ആഗോള ശ്രദ്ധ നേടി GoK ആപ്പ്; കേരള സ്റ്റാര്‍ട്ട് അപ്പ് മിഷനെക്കുറച്ച് വേള്‍ഡ് എക്കണോമിക് ഫോറം

തിരുവനന്തപുരം: ഇന്ത്യയിൽ കോവിഡ്19 പ്രതിരോധത്തിന്റെ മുൻനിരയിലുള്ളത് ധാരാളം നൂതന സംരംഭങ്ങളാണെന്ന് വേള്‍ഡ് എക്കണോമിക് ഫോറം. പ്രതിരോധം വെല്ലുവിളി ആയതോടെ ഇത് മറികടക്കാൻ യുവജനത ഒട്ടനേകം വഴികളാണ് കുറഞ്ഞ സമയം കൊണ്ട് വെട്ടിത്തെളിച്ചത്. പുതിയ മൊബൈൽ ആപ്പുകൾ, റോബോട്ടുകൾ, വെന്റിലേറ്ററുകൾ അങ്ങനെ നീണ്ടുപോകുന്നു സംരംഭക നേട്ടങ്ങളുടെ പട്ടിക. കോവിഡ് പ്രതിരോധത്തില്‍ ലോകത്തിന് മാതൃകയായ കേരളത്തിലെ സ്റ്റാർട്ടപ്പ് മിഷനു കീഴിലുള്ള സംരംഭകരെക്കുറിച്ചും എക്കണോമിക്‌ ഫോറത്തിൻ്റെ വെബ്‌സൈറ്റിൽ (Weforum.org) പ്രസിദ്ധീകരിച്ച ലേഖനത്തിൽ എടുത്തുപറയുന്നു.

Gok direct app ആണ് വേൾഡ് എക്കണോമിക് ഫോറം എടുത്തുപറയുന്ന ആപ്പുകളിൽ ഒന്ന്. കോവിഡ് സംബന്ധിച്ച ആധികാരിക വിവരങ്ങൾ ജനങ്ങളിലേക്കെത്തിക്കാനായി ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ളിക് റിലേഷന്‍സ് വകുപ്പ് ആണ് Gok direct app പുറത്തിറക്കിയത്. കൊറോണ വൈറസ് സംബന്ധിച്ച ബോധവൽക്കരണം, വിവരങ്ങൾ, അറിയിപ്പുകൾ, ജാഗ്രതാ നിർദേശം എന്നിവയെല്ലാം പൊതുജനങ്ങളിലേക്ക് നേരിട്ട് എത്തിക്കാൻ ഇതിലൂടെ കഴിയുന്നു. QKopy വികസിപ്പിച്ചെടുത്ത ഈ ആപ്പ് സ്മാർട്ട് ഫോൺ ഉള്ളവര്‍ക്ക് മാത്രമല്ല സാധാരണ മൊബൈൽ ഉപയോഗിക്കുന്നവര്‍ക്കും എസ്എംഎസ് സേവനത്തിലൂടെ സന്ദേശങ്ങള്‍ കൈമാറുന്നു. മലയാളത്തിന്‌ പുറമെ ഇംഗ്ലീഷിലും വിവരങ്ങൾ ലഭ്യമാണ് എന്നതാണ്‌ ഈ ആപ്പിന്റെ സ്വീകാര്യത വർദ്ധിപ്പിക്കുന്ന ഘടകം. മാർച്ച് 12ന് മുഖ്യമന്ത്രി പിണറായി വിജയനാണ് ആപ്പ് ലോഞ്ച് ചെയ്തത്. പത്തു ലക്ഷത്തോളം പേർ ഇതിനകം അപ്പ് ഡൗൺലോഡ് ചെയ്തിട്ടുണ്ട്. ഗൂഗിൾ പ്ലേസ്റ്റോറില്യം അപ്പ് സ്റ്റോറിലും ലഭ്യമാണ്. 

പൊതുഇടങ്ങളില്‍ വൈറസ് ബാധ പടർന്നുപിടിക്കുന്നത് തടയാൻ ഒരുക്കിയ റോബോട്ടുകളുടെ സേവനമാണ് മറ്റൊന്ന്.  വിമാനത്താവളങ്ങൾ, ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ തുടങ്ങി ഓഫീസ് കെട്ടിടങ്ങളില്‍ വരെ ഉപയോഗിക്കാവുന്ന റോബോട്ടുകളെ ആണ് അസിമോവ് റോബോട്ടിക്സ് എന്ന സ്റ്റാർട്ടപ്പ് കമ്പനി രംഗത്തിറക്കിയത്. സാനിറ്റൈസർ നൽകാനും പൊതുജനാരോഗ്യം സംബന്ധിച്ച് സന്ദേശങ്ങൾ നൽകാനും ഈ റോബോട്ടുകൾക്ക് കഴിയും. കോവിഡ് പ്രതിരോധത്തിനായി മെഡിക്കൽ ഉപകരണങ്ങൾ വികസിപ്പിക്കുന്നതിന് ‘ബ്രെത്ത് ഓഫ് ഹോപ്പ്’ എന്ന പേരിൽ സ്റ്റാർട്ടപ്പ് മിഷൻ്റെ കീഴിൽ ഐടി വിദഗ്ധർ, ബയോ മെഡിക്കൽ എൻജിനീയർമാർ, ഡോക്ടർമാർ തുടങ്ങിയവരുടെ ടീം രൂപീകരിച്ചതും ലേഖനം പരാമർശിക്കുന്നു.

കോവിഡ് പോരാട്ടത്തിലും അതിനുശേഷം സാമ്പത്തികമായ കരകയറ്റത്തിനും ഇത്തരം സംരംഭകരുടെ സേവനം ഇന്ത്യക്ക് കരുത്ത് പകരുമെന്ന് വേള്‍ഡ് എക്കണോമിക് ഫോറം വിലയിരുത്തുന്നു. 

Spread the love

Leave a Reply

Your email address will not be published. Required fields are marked *