July 7, 2020

ഗോൾ പോസ്റ്റിലെ കാവൽഭടൻ കെ റ്റി ചാക്കോ ഇന്ന് വിരമിക്കുന്നു

തിരുവല്ല: മുൻ ഇന്ത്യൻ ഗോളി കെ റ്റി ചാക്കോ പോലീസ് സർവീസിൽ നിന്നും ഇന്ന് വിരമിക്കുകയാണ്. പത്തനംതിട്ട ജില്ലയിൽ തിരുവല്ല, ഓതറ കീക്കാട്ടിൽ പരേതനായ തോമസ് യോഹന്നാന്റെയും അന്നമ്മ തോമസിന്റെയും മൂന്നാമത്തെ മകനായ ചാക്കോ കേരള പോലീസിൽ 33 വർഷത്തെ സ്തുത്യർഹ സേവനത്തിനു ശേഷം കെ എ പി അഞ്ചാം ബറ്റാലിയൻ(കുട്ടിക്കാനം) ഡെപ്യൂട്ടി കമാൻഡന്റായാണ്‌ വിരമിക്കുന്നത്. സ്‌കൂൾ തലം മുതൽ സ്പോർട്സിൽ പ്രാവീണ്യം തെളിയിച്ച ഇദ്ദേഹം ചങ്ങനാശേരി സ്പോർട്സ് ഹോസ്റ്റൽ, എസ്.ബി കോളേജ് മുതലായ സ്ഥാപനങ്ങളിലെ പഠന കാലഘട്ടത്തിലൂടെ ഫുട്ബോളിലേക്ക് കാൽ എടുത്തു വെക്കുകയാണുണ്ടായത്. ഓതറ സെയിന്റ് പോൾസ് മാർത്തോമ്മ ഇടവകാംഗമായ ചാക്കോ, മാർത്തോമ്മ യുവജന സഖ്യം എൺപതുകളിൽ സംഘടിപ്പിച്ച കായിക മേളകളിൽ പല തവണ വ്യക്തിഗത ചാമ്പ്യൻ ആയിട്ടുണ്ട്. തന്റെ ജമ്പിങ് പാടവം കണ്ടെത്തിയ ചങ്ങനാശ്ശേരി എസ്.ബി കോളേജ് മുൻ കോച്ച് രഞ്ജി കെ ജേക്കബ് ഗോളി ആയി പരിശീലനം നടത്തുന്നതിനായി തിരഞ്ഞെടുത്തു. എസ്.ബി കോളേജിൽ നിന്ന് എം.ജി യൂണിവേഴ്സിറ്റി ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ആ വർഷം തന്നെ ജൂനിയർ സ്റ്റേറ്റ് കോമ്പറ്റീഷൻ കോയമ്പത്തൂരിൽ കളിക്കുകയും ഫൈനലിൽ പ്രവേശിക്കുകയും ചെയ്‌തു. ഈ 2 ടൂർണമെന്റുകളിൽ മികച്ച ഗോൾ കീപ്പർ ആയത് ചാക്കോ ആയിരുന്നു. അതിനെ തുടർന്ന് ജൂനിയർ ഇന്ത്യൻ ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. 1987 ൽ ബഹു. ഡിജിപി എം.കെ ജോസഫ് സാറും, ഫുട്‌ബോൾ മാനേജർ കരിം സാറും, കോച്ച് ശ്രീധരനും കൂടി ചാക്കോയെ പൊലീസിലേക്ക് ഹവിൽദാർ തസ്തികയിലേക്ക് തിരഞ്ഞെടുത്തു. അതിനു ശേഷം നിരവധി തവണ ഓൾ ഇന്ത്യ പോലീസ് ചാമ്പൻഷിപ് നേടിയ കേരള പോലീസ് ടീമിൽ നിറസാന്നിധ്യമായിരുന്നു ഇദ്ദേഹം. ആദ്യമായി കൊല്ലത്തും ഗുവാഹത്തിയിലും നടന്ന സന്തോഷ് ട്രോഫിയിൽ കേരളം ഫൈനലിൽ എത്തുകയും എറണാകുളത്തു നടന്ന സന്തോഷ് ട്രോഫി ചാമ്പ്യൻ ആവുകയും ചെയ്ത ടീമിന്റെ ഗോൾ വല കാത്തത് ഈ തിരുവല്ലക്കാരന്റെ കരങ്ങൾ ആയിരുന്നു എന്നത് പുതുതലമുറയ്ക്ക് അറിയാത്ത കാര്യമാണ്. 1991 മുതൽ 4 വർഷം ഇന്ത്യൻ ടീമിന്റെ ഗോൾ വല ഈ കൈകളിൽ ഭദ്രം ആയിരുന്നു. 90, 91 വർഷങ്ങളിൽ ഫെഡറേഷൻ കപ്പ് നേടിയ ടീമിലെ ഗോളിയും ഫൈനലിൽ കണ്ണൂർ നടന്ന ടൂർണമെന്റിൽ ക്യാപ്റ്റനായി ടീമിനെ മുന്നിൽ നിന്ന് നയിച്ച് കപ്പിൽ മുത്തമിട്ടതും ഇദ്ദേഹം തന്നെ. 2002 മുതൽ അസിസ്റ്റന്റ് കമാൻഡൻറ് ആയി എസ്‌ എ പി യിലും തുടർന്ന് എം.എസ്‌.പി, മലപ്പുറം, പോലീസ് അക്കാദമി, തൃശൂർ, കെ.എ. പി 3 ബറ്റാലിയൻ, അടൂർ, കെ.എ.പി 5 ബറ്റാലിയൻ, കുട്ടിക്കാനം എന്നിവിടങ്ങളിൽ സേവനം അനുഷ്ടിച്ചു പോലീസ് സേനയുടെ അഭിമാനം കാത്തുസൂക്ഷിച്ചു. ഈ സേവനങ്ങൾ കണക്കിലെടുത്തു 2017 ൽ ബഹു. ഡിജിപി യുടെ കമന്റേഷൻ ഡിസ്കും, 2011 ൽ ബഹു. മുഖ്യമന്ത്രിയുടെ പോലീസ് മെഡലും, 2017 ൽ ബഹു. ഇന്ത്യൻ പ്രസിഡന്റിന്റെ വിശിഷ്ട സേവനത്തിനുള്ള പോലീസ് മെഡലും ചാക്കോയെ തേടിയെത്തി. സർവീസിൽ നിന്നും വിരമിക്കുന്ന ചാക്കോയ്ക്ക് ആശംസകളും ഭാവുകങ്ങളും നേരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Translate »
error: Content is protected !!