പാലക്കാട്: ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ(ആരോഗ്യം) ആഭിമുഖ്യത്തില്‍ കാന്‍സര്‍, മന്ത്, കുഷ്ഠരോഗം എന്നിവയുടെ നിവാരണവുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്രയുടെ നേതൃത്വത്തില്‍ വിവിധ വകുപ്പ് മേധാവികളുടെ അവലോകനയോഗം ചേര്‍ന്നു. കാന്‍സര്‍, മന്ത്, കുഷ്ഠരോഗം പ്രതിരോധവുമായി ബന്ധപ്പെട്ട് ജനുവരി മുതല്‍ സംഘടിപ്പിക്കുന്ന പരിരക്ഷ, എം.ഡി.എ, ആപ് കെ സാത്ത് ക്യാമ്പയിനുകളില്‍ എല്ലാ വകുപ്പുകളുടെയും ഏകോപനവും കൃത്യമായ പ്രചാരണവും ഉണ്ടായിരിക്കണമെന്ന് ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു. ക്യാന്‍സര്‍ സ്‌ക്രീനിങ് ക്യാമ്പയിനായ ‘പരിരക്ഷ’ ജനുവരി 22 മുതല്‍ 30 വരെയും ദേശീയ മന്ത് രോഗ നിവാരണ സാമൂഹ ചികിത്സ ക്യമ്പയിന്‍ ‘എം.ഡി.എ’ ഫെബ്രുവരി 10 മുതല്‍ 12 വരെയും അതിഥി തൊഴിലാളികള്‍ക്കായുള്ള ലെപ്രസി അഥവാ കുഷ്ഠരോഗ നിവാരണ ക്യാമ്പയിന്‍ ‘ആപ് കെ സാത്ത്’ ജനുവരി 30 മുതല്‍ ഫെബ്രുവരി 13 വരെയുമാണ് സംഘടിപ്പിക്കുന്നത്.
ക്യാമ്പയിന്‍  സംബന്ധിച്ച് ഫീല്‍ഡ് സ്റ്റാഫുകളുടെ യോഗം വിളിച്ച് നിര്‍ദേശങ്ങള്‍ നല്‍കണമെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. പരിരക്ഷ പരിപാടിയുടെ ഭാഗമായി ശൈലി ആപ്പില്‍ രജിസ്റ്റര്‍ ചെയ്തവരുടെ ചികിത്സ, തുടര്‍ചികിത്സ തുടങ്ങിയവ സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ എടുക്കണം. ആപ് കെ സാത്ത് ക്യാമ്പയിനുമായി ബന്ധപ്പെട്ട് കിഫ് പോലുള്ള തൊഴിലുടമകളുടെ സംഘടനകളുമായി ബന്ധപ്പെടണം. എം.ഡി.എ ക്യാമ്പയിനില്‍ നെന്മാറ, പറമ്പിക്കുളം വനം വകുപ്പിന് നിര്‍ദ്ദേശം നല്‍കണം. മെഡിക്കല്‍ ഓഫീസര്‍മാരുടെ ഏകോപനം ഉണ്ടായിരിക്കണമെന്നും എല്ലാവരും മരുന്ന് കഴിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു. പഞ്ചായത്ത് സെക്രട്ടറിമാര്‍ ഫീല്‍ഡ് ഓഫീസര്‍മാര്‍ക്ക് കൃത്യമായ നിര്‍ദേശം നല്‍കണം.
ചികിത്സയ്ക്ക് രജിസ്റ്റര്‍ ചെയ്തവരുടെയും ചികിത്സ നേടിയവരുടെയും പോസിറ്റീവ് കേസുകളുടെയുമെല്ലാം വിവരങ്ങള്‍ എടുത്ത് സമര്‍പ്പിക്കണമെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. വിവിധ വകുപ്പുകളുടെ സഹകരണത്തോടെ പ്രതിരോധം ഊര്‍ജിതമാക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ കെ.ആര്‍ വിദ്യ പറഞ്ഞു. ജില്ലാ മലേറിയ ഓഫീസര്‍ ഇന്‍ചാര്‍ജും ബയോളജിസ്റ്റുമായ പി. ബിനുക്കുട്ടന്‍, ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ. എ.വി മണികണ്ഠന്‍, ജില്ലാ ലെപ്രസി ഓഫീസര്‍ ഇന്‍ ചാര്‍ജ് ഡോ. പ്രത്യുഷ ജോ എന്നിവര്‍ മൂന്ന് ക്യാമ്പയിനുകളുടെ വിഷയാവതരണം നടത്തി.

കാന്‍സര്‍ പ്രതിരോധത്തിന് പരിരക്ഷ

ജില്ലയില്‍ കാന്‍സര്‍ പ്രതിരോധത്തിനായി പരിരക്ഷാ കാന്‍സര്‍ സ്‌ക്രീനിങ് ക്യാമ്പയിന്‍ ജനുവരി 22 മുതല്‍ 30 വരെ സംഘടിപ്പിക്കും. ജില്ലയിലെ മുഴുവന്‍ ജനങ്ങളെയും കാന്‍സര്‍ ലക്ഷണത്തെക്കുറിച്ച് ബോധവത്ക്കരിച്ച് ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ആരോഗ്യ കേന്ദ്രത്തില്‍ എത്തിച്ച്, രോഗ സ്ഥിരീകരണം നടത്തി, ചികിത്സ ഉറപ്പാക്കുന്ന നൂതന ക്യാമ്പയിനാണ് പരിരക്ഷ.
പരിശീലനം ലഭിച്ച ജെ.എച്ച്.ഐ, ജെ.പി.എച്ച്.ഐ, എം.എല്‍.എസ്.പി, ആശ എന്നീ ഫീല്‍ഡ് തല ആരോഗ്യ പ്രവര്‍ത്തകരാണ് പൊതുജനങ്ങള്‍ക്ക് ബോധവത്ക്കരണം നല്‍കുക. കാന്‍സര്‍ രോഗലക്ഷണങ്ങള്‍ ഉള്ളവരുടെ പട്ടിക ശൈലി ആപ്പില്‍നിന്നും ആശമാര്‍ നേരിട്ട് ഡൗണ്‍ലോഡ് ചെയ്യുകയോ അല്ലെങ്കില്‍ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നേഴ്‌സുമാര്‍ അവരുടെ ശൈലി പോര്‍ട്ടലുകളില്‍നിന്നും അത് ഡൗണ്‍ലോഡ് ചെയ്ത് ആശമാര്‍ക്ക് നല്‍കുകയോ ചെയ്യും.
ശൈലി ആപ്പിലൂടെയും ഫീല്‍ഡ് തല സ്‌ക്രീനിങ് ക്യാമ്പയിനിലൂടെയും കാന്‍സര്‍ ലക്ഷണങ്ങള്‍ ഉണ്ടെന്ന് കണ്ടെത്തിയവര്‍ തൊട്ടടുത്തുള്ള ആരോഗ്യ കേന്ദ്രത്തില്‍ എത്തിയെന്ന് ജെ.പി.എച്ച്.ഐ ഉറപ്പുവരുത്തും. തുടര്‍ന്ന് മെഡിക്കല്‍ ഓഫീസര്‍ പരിശോധിച്ച ആവശ്യമെങ്കില്‍ വിദഗ്ധ പരിശോധനക്കും ചികിത്സയ്ക്കുമായി ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലേക്കോ ജില്ലാ ആശുപത്രിയിലേക്കോ റഫര്‍ ചെയ്യും.

അതിഥി തൊഴിലാളികള്‍ക്കായി ആപ് കെ സാത്ത് കുഷ്ഠരോഗ ക്യാമ്പയിന്‍

ജില്ലയിലെ അതിഥി തൊഴിലാളികള്‍ക്കായി ജനുവരി 30 മുതല്‍ ഫെബ്രുവരി 13 വരെ ആപ് കെ സാത്ത് ലെപ്രസി അഥവാ കുഷ്ഠരോഗ നിവാരണ ക്യാമ്പയിന്‍ സംഘടിപ്പിക്കും. ജില്ലയിലെ അതിഥി തൊഴിലാളികളെ ദേഹപരിശോധന നടത്തി ശരീരത്തില്‍ കാണുന്ന ലക്ഷണങ്ങള്‍ വിദഗ്ധ പരിശോധനക്ക് വിധേയമാക്കി ലാബ് പരിശോധനയിലൂടെ കുഷ്ഠരോഗം വിലയിരുത്തി എം.ഡി.ടി ചികിത്സ സമ്പ്രദായത്തിലൂടെ പരിപൂര്‍ണമായും ഭേദമാക്കുന്ന ആരോഗ്യവകുപ്പിന്റെ നൂതന ക്യാമ്പയിനാണ് ആപ് കെ സാത്ത്.
2027-ഓടുകൂടി കുഷ്ഠരോഗം ഇല്ലാതാക്കുന്നതിന്റെ ഭാഗമായി രോഗപ്പകര്‍ച്ച ഇല്ലാതാക്കുക, വൈകല്യം തടയുന്നതിനായി പ്രാരംഭഘട്ടത്തില്‍ തന്നെ രോഗം കണ്ടെത്തുക, മറ്റു രോഗങ്ങളെ പോലെ തന്നെയുള്ള ബാക്ടീരിയല്‍ രോഗമാണിതെന്ന തിരിച്ചറിവ് നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. പരിശീലനം ലഭിച്ച ജെ.എച്ച്.ഐ, ജെ.പി.എച്ച്.എന്‍, എം.എല്‍.എസ്.പി എന്നിവരടങ്ങുന്ന ടീം എച്ച്.ഐയുടെ നേതൃത്വത്തിലായിരിക്കും സ്‌ക്രീനിങ് നടത്തുക.

ദേശീയ മന്ത് രോഗനിവാരണ സമൂഹ ചികിത്സ ക്യാമ്പയിന്‍

ജില്ലയില്‍ മന്ത് രോഗനിവാരണത്തിനായി ഫെബ്രുവരി 10 മുതല്‍ 12 വരെ എം.ഡി.എ. അഥവാ സമൂഹ ചികിത്സ ക്യാമ്പയിന്‍ സംഘടിപ്പിക്കും. മന്ത് രോഗത്തിന് കാരണമാകുന്ന മൈക്രോഫൈലേറിയ വിരകളില്‍ ഗുളിക നല്‍കി സാന്ദ്രത കുറച്ച് സമൂഹത്തില്‍ രോഗസംക്രമണം തടയുന്നതിനായുള്ള ക്യാമ്പയിനാണ് എം.ഡി.എ അഥവാ സമൂഹ ചികിത്സ ക്യാമ്പയിന്‍. ജില്ലയില്‍ കോങ്ങാട്, കുഴല്‍മന്ദം, പറളി, പഴമ്പാലക്കോട്, വടക്കഞ്ചേരി എന്നീ അഞ്ച് ഹെല്‍ത്ത് ബ്ലോക്കുകളിലാണ് എം.ഡി.എ നടത്തുന്നത്. ഫെബ്രുവരി 10 ന് എം.ഡി.എയും 11, 12 തീയതികളില്‍ മോപ് അപ്പ് റൗണ്ട്‌സുമായാണ് ക്യാമ്പയിന്‍ നടത്തുന്നത്.
എം.ഡി.എയുടെ ഭാഗമായി ഫൈലേറിയ വിരകള്‍ നശിപ്പിക്കുന്നതിനായി ഒരു ആല്‍ബന്‍ഡസോള്‍ ഗുളികയും മൈക്രോഫൈലേറിയ നശിപ്പിക്കുന്നതിനായി ഡി.ഇ.സി ഗുളികയും കഴിക്കണം. രണ്ടു വയസില്‍ താഴെയുള്ള കുട്ടികള്‍, ഗര്‍ഭിണികള്‍, കാന്‍സര്‍, വൃക്കരോഗങ്ങള്‍ തുടങ്ങിയ ഗുരുതര രോഗങ്ങളുള്ളവര്‍ ഒഴികെ എല്ലാവരും ഗുളിക കഴിക്കണം. മൈക്രോഫൈലേറിയ വിരകളുടെ സാന്നിധ്യം മനസിലാക്കുന്നതിന് 2023-ല്‍ നടത്തിയ മൈക്രോഫൈലേറിയ അസസ്‌മെന്റ് സര്‍വെ, പ്രീ-ടി.എ.എസ് സര്‍വേകളില്‍ ഈ അഞ്ച് ഹെല്‍ത്ത് ബ്ലോക്കുകളില്‍ മൈക്രോഫൈലേറിയയുടെ സാന്നിധ്യം ഒരു ശതമാനത്തില്‍ കൂടുതലാണ് കണ്ടെത്തിയിട്ടുണ്ട്.
കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ഡെപ്യൂട്ടി ജില്ലാ എഡ്യുക്കേഷണല്‍ മീഡിയ ഓഫീസര്‍ ആല്‍ജോ സി. ചെറിയാന്‍, വിവിധ വകുപ്പ് മേധാവികള്‍, മറ്റ് ഉദ്യോഗസ്ഥര്‍, വകുപ്പ് പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here