July 9, 2020

പരീക്ഷ എഴുതാന്‍ തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ആത്മവിശ്വാസം പകര്‍ന്ന് പൊതുവിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം : കോവിഡ് 19 മഹാമാരിയുടെ വ്യാപനം തടയുന്നതിന്റെ ഭാഗമായി മാറ്റി വയ്ക്കപ്പെട്ട എസ്എസ്എല്‍സി, പ്ലസ് വണ്‍/പ്ലസ് ടു, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍  ഇരുപത്തിആറാം തീയതി മുതല്‍ ആരംഭിക്കുകയാണ്.ഈ പ്രതിസന്ധി ഘട്ടത്തില്‍ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക്  ആത്മവിശ്വാസം പകരുന്ന സന്ദേശം നല്‍കി പൊതുവിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് . കൊറോണ വൈറസിന്റെ വ്യാപനത്തെ പ്രതിരോധിക്കേണ്ടതിനാല്‍ ഈ പരീക്ഷ നടത്തിപ്പിനായി ചില മുന്നൊരുക്കങ്ങള്‍ വിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കി കഴിഞ്ഞതായി മന്ത്രി പറഞ്ഞു. അതിനാല്‍ തന്നെ പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികളെ സംബന്ധിച്ച്  യാതൊരു തരത്തിലുള്ള ആശങ്കയും രക്ഷിതാക്കള്‍ക്ക് വേണ്ട.

സ്‌കൂളുകള്‍ ജനപ്രതിനിധികളുടെയും, പി.ടി.എ കളുടെയും, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും നേതൃത്വത്തില്‍ വൃത്തിയാക്കി കൊണ്ടിരിക്കുകയാണ് .പൂര്‍ണമായും  അണുവിമുക്തമാക്കുക എന്ന ദൗത്യവുമായി ഫയര്‍ സര്‍വീസും സജീവമായി രംഗത്തുണ്ട്.ആരോഗ്യ വകുപ്പിന്റെ നിര്‍ദേശ പ്രകാരം വിദ്യാര്‍ത്ഥികള്‍ക്ക് സാനിറ്റൈസര്‍ ഉപയോഗിച്ച് കൈകള്‍ വൃത്തിയാക്കാനുള്ള സംവിധാനങ്ങളും, തെര്‍മല്‍ സ്‌കാനിംഗ് സൗകര്യങ്ങളുമെല്ലാം സ്‌കൂളുകളില്‍ സജ്ജീകരിക്കും.

പരീക്ഷ നടക്കുന്ന ദിവസങ്ങളില്‍  പൊതു ഗതാഗതം  ഉപയോഗിക്കാം. അല്ലെങ്കില്‍ അവരവരുടെ സ്വകാര്യ വാഹനങ്ങളോ, സ്‌കൂള്‍ ബസുകളോ ഗതാഗത സൗകര്യത്തിനായി ഉപയോഗിക്കാവുന്നതാണ്. അതു പോരാ എങ്കില്‍ തൊട്ടടുത്ത  സ്‌കൂളുകളിലെ ബസുകള്‍ ഉപയോഗിക്കാവുന്നതാണ്.അത്തരം സാഹചര്യങ്ങളില്‍ അതിനാവശ്യമായ ചെലവുകള്‍  വിദ്യാഭ്യാസ വകുപ്പ് നിര്‍വഹിക്കും.പി.ടി.എ യും, അധ്യാപകരും ചേര്‍ന്ന് ഏതെല്ലാം പ്രദേശങ്ങളില്‍ നിന്നാണ് കുട്ടികള്‍ വരേണ്ടത് എന്ന് മാപ്പ് ചെയ്ത് ലൊക്കേഷന്‍ അനുസരിച്ച് പരമാവധി സൗകര്യം ചെയ്തു കൊടുക്കും .ബസ്സുകള്‍ കുറവുള്ള സ്‌കൂളുകള്‍ക്ക് വാഹനങ്ങള്‍ വാടകയ്ക്ക് എടുക്കാനുള്ള നിര്‍ദ്ദേശവും വിദ്യാഭ്യാസ വകുപ്പ് നല്‍കിയിട്ടുണ്ട് .

ഏതെങ്കിലും കാരണത്താല്‍ പരീക്ഷ എഴുതാന്‍ സാധിക്കാത്ത വിദ്യാര്‍ത്ഥികള്‍ക്ക്  വീണ്ടും പരീക്ഷ എഴുതാന്‍ അവസരം ഉണ്ടാകും. സേ പരീക്ഷ നടത്തുന്ന സമയത്ത്  റഗുലര്‍ പരീക്ഷയും ഉണ്ടാകും. അവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റും അത്തരത്തില്‍ ആയിരിക്കും നല്‍കുന്നത്. 

ആരോഗ്യ വകുപ്പിന്റെ നിര്‍ദേശമനുസരിച്ച് ഗേറ്റില്‍ വന്നു ഓരോ വിദ്യാര്‍ത്ഥിയും കൈകള്‍ അണുവിമുക്തമാക്കിയ ശേഷം പരീക്ഷ സീറ്റില്‍ ചെന്നിരിക്കേണ്ടതാണ്. അങ്ങോട്ടുമിങ്ങോട്ടും പോകാതെ പരീക്ഷ കഴിഞ്ഞാല്‍ നേരെ അവരവരുടെ വാഹനത്തില്‍ കയറി  തിരിച്ചു പോകേണ്ടതാണ് .കുട്ടികള്‍ കൂട്ടം കൂടാതെ  പരസ്പരം ചര്‍ച്ച ചെയ്യാതെ ഒറ്റയ്‌ക്കൊറ്റയ്ക്ക് പരീക്ഷയെഴുതി തിരിച്ചു പോകുന്ന ഒരു സാഹചര്യം ഉണ്ടാകണം. 

സുരക്ഷിതമായ ഒരു കാലഘട്ടത്തില്‍  പരമാവധി വേഗം പരീക്ഷ നടത്തി  പ്രശ്‌നങ്ങള്‍ കുറച്ച്  കൊണ്ടുവരിക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം.ഒരു അക്കാദമിക ദിനം പോലും അടുത്ത വര്‍ഷം നഷ്ടപ്പെടരുത് എന്ന ഉദ്ദേശ്യത്തോടു കൂടിയാണ് വിദ്യാഭ്യാസ വകുപ്പ്  കുട്ടികള്‍ക്കായി ഇത്തരം സംവിധാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്.പ്രതിസന്ധിക്കിടയിലും നടത്തുന്ന  ഈ പരീക്ഷയില്‍  എല്ലാ സുരക്ഷിതത്വവും ഉണ്ടാകുമെന്ന് മന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ട് . വിദ്യാഭ്യാസ വകുപ്പിന് ഒപ്പം കേരളത്തിലെ എല്ലാ ജനങ്ങളുടെയും സഹായ സഹകരണങ്ങള്‍ ഉണ്ടാവണമെന്നും മന്ത്രി പറഞ്ഞു.

വീഡിയോ കാണാം : https://www.facebook.com/keralainformation/videos/578789929305716

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Translate »
error: Content is protected !!