വിപണിയിൽ നിരന്നു, പുല്ലും പുൽക്കൂടും

പത്തനംതിട്ട : ഇപ്പോൾ ക്രിസ്മസ് അനുബന്ധ ഉൽപന്നങ്ങൾ വിൽക്കുന്ന ഏതൊരു കടയിലും റെഡിമെയ്ഡ് പുൽക്കൂടുകൾ തയാറാണ്. വലുപ്പത്തിന്റെയും കുടിൽ നിർമിക്കാൻ ഉപയോഗിക്കുന്ന വസ്തുക്കളുടെ നിലവാരത്തിന്റെയും അടിസ്ഥാനത്തിൽ വിലയിൽ ഏറ്റക്കുറച്ചിൽ ഉണ്ടെന്ന് മാത്രം. 250 രൂപ മുതൽ 1500ൽ ഏറെ രൂപ വരെ വില വരുന്ന പുൽക്കൂടുകൾ വരെ വിപണിയിൽ ലഭ്യമാണ്. വൈക്കോലും കാർഡ്ബോർഡും ഉപയോഗിച്ച് നിർമിക്കുന്ന പുൽക്കൂടുകൾ 250 രൂപ മുതൽ ലഭിക്കും. എന്നാൽ നിർമാണ വസ്തുക്കൾ പ്ലൈവുഡിലേക്കും മറ്റും മാറുന്നതോടെ വില 1500ന് മുകളിലാകും. പുൽക്കൂടുകൾക്കൊപ്പം അവയിൽ വയ്ക്കാനുള്ള രൂപങ്ങളും ക്രിസ്മസ് വിപണിയിൽ ഇടംപിടിച്ചുകഴിഞ്ഞു. ഏറ്റവും ചെറിയ രൂപങ്ങൾ അടങ്ങിയ സെറ്റിന് 250 രൂപയാണ് വില. വലിപ്പത്തിന് അനുസരിച്ച് 2500 രൂപ വരെയുള്ള ശിൽപങ്ങൾ പത്തനംതിട്ടയിലെ കടകളിൽ ലഭ്യമാണ്. മുംബൈ, ഡൽഹി എന്നിവിടങ്ങളിൽ നിന്നാണ് ശിൽപങ്ങൾ എത്തിക്കുന്നത്. പുൽക്കൂടിന്റെ തറയിൽ വിരിക്കുന്ന പുല്ലിന് പകരം പ്ലാസ്റ്റിക് പുല്ലിന്റെ ഷീറ്റുകളും കടകളിൽ ലഭ്യമാണ്. 190 രൂപ മുതലാണ് ഇതിന്റെ വില. നവംബർ പകുതി പിന്നിട്ടപ്പോൾ മുതൽതന്നെ പുൽക്കൂടൊരുക്കാനുള്ള വസ്തുക്കൾ തേടി ആളുകൾ എത്തുന്നതായി പത്തനംതിട്ട നഗരത്തിലെ വ്യാപാരികൾ പറയുന്നു. 

Spread the love

Leave a Reply

Your email address will not be published.

Translate »