കൂപ്പർസിറ്റി സഹകരണം: ഭരണങ്ങാനം പഞ്ചായത്തും പ്രഖ്യാപനം നടത്തി

ഭരണങ്ങാനം: അമേരിക്കയിലെ ഫ്‌ളോറിഡാ സംസ്ഥാനത്തെ കൂപ്പർസിറ്റി മുനിസിപ്പാലിറ്റിയുമായിമുള്ള സൗഹൃദ പങ്കാളിത്ത പ്രഖ്യാപനം കേരളത്തിലെ അന്തർദ്ദേശീയ തീർത്ഥാടന കേന്ദ്രമായ ഭരണങ്ങാനം പഞ്ചായത്തും നടത്തി. ഏപ്രിൽ 26 ന് ഉടമ്പടി പ്രഖ്യാപനം കൂപ്പർസിറ്റിയിൽ വൈസ് മേയർ ഗ്രേഗ് റോസ് സൗഹൃദ പ്രഖ്യാപനം നടത്തിയതിൻ്റെ തുടർച്ചയായിട്ടാണ് ഭരണങ്ങാനത്തെ ഔദ്യോഗിക പ്രഖ്യാപനം. ഇതോടെ സൗഹൃദ പങ്കാളിത്ത ഉടമ്പടി പ്രാബല്യത്തിൽ വന്നു.

ഭരണങ്ങാനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ലിസി സണ്ണിയാണ് പ്രഖ്യാപനം നിർവ്വഹിച്ചത്. കൂപ്പർസിറ്റി പ്രഖ്യാപനത്തിൻ്റെ ഔദ്യോഗിക രേഖ കൂപ്പർസിറ്റി നോമിനിയും ഫ്ളോറിഡാ നിവാസിയും ഭരണങ്ങാനം സ്വദേശിയുമായ അഡ്വ ജോയി കുറ്റിയാനി പഞ്ചായത്ത് പ്രസിഡൻ്റ് ലിസി സണ്ണിക്ക് കൈമാറി. ഭരണങ്ങാനത്തെ പ്രഖ്യാപനരേഖ കൂപ്പർ സിറ്റിക്കു കൈമാറാനായി ജോയി കുറ്റിയാനിക്കു പഞ്ചായത്ത് പ്രസിഡൻ്റ് ലിസി സണ്ണി കൈമാറി.

അമേരിക്കയിലെ ഒരു നഗരവുമായി കേരളത്തിലെ ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനം ആദ്യമായിട്ടാണ് ഇത്തരത്തിലൊരു സൗഹൃദ ഉടമ്പടി പ്രഖ്യപിക്കുന്നത്.

കൂപ്പർസിറ്റി നഗരസഭയുടെ ഇൻ്റർ നാഷണൽ ഫ്രണ്ട്ഷിപ്പ് പ്രോഗ്രാം വഴിയാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. സാംസ്കാരികം, അന്തർദ്ദേശീയ വിദ്യാഭ്യാസം, ടൂറിസം, വിവരസാങ്കേതികം, വ്യാപാരം, മാലിന്യ സംസ്ക്കരണം തുടങ്ങിയ മേഖലകളിൽ ആഗോള ബന്ധങ്ങൾ സൃഷ്ടിക്കാൻ പദ്ധതി സഹായിക്കും. കല – കമ്മ്യൂണിറ്റി വികസനം തുടങ്ങിയവ ഇരുകൂട്ടർക്കും പ്രാദേശിക തലത്തിൽ നടപ്പാക്കാനും പദ്ധതി പ്രയോജനപ്പെടും. ഇരു സ്ഥാപനങ്ങൾക്കും സാമ്പത്തിക ബാധ്യത ഇല്ലാതെയും ഇടനിലക്കാരില്ലാതെയും നേരിട്ടാണ് പദ്ധതികൾ നടപ്പാക്കുന്നത്.

യോഗത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് വിനോദ് ചെറിയാൻ വേരനാനി അധ്യക്ഷത വഹിച്ചു. സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാന്മാരായ ലിൻസി സണ്ണി, അനുമോൾ മാത്യു, പഞ്ചായത്ത് മെമ്പർമാരായ ബീന ടോമി, എൽസമ്മ ജോർജ്കുട്ടി, സോഫി സണ്ണി, ബിജു എൻ എം, റെജി വടക്കേമേച്ചേരി, സുധ ഷാജി, ജോസുകുട്ടി അമ്പലമറ്റം, ജെസി ജോസ്, രാഹുൽ ജി കൃഷ്ണൻ, സെക്രട്ടറി സജിത്ത് മാത്യൂസ് എന്നിവർ പ്രസംഗിച്ചു. വ്യവസായികൾ, വിദ്യാഭ്യാസ മേഖലയിലെ തലവന്മാർ, ബാങ്ക് ഉദ്യോഗസ്ഥർ, സാമൂഹ്യ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു. സൗഹൃദ പങ്കാളിത്ത കരാറിൽ ഏർപ്പെട്ട ഭരണങ്ങാനം ഗ്രാമ പഞ്ചായത്തിനെയും കൂപ്പർ സിറ്റിയെയും മാണി സി കാപ്പൻ എം എൽ എ അഭിനന്ദിച്ചു. ഉടമ്പടി ഗുണകരമാകട്ടെയെന്നും എം എൽ എ ആശംസിച്ചു.

ഫോട്ടോ അടിക്കുറിപ്പ്

  1. അമേരിക്കയിലെ കൂപ്പർസിറ്റിയുമായിയുള്ള സൗഹൃദ പങ്കാളിത്ത ഉടമ്പടി പ്രഖ്യാപനം ഭരണങ്ങാനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ലിസി സണ്ണി നടത്തുന്നു. ജോയി കുറ്റിയാനി, സജിത്ത് മാത്യൂസ്, വിനോദ് ചെറിയാൻ എന്നിവർ സമീപം.
  2. അമേരിക്കയിലെ കൂപ്പർസിറ്റിയുമായിയുള്ള സൗഹൃദ പങ്കാളിത്ത ഉടമ്പടി പ്രഖ്യാപനരേഖ അമേരിക്കയിലെ കൂപ്പർസിറ്റി പ്രതിനിധി ജോയി കുറ്റിയാനിക്കു ഭരണങ്ങാനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ലിസ്സി സണ്ണി കൈമാറുന്നു.
Spread the love

Leave a Reply

Your email address will not be published.

You may have missed

Translate »