പാലക്കാട്: പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന സവിശേഷ പ്രതിഭാ പോഷണ പരിപാടി ഗിഫ്റ്റഡ് ചില്‍ഡ്രന്‍ പ്രോഗ്രാമിന്റെ ഭാഗമായി സംസ്ഥാനതല പ്രതിഭാസംഗമം പാലക്കാട് ഐ.ആര്‍.ടി.സിയില്‍ ആരംഭിച്ചു. വിവിധ ജില്ലകളില്‍നിന്നായി തെരഞ്ഞെടുത്ത 56 വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുന്നുണ്ട്. ഇന്ന് (ജനുവരി 17) രാവിലെ എട്ടിന് ആദ്യ സെഷനില്‍ പാലക്കാട് കോട്ട സന്ദര്‍ശനവും ചരിത്രാന്വേഷണവും നടക്കും. ഡി.ടി.പി.സി മുന്‍ സെക്രട്ടറി പി. മധു, പാലക്കാട് ഗിഫ്റ്റഡ് ചില്‍ഡ്രണ്‍ പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ സി. പ്രീത എന്നിവര്‍ പങ്കെടുക്കും. രാവിലെ 10 ന് ഐ.ഐ.ടി പാലക്കാട് സന്ദര്‍ശനം, ശാസ്ത്ര സാങ്കേതിക മുന്നേറ്റം ചില നേരറിവുകള്‍ എന്നീ പരിപാടികള്‍ നടക്കും. ഐ.ഐ.ടി പാലക്കാട് ഭൗതികശാസ്ത്ര വിഭാഗം മേധാവി ഡോ. കെ. ജയകുമാര്‍ പങ്കെടുക്കും.
ഉച്ചയ്ക്ക് 2.30 ന് ഒ.വി വിജയന്‍ സ്മാരകം മാനേജര്‍ സി. അരവിന്ദാക്ഷന്‍, കാസര്‍ഗോഡ് ഗിഫ്റ്റഡ് ചില്‍ഡ്രണ്‍ പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ഡോ. പി.കെ ജയരാജന്‍ എന്നിവര്‍ പങ്കെടുക്കുന്ന ഒ.വി വിജയന്‍ സ്മാരക സന്ദര്‍ശനം, ഡോക്യുമെന്ററി, കഥാചര്‍ച്ച എന്നിവ നടക്കും. വൈകിട്ട് 4.45 മുതല്‍ കല്‍പ്പാത്തി പൈതൃക ഗ്രാമസന്ദര്‍ശനം നടക്കും. കഥാകൃത്തും എഴുത്തുകാരനുമായ ടി.കെ ശങ്കരനാരായണന്‍, പി.സി കൃഷ്ണന്‍ എന്നിവര്‍ പങ്കെടുക്കും. രാത്രി ഏഴിന് സര്‍ഗവേളയും നടക്കും. പ്രതിഭാസംഗമം ജനുവരി 19 ന് സമാപിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here