാറ്റവും 2024-ൽ ഉണ്ടായിരിക്കുന്നതല്ല. ഇതിന്റെയടിസ്ഥാനത്തിൽ ഭേദഗതിവരുത്തിയ നീറ്റ് യു.ജി. 2024 ഇൻഫർമേഷൻ ബുള്ളറ്റിൻ exams.nta.ac.in/NEET/ ൽ പ്രസിദ്ധീകരിച്ചു. പുതിയ ഇൻഫർമേഷൻ ബുള്ളറ്റിൻപ്രകാരം ക്ലോസ് 15.1.2, 15.2 എന്നിവയിൽ ഭേദഗതിവരുത്തിയിട്ടുണ്ട്. നേരത്തേയുണ്ടായിരുന്ന 15.1.2 (a) എന്ന ക്ലോസ് 15.1.2 (c) ആക്കി. പകരം പുതിയ 15.1.2 (a), 15.1.2 (b) എന്നീ ക്ലോസുകൾ ചേർത്തു

ഭേദഗതിപ്രകാരം, 15.1.2 (a) ക്ലോസ് ഇപ്രകാരമാണ്: നീറ്റ് യു.ജി. 2024 യോഗ്യത നേടാൻ അപേക്ഷാർഥി നീറ്റ് യു.ജി. 2024-ൽ, 50-ാം പെർസന്റൈൽ സ്കോർ നേടണം (ഏതുസ്കോറിനു മുകളിലാണോ/താഴെയാണോ പരീക്ഷയെഴുതിയവരിൽ 50 ശതമാനം പേരുടെയും സ്കോർ വരുന്നത്, ആ സ്കോറാണ് 50-ാം പെർസന്റൈൽ സ്കോർ. പരീക്ഷാ മൂല്യനിർണയം കഴിഞ്ഞേ ഇത് എത്രയെന്ന് വ്യക്തമാകൂ).

പട്ടിക/ഒ.ബി.സി./ഭിന്നശേഷി വിഭാഗക്കാർക്ക് 40-ാം പെർസന്റൈൽ സ്കോർ വേണം. (60 ശതമാനം പരീക്ഷാർഥികളുടെ സ്കോർ ഇതിനുമുകളിലായിരിക്കും).

ജനറൽ, ഇ.ഡബ്ല്യു.എസ്. വിഭാഗങ്ങളിലെ ഭിന്നശേഷിക്കാർക്ക് 45-ാം പെർസന്റൈൽ സ്കോർവേണം (55 ശതമാനം പരീക്ഷാർഥികളുടെ സ്കോർ ഇതിനുമുകളിലായിരിക്കും).

15.1.2 (b): ഏതെങ്കിലും കാറ്റഗറിയിൽ, യോഗ്യതനേടുന്നതിനുള്ള കുറഞ്ഞ മാർക്ക്, ആവശ്യത്തിനനുസരിച്ച് പരീക്ഷാർഥികൾ നേടാത്തപക്ഷം ആവശ്യമെങ്കിൽ നാഷണൽ മെഡിക്കൽ കമ്മിഷൻ, ഡൻറൽ കൗൺസിൽ ഓഫ് ഇന്ത്യ, സെൻട്രൽ കൗൺസിൽ ഓഫ് ഇന്ത്യൻ മെഡിസിൻ, സെൻട്രൽ കൗൺസിൽ ഓഫ് ഹോമിയോപ്പതി എന്നിവയുമായി ആലോചിച്ച് കേന്ദ്രസർക്കാർ ആ കാറ്റഗറിയുടെ യോഗ്യത നേടുന്നതിനുള്ള മാർക്ക് താഴ്ത്തുന്നതാണ്. അങ്ങനെ താഴ്ത്തപ്പെടുന്ന യോഗ്യതാ മാർക്ക്, ആ വർഷത്തെ പ്രവേശനത്തിനുമാത്രമായിരിക്കും ബാധകം.

നീറ്റ് യു.ജി. 2024-ൽ ഒന്നിൽക്കൂടുതൽപേർക്ക് ഒരേ സ്കോർ ലഭിച്ചാൽ ബയോളജിയിൽ (ബോട്ടണി ആൻഡ് സുവോളജി) ഉയർന്ന മാർക്ക് ലഭിച്ചയാൾക്ക് ഉയർന്ന റാങ്ക് അനുവദിക്കും. ടൈ തുടർന്നാൽ കെമിസ്ട്രിയിലെയും അതിനുശേഷവും ടൈ തുടർന്നാൽ ഫിസിക്സിലെയും മാർക്ക് അടിസ്ഥാനമാക്കി പരിഗണിക്കുന്ന വിഷയത്തിൽ കൂടിയ മാർക്കുള്ള പരീക്ഷാർഥിക്ക് ഉയർന്ന റാങ്ക് നൽകും.

അതിനുശേഷവും ടൈ തുടർന്നാൽ ഉയർന്ന റാങ്ക് നൽകാൻ ടെസ്റ്റുമായി ബന്ധപ്പെട്ട്, ഓരോഘട്ടത്തിലും പരിഗണിക്കുന്ന ഘടകങ്ങൾ ഇവയായിരിക്കും.

• എല്ലാ വിഷയങ്ങളും പരിഗണിക്കുമ്പോൾ, തെറ്റിച്ച ഉത്തരങ്ങളുടെയും ശരിയാക്കിയ ഉത്തരങ്ങളുടെയും അനുപാതം, കുറവായ പരീക്ഷാർഥിക്ക്

• ബയോളജിയിൽ (ബോട്ടണി ആൻഡ് സുവോളജി), തെറ്റിച്ച ഉത്തരങ്ങളുടെയും ശരിയാക്കിയ ഉത്തരങ്ങളുടെയും അനുപാതം, കുറവായ പരീക്ഷാർഥിക്ക്

• കെമിസ്ട്രി വിഷയത്തിൽ, തെറ്റിച്ച ഉത്തരങ്ങളുടെയും ശരിയാക്കിയ ഉത്തരങ്ങളുടെയും അനുപാതം, കുറവായ പരീക്ഷാർഥിക്ക്

• ഫിസിക്സിൽ, തെറ്റിച്ച ഉത്തരങ്ങളുടെയും ശരിയായ ഉത്തരങ്ങളുടെയും അനുപാതം, കുറവായ പരീക്ഷാർഥിക്ക്

നീറ്റിന് അപേക്ഷ നൽകാനുള്ള സമയപരിധി മാർച്ച് 16-ന് രാത്രി 10.50 വരെ നീട്ടിയിട്ടുണ്ട്. ഫീസടയ്ക്കാൻ അതേദിവസം രാത്രി 11.50 വരെ സമയമുണ്ടാകും. അപേക്ഷയിലെ പിശകുകകളുടെ തിരുത്തൽ, പരീക്ഷാകേന്ദ്രങ്ങൾ സംബന്ധിച്ച മുൻകൂർ അറിയിപ്പ്, അഡ്മിറ്റ് കാർഡ് ഡൗൺലോഡിങ്, ഫലപ്രഖ്യാപനം എന്നിവയുടെ തീയതികൾ നീറ്റ് അപേക്ഷാപോർട്ടലിൽ യഥാസമയം പ്രസിദ്ധപ്പെടുത്തും

LEAVE A REPLY

Please enter your comment!
Please enter your name here