ആലപ്പുഴ: പുഞ്ചക്കൊയ്ത്തിന് സമയബന്ധിതമായി പ്രവർത്തന ക്ഷമതയുള്ള കൊയ്ത്ത് മെതിയന്ത്രങ്ങളുടെ ലഭ്യത ഉറപ്പു വരുത്തുന്നതിന് പഞ്ചായത്തുതല അവലോകന സമിതിയെ ചുമതലപ്പെടുത്തി. ജില്ലാ കളക്ടർ ജോൺ വി സാമുവലിന്റെ അധ്യക്ഷതയിൽ ചേർന്ന പുഞ്ചക്കൊയ്ത് അവലോകന യോഗത്തിലാണ് തീരുമാനം. 
കൊയ്ത്ത് മെതിയന്ത്രങ്ങളുടെ പ്രവർത്തന ലഭ്യത ഉറപ്പാക്കാൻ കൃഷി എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ ( കാർഷിക യന്ത്രവൽക്കരണ മിഷൻ) നേതൃത്വത്തിലുള്ള ടെക്നിക്കൽ കമ്മിറ്റിയെ ചുമതലപ്പെടുത്തി. അഞ്ച് ശതമാനത്തിലേറെ വിളവ് നഷ്ടപ്പെടാതെയും മൂന്നു ശതമാനത്തിലേറെ ധാന്യത്തിന് കേടുപാടുകൾ സംഭവിക്കാതെയും നെല്ല് കൊയ്തു നൽകുന്നതിന് കൊയ്ത്ത് യന്ത്രത്തിന്റെ ഏജന്റുമാർ/ഉടമകളു മായി കരാർ വച്ച് പാടശേഖര സമിതികൾ കൊയ്ത് സമയബന്ധിതമായി നടത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കും. കൊയ്ത്ത് യന്ത്രത്തിന്റെ ടാങ്ക് നിറയാൻ എടുക്കുന്ന സമയം 21 മിനിട്ടിൽ കൂടരുത്.
കരപ്പാടങ്ങളിൽ കൊയ്ത്ത് യന്ത്രത്തിന്റെ പരാവധി വാടക 2000 രൂപയായും കായൽ നിലങ്ങളിൽ പരമാവധി 2100 രൂപയായും നിജപ്പെടുത്തി. നെല്ല് സംഭരണം സംബന്ധിച്ച് മാർച്ച് നാലിന് ഡോ.എം.എസ് സ്വാമിനാഥൻ ഗവേഷണ കേന്ദ്രത്തിൽ കൃഷിമന്ത്രി പി.പ്രസാദ്, സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ.അനിൽ എന്നിവർ നൽകിയ നിർദ്ദേശങ്ങൾ കൃത്യമായി നടപ്പാക്കുന്നതിന് പാഡി മാർക്കറ്റിംഗ് ഓഫീസറെ ചുമതലപ്പെടുത്തി. നെല്ല് ചാക്കിൽ നിറയ്ക്കുന്നതിനും ചുമന്നുവാഹനത്തിൽ കയറ്റുന്നതിനും കുട്ടനാട് കാർഷിക മേഖല വ്യവസായ ബന്ധ സമിതി നിശ്ചയിച്ച തുകയിൽ അധികരിക്കാതെ വേതനം നൽകാനും യോഗം തീരുമാനിച്ചു. ജില്ലാ പഞ്ചായത്ത്  മിനി ഹാളിൽ ചേർന്ന യോഗത്തിൽ കൃഷിവകുപ്പ്  ഉദ്യോഗസ്ഥർ, കർഷകർ തുടങ്ങിയവർ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here