കശുഅണ്ടി തൊഴിലാളികൾ സമരത്തിലേക്ക്

കൊല്ലം: കൂലി വർദ്ധനവ് നടപ്പാക്കുക, ഇ.എസ്.ഐ ആനുകൂല്യങ്ങൾ ലഭ്യമാക്കുക,ആശ്വാസ ധനസഹായം അനുവദിക്കുക തുടങ്ങിയ നിരവധി ആവശ്യങ്ങളാണ് കശുഅണ്ടി തൊഴിലാളികൾക്കുള്ളത്. കാലങ്ങളായി ഇക്കാര്യങ്ങൾക്കൊന്നും നടപടിയില്ലാത്തതിനാൽ സംസ്ഥാന വ്യാപകമായി അനശ്ചിതകാല സമരത്തിലേക്ക് നീങ്ങുകയാണ് അവർ. ഇന്ന് മുതൽ സമരം കൂടുതൽ ശക്തമാക്കാനാണ് തീരുമാനം. 7 വർഷം മുമ്പാണ് കശുഅണ്ടി മേഖലയിൽ മിനിമം കൂലി പുതുക്കി നിശ്ചയിച്ചത്. പിന്നീട് ഇങ്ങോട്ട് കൂലി വർദ്ധനവ് നടപ്പാക്കാത്തതാണ് സമരരംഗത്തേക്ക് തൊഴിലാളികളെ എത്തിച്ചിരിക്കുന്നത്.ഒരു ആനുകൂല്യങ്ങളുമില്ല

ഗ്രേഡിംഗ് തൊഴിലാളികൾക്ക് 285 രൂപയാണ് കൂലി കിട്ടുന്നത്. മറ്റ് വിഭാഗങ്ങളിലെ തൊഴിലാളികൾക്ക് നാമമാത്രമായ വരുമാനം മാത്രം. ഒരു ദിവസത്തെ ജോലിക്ക് നൽകുന്ന കശുഅണ്ടി പരിപ്പിന്റെ വേല പൂർണതോതിൽ തീരണമെങ്കിൽ മൂന്ന് ദിവസമെങ്കിലും വേണ്ടി വരും.എന്നാൽ ജീവനക്കാർക്കെല്ലാം ശമ്പളം കൃത്യമായി ലഭിക്കുകയും ചെയ്യുന്നു. ജീവനക്കാർക്ക് ശമ്പളം ഉറപ്പാക്കാൻ മാസാവസാനം ജോലി വയ്ക്കുന്നത് പതിവാണെന്നും തൊഴിലാളികൾ ആരോപിക്കുന്നു. മതിയായ ഹാജർ ഇല്ലാത്തതിനാൽ ചികിത്സാ സഹായങ്ങളും,പി.എഫ് ഉൾപ്പടെ ഇ.എസ്.ഐ ആനുകൂല്യങ്ങളും ലഭിക്കുന്നില്ല.136 ഹാജർ ഒരു സാമ്പത്തിക വർഷം ലഭിച്ചാൽ മാത്രമേ ഇത്തരം ആനുകൂല്യങ്ങൾ ലഭിക്കുകയുള്ളു. എന്നാൽ ഈ സാമ്പത്തിക വർഷം 50 ഹാജർ മാത്രമാണ് ലഭിച്ചിട്ടുള്ളതെന്ന് തൊഴിലാളികൾ പറയുന്നു.കശുഅണ്ടി മേഖലയുടെ വളർച്ചയ്ക്ക് 50 കോടി രൂപ കഴിഞ്ഞ വർഷം സർക്കാർ അനുവദിച്ചെങ്കിലും അതിന്റെ പ്രയോജനം തൊഴിലാളികൾക്ക് ലഭിച്ചില്ല.അടിയന്തരമായി കശുഅണ്ടി തൊഴിലാളികൾ നടത്തുന്ന സമരത്തിൽ സർക്കാർ ഇടപെട്ട് ശാശ്വത പരിഹാരം കാണമെന്നാണ് പൊതുവേ ഉയരുന്ന ആവശ്യം. കൊല്ലത്ത് പാൽക്കുളങ്ങര, കുന്നത്തൂർ,ചിറ്റുമല കോർപ്പറേഷൻ ഫാക്ടറികളിലെ തൊഴിലാളികൾ സമരം ആരംഭിച്ച് കഴിഞ്ഞു. കുന്നത്തൂർ ഫാക്ടറിയിൽ കഴിഞ്ഞ ദിവസം സമരം നടത്തിയ തൊഴിലാളികൾ ജീവനക്കാരെ പുറത്തിറങ്ങാൻ അനുവദിക്കാതെ ഗേറ്റ് ഉപരോധിച്ചിരുന്നു. വൈകിട്ട് 6.30 ഓടെ ശാസ്താംകോട്ടയിൽ നിന്ന് വനിതാ പൊലീസ് ഉൾപ്പെടെ എത്തി ചർച്ച നടത്തിയ ശേഷമാണ് തൊഴിലാളികൾ ഇവരെ പുറത്തിറങ്ങാൻ അനുവദിച്ചത്.അതിനിടെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കോൺഗ്രസും ഐ.എൻ.ടി.യു.സിയും രംഗത്ത് എത്തിയിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published.

Translate »