മലപ്പുറം : വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനെത്തുന്ന മുതിർന്ന പൗരന്മാർക്ക് പോളിങ് ബൂത്തിൽ പ്രത്യേക സൗകര്യമൊരുക്കുമെന്ന് ജില്ലാ കളക്ടർ വി.ആർ വിനോദ്. കേരള സമൂഹ്യ സുരക്ഷാ മിഷൻ വയോമിത്രം പദ്ധതിയുമായി ബന്ധപ്പെട്ട് ജില്ലാ, താലൂക്ക് തെരഞ്ഞെടുപ്പ് വിഭാഗവുമായി സഹകരിച്ച് മുതിർന്ന പൗരന്മാർക്കായി നടത്തിയ വോട്ടിങ് അവബോധ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മുതിർന്ന പൗരന്മാർക്ക് പോളിങ് ബൂത്തുകളിൽ ഇരിക്കുന്നതിനുള്ള സൗകര്യമൊരുക്കും. മുതിർന്ന അംഗങ്ങൾക്ക് ക്യൂ നിൽക്കാതെ തന്നെ വോട്ടവകാശം വിനിയോഗിക്കാം. എല്ലാവരും വോട്ടവകാശം ഉപയോഗിക്കണം. 85 വയസ് പിന്നിട്ടവർക്ക് വീട്ടിൽനിന്ന് വോട്ട് ചെയ്യുന്നതിനുള്ള സൗകര്യമൊരുക്കുമെന്നും പോളിങ് സ്റ്റേഷനിൽ വീൽചെയർ ആവശ്യമുള്ളവർക്ക് അതിനുള്ള സൗകര്യമൊരുക്കുമെന്നും കളക്ടർ കൂട്ടിച്ചേർത്തു.  
പരിപാടിയിൽ മുതിർന്ന അംഗങ്ങളുടെ വിവിധ ചോദ്യങ്ങൾക്ക് കളക്ടർ മറുപടി പറഞ്ഞു. സീനിയർ സൂപ്രണ്ടും മാസ്റ്റർ ട്രെയ്നറുമായ കെ.പി അൻസു ബാബു, ഇലക്‍ഷൻ ഡെപ്യൂട്ടി കളക്ടർ എസ്. ബിന്ദു, കേരള സാമൂഹ്യ സുരക്ഷാ മിഷൻ ജില്ലാ കോ ഓര്‍ഡിനേറ്റർ ജിഷോ, വയോമിത്രം കോഡിനേറ്റർ സാജിത, ഏറനാട് ഡെപ്യൂട്ടി തഹസിൽദാർ അഹമ്മദ് മുസ്തഫ കൂത്രാടൻ, ഹെഡ് ക്ലാർക്ക് ടി.പി സജീഷ്, വയോമിത്രം മെഡിക്കൽ ഓഫീസർ ഡോ. ഫഹദ് സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here