ധരംശാല: ഇന്ത്യക്കെതിരേ രണ്ടാം ഇന്നിങ്‌സിനിറങ്ങിയ ഇംഗ്ലണ്ടിന് വീണ്ടും ബാറ്റിങ് തകര്‍ച്ച. 92 റണ്‍സിനിടെ അഞ്ച്‌ വിക്കറ്റ്‌ വീണു. നാല്‌ പേരെ രവിചന്ദ്രന്‍ അശ്വിനും ശേഷിച്ച ബാറ്ററെ കുല്‍ദീപ് യാദവുമാണ് മടക്കിയത്. ബെന്‍ ഡക്കറ്റ് (2), സാക് ക്രൗളി (1), ഒലീ പോപ്പ് (19), ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സ് (2) എന്നിവരെ അശ്വിന്‍ പറഞ്ഞയച്ചു. സാക് ക്രൗളിയെ സര്‍ഫറാസ് ഖാന്റെയും പോപ്പിനെ ജയ്‌സ്വാളിന്റെയും കൈകളിലേക്ക് നല്‍കിയാണ് തിരിച്ചയച്ചത്. ജോണി ബെയര്‍ സ്‌റ്റോയെ (39) കുല്‍ദീപ് യാദവ് വിക്കറ്റിനു മുന്നില്‍ കുരുക്കി. 22.5 ഓവര്‍ പിന്നിട്ടപ്പോള്‍ അഞ്ച്‌ വിക്കറ്റ് നഷ്ടത്തില്‍ 103 റണ്‍സ് എന്ന നിലയിലാണ് ഇംഗ്ലണ്ട്.രാവിലെ ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് അവസാനിച്ചിരുന്നു. രണ്ടാംദിനം എട്ടു വിക്കറ്റ് നഷ്ടത്തില്‍ 473 എന്ന നിലയിലായിരുന്ന ഇന്ത്യക്ക്, മൂന്നാംദിനം നാല് റണ്‍സെടുക്കുന്നതിനിടെത്തന്നെ ശേഷിച്ച രണ്ട് വിക്കറ്റുകള്‍ നഷ്ടപ്പെട്ടു. ഇതോടെ ഇംഗ്ലണ്ട് 259 റണ്‍സിന്റെ ലീഡ് വഴങ്ങി. മൂന്നാംദിനം തുടക്കത്തില്‍തന്നെ ഇന്ത്യയ്ക്ക് കുല്‍ദീപ് യാദവിനെയും (30) ജസ്പ്രീത് ബുംറയെയും (20) നഷ്ടപ്പെട്ടിരുന്നു. കുല്‍ദീപിനെ ജെയിംസ് ആന്‍ഡേഴ്‌സനും ബുംറയെ ഷുഐബ് ബഷീറുമാണ് മടക്കിയത്. ഇതോടെ ഷുഐബിന് അഞ്ച് വിക്കറ്റായി.

LEAVE A REPLY

Please enter your comment!
Please enter your name here