മലപ്പുറം:പിഞ്ചുകുഞ്ഞുങ്ങളെപ്പോലും അപായപ്പെടുത്തുന്ന വിധത്തിലുള്ള ഹിംസാത്മക സമീപനങ്ങളെ പ്രതിരോധിക്കാൻ പൊതുസമൂഹം സാംസ്കാരികമായി ശക്തിപ്പെടണമെന്ന് എക്സൈസ് – തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി.രാജേഷ്. തലക്കാട് ഗ്രാമപഞ്ചായത്തിൽ ജനകീയാസൂത്രണത്തിൻ്റെ രജത ജൂബിലി സ്‌മാരകമായി നിർമ്മിച്ച സാംസ്കാരിക നിലയത്തിന്റെ ഉദ്ഘാടനവും ലൈഫ് പദ്ധതി പ്രകാരം നിർമിച്ച വീടുകളുടെ താക്കോൽദാനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

സ്കൂൾ വിദ്യാർത്ഥികൾ തമ്മിലുള്ള ചെറിയ തർക്കങ്ങൾ പോലും വൻ സംഘർഷങ്ങൾക്കും മൃഗീയമായ അക്രമങ്ങളിലേക്കും എത്തിയിരിക്കുകയാണ്. വിദ്യാഭ്യാസപരമായി മുന്നേറിയിട്ടും പൊതു സമൂഹത്തിൽ ഇത്തരത്തിൽ ഹിംസാത്മക സമീപനങ്ങൾ വർദ്ധിക്കുന്നത് ആശങ്കാജനകമാണ്. സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിക്കുന്ന ആക്രമണ സ്വഭാവമുള്ള വീഡിയോകൾ നിരന്തരം കണ്ട് മരവിച്ചാവണം ഇത്തരം പ്രവർത്തനങ്ങൾ നിസ്സാരമായി കാണാൻ അവർക്ക് കഴിയുന്നത്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സാംസ്കാരികമായ മുന്നേറ്റം കൂടിയേ തീരൂ. മറ്റുള്ളവരുടെ ആശയങ്ങളെ സഹിഷ്ണുതയോടെ കേൾക്കാൻ ഇതിലൂടെ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.

പഴയ ഗ്രാമപഞ്ചായത്ത് ഓഫീസ് കെട്ടിടത്തിൻ്റെ സ്ഥലത്താണ് ജനകീയാസൂത്രണത്തിൻ്റെ രജത ജൂബിലി സ്‌മാരകമായി സാംസ്കാരിക നിലയം ഒരുക്കിയിട്ടുള്ളത്. തലക്കാട് ഗ്രാമപഞ്ചായത്ത് 13.55 ലക്ഷം രൂപ ചെലവിലാണ് സ്മാരക മന്ദിരം ഒരുക്കിയിട്ടുള്ളത്. വായനശാല, മറ്റ് സാംസ്കാരിക പ്രവർത്തനങ്ങൾ എന്നിവയ്ക്ക് അനുയോജ്യമാകുന്ന വിധത്തിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. 

ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി പൂർത്തീകരിച്ച 105 വീടുകളുടെ താക്കോൽ കൈമാറ്റമാണ് മന്ത്രി നിർവഹിച്ചത്. ഭൂമിയുള്ളവരുടെ വിഭാഗത്തിൽ 459 വീടുകളുടെ അപേക്ഷയിൽ 211 വീടുകളാണ് തലക്കാട് പഞ്ചായത്തിൽ കരാർ വെച്ചിട്ടുളളത്. ബി.പി അങ്ങാടിയിൽ നടന്ന പരിപാടിയിൽ കുറുക്കോളി മൊയ്‌തീൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. തിരൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ.യു.സൈനുദ്ധീൻ മുഖ്യാതിഥിയായി. 

തലക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. പുഷ്പ, വൈസ് പ്രസിഡന്റ് എ.കെ. ബാബു, തിരൂർ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ടി. ഇസ്മായിൽ, ടി. കുമാരൻ, തലക്കാട് ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ടി. അനിത, നുസൈബ എടത്തടത്തിൽ, എൻ.പി ഷരീഫാബി, വാർഡ് അംഗം എം. സൗദാമിനി, ആസൂത്രണ സമിതി ഉപാധ്യക്ഷൻ പി. മുഹമ്മദലി, ഗ്രാമപഞ്ചായത്ത് സെക്രട്ടറി അനു അലക്സ് എന്നിവർ സംസാരിച്ചു. അസി. എഞ്ചിനീയർ നാരായണൻ റിപ്പോർട്ട് അവതരിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here