മുട്ടപ്പള്ളിയിൽ സംസ്കരിച്ച വയോധികയുടെ മൃതദേഹം ഇന്ന് പുറത്തെടുത്ത് പരിശോധിക്കും
മുക്കൂട്ടുതറ: മുട്ടപ്പള്ളിയിൽ എട്ട് മാസം മുമ്പ് കല്ലറയിൽ സംസ്കരിച്ച വയോധികയുടെ മൃതദേഹം ഇന്ന് പുറത്തെടുത്ത് പരിശോധന നടത്താൻ പോലീസ് ഒരുങ്ങുന്നു. തീപ്പൊള്ളലേറ്റ നിലയിൽ ചികിത്സയിൽ കഴിഞ്ഞതിനിടെ കഴിഞ്ഞ വർഷം നവംബർ 27 ന് മരണപ്പെട്ട മുട്ടപ്പള്ളി കുളത്തുങ്കൽ വീട്ടിൽ മാർത്ത മോശ (83) യുടെ മൃതദേഹമാണ് ഇന്ന് കല്ലറ തുറന്ന് പുറത്തെടുത്ത് സാമ്പിൾ ശേഖരിക്കുന്നതിനായി പരിശോധന നടത്തുക.
കാസർഗോഡ് സ്വദേശിനിയായ ഇളയ മകൾ ബേബിക്കുട്ടിയുടെ പരാതിയിൽ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ നടത്തുന്ന അന്വേഷണത്തിന്റെ ഭാഗമായാണ് പരിശോധന. ഇന്ന് രാവിലെ പത്തിന് കാഞ്ഞിരപ്പള്ളി തഹസിൽദാർ, കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി എന്നിവരുടെ മേൽനോട്ടത്തിൽ പോലീസ് ഫോറൻസിക് സർജന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തുക.
മുട്ടപ്പള്ളി സിഎംഎസ് പള്ളിയിലെ കല്ലറയിലാണ് എട്ട് മാസം മുമ്പ് മൃതദേഹം സംസ്കരിച്ചത്. അതേസമയം അമ്മയുടെ മരണത്തിൽ ദുരൂഹത ഉണ്ടെന്ന മകളുടെ പരാതിയിൽ പോലീസിന്റെ അന്വേഷണത്തിന്റെ ഭാഗമായാണ് മൃതദേഹം പുറത്തെടുത്ത് പരിശോധിക്കുന്നതെങ്കിലും സ്വത്ത് തർക്കവുമുണ്ടെന്ന് പറയുന്നു. ചട്ടയും മുണ്ടും വേഷം പതിവാക്കിയിരുന്ന വയോധികയ്ക്ക് നെരിപ്പോടിൽ നിന്നും തീ കായുന്ന ശീലമുണ്ടായിരുന്ന. തീ കാഞ്ഞുകൊണ്ടിരിക്കെ മേൽമുണ്ടിൽ തീ പടർന്നാണ് പൊള്ളലേറ്റതെന്നും കോട്ടയം മെഡിക്കൽ കോളജിയിൽ ചികിത്സയിലായിരുന്നെന്നും രണ്ട് മാസത്തിന് ശേഷം മരണപ്പെടുകയായിരുന്നെന്നും പറയുന്നു. മരണപ്പെട്ട വയോധികയ്ക്ക് ഒരു ആണും നാല് പെണ്മക്കളും ഉൾപ്പടെ അഞ്ച് മക്കളാണ് ഉള്ളത്. വയോധികയും ഭർത്താവും മകനോടൊപ്പം കുടുംബ വീട്ടിലാണ് കഴിഞ്ഞിരുന്നത്. ഇളയ മകൾ കാസർഗോഡ് ആണ് താമസം. മറ്റൊരു മകൾ കഴിഞ്ഞയിടെ കോവിഡ് മൂലം മരണപ്പെട്ടിരുന്നു.
വയോധികയുടെ മകൻ വിദേശത്തായിരുന്നപ്പോൾ കാസർഗോഡുള്ള ഇളയ സഹോദരി മുട്ടപ്പള്ളിയിലെത്തി ഒമ്പത് സെന്റ് സ്ഥലം ഉൾപ്പെട്ട കുടുംബ വീട് സ്വന്തം പേരിൽ പ്രമാണം ചെയ്തെന്നും തുടർന്ന് ഈ സ്വത്ത് വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് കേസ് നൽകിയിരുന്നെന്നും പറയുന്നു. സ്ഥലം വിട്ടു നൽകാൻ സഹോദരൻ തയാറായിരുന്നില്ല. വയോധികയ്ക്ക് 92 വയസുണ്ടെന്നാണ് മകൻ പറയുന്നത്. എന്നാൽ 83 വയസാണെന്ന് ഇളയ മകളുടെ പരാതിയിൽ പറയുന്നു. വയോധികയുടെ മരണത്തിൽ ദുരൂഹത ഉണ്ടെന്നുള്ള ഇളയ മകളുടെ പരാതിയിൽ വാസ്തവം ഉണ്ടോയെന്ന് ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് മൃതദേഹം പുറത്തെടുത്ത് വിദഗ്ധ പരിശോധനയ്ക്കായി സാമ്പിൾ ശേഖരിക്കുന്നതെന്ന് പോലീസ് പറഞ്ഞു.