അരിവില ഉയർന്നു, നെല്ല് ആവശ്യത്തിനില്ല; കിഴിവ് ഇല്ലാതെ സംഭരണത്തിന് തയാറായി മില്ലുകൾ

കുമരകം : കിഴിവ് ഇല്ലാതെ (താര) നെല്ല് സംഭരണത്തിനു തയാറായി മില്ലുകൾ എത്തുന്നതായി കർഷകർ. അരി വില ഉയരുകയും മില്ലുകൾക്കു ആവശ്യത്തിനു നെല്ല് കിട്ടാതെ വരികയും ചെയ്തതോടെയാണു കിഴിവ് ഇല്ലാതെയും നെല്ല് സംഭരണം നടത്താൻ മില്ലുകാർ എത്തുന്നത്. നേരത്തെ 100 കിലോ നെല്ല് സംഭരിക്കുമ്പോൾ 4 – 6 കിലോ കിഴിവ് നൽകിയാണു കർഷകർ മില്ലുകൾക്കു നെല്ല് നൽകിയിരുന്നത്.സപ്ലൈകോയുടെ നിബന്ധന പ്രകാരമുള്ള ഗുണനിലവാരം നെല്ലിന് ഇല്ല എന്ന കാരണം പറഞ്ഞായിരുന്നു കിഴിവ് വാങ്ങിയിരുന്നത്. നെല്ലിന്റെ ഈർപ്പം, പതിര്  എന്നിവ നോക്കിയായിരുന്നു നെല്ലിന്റെ ഗുണനിലവാരം നിശ്ചയിച്ചിരുന്നത്. നെല്ലിന്റെ സംഭരണ വില ഉയരുമ്പോഴും കിഴിവ് നൽകുന്നതിനാൽ ഉയർന്ന വിലയുടെ പ്രയോജനം കർഷകർക്കു ലഭിക്കുമായിരുന്നില്ല. ഒരു ക്വിന്റൽ നെല്ല് സംഭരിക്കുമ്പോൾ കർഷകർക്ക് കുറഞ്ഞത് 72 രൂപ എങ്കിലും നഷ്ടം സംഭവിച്ചിരുന്നു.കിഴിവിനെ ചൊല്ലി മില്ലുകാരും കർഷകരും തമ്മിലുണ്ടാകുന്ന തർക്കം മൂലം നെല്ല് സംഭരണം പ്രതിസന്ധിയിലാകുന്ന സ്ഥിതി വരെ വന്നിരുന്നു.  കുറെ വർഷങ്ങളായി കിഴിവ് സമ്പ്രദായം തുടരുകയാണ്. കിഴിവിനെതിരെ കർഷകർ രംഗത്തു വരുമായിരുന്നെങ്കിലും ഒടുവിൽ മില്ലുകാരുടെ നിബന്ധനകൾക്കു വഴങ്ങേണ്ടി വരുമായിരുന്നു. നെല്ല് കൊയ്ത് കൂട്ടിയിട്ടു കഴിയുമ്പോൾ മഴ എത്തും. പിന്നെ എങ്ങനെയെങ്കിലും നെല്ല് വിൽപന നടത്തണമെന്ന സ്ഥിതിയിൽ കർഷകർ എത്തും. ഇത് മുതലാക്കിയാണ് മില്ലുകാർ കിഴിവ് വാങ്ങി വന്നത്.സപ്ലൈകോ നിർദേശിച്ചിരിക്കുന്ന പാടശേഖരങ്ങളിൽ നിന്നാണു മില്ലുകൾ നെല്ല് സംഭരണം നടത്തേണ്ടത്. ഈ മില്ലുകൾ കിഴിവ് ആവശ്യപ്പെടുമ്പോൾ മറ്റു മില്ലുകൾ കിഴിവില്ലാതെ നെല്ല് സംഭരിക്കാൻ തയാറാണെന്നു അറിയിച്ചു കർഷകരെ സമീപിക്കുന്നു.നേരത്തെ 4 കിലോ വരെ കിഴിവ് വാങ്ങിയ സ്ഥാനത്ത് ചില മില്ലുകൾ ഒരു കിലോ ആയി കുറച്ചിട്ടുണ്ട്. ചെങ്ങളം പുതുക്കാട്ട് അൻപത് പാടശേഖരത്ത് നിന്ന് ഒരു കിലോ കിഴിവ് വാങ്ങിയാണ് കഴിഞ്ഞ ദിവസം നെല്ല് സംഭരിച്ചത്.

Spread the love

Leave a Reply

Your email address will not be published.

Translate »