കെപിസിസി ഭാരവാഹി പട്ടിക നാളെ പ്രഖ്യാപിക്കും ,കോട്ടയത്തു നിന്നും പി എ സലിം ,ജോസി സെബാസ്റ്റ്യൻ ,വി പി സജീന്ദ്രൻ

ന്യൂഡൽഹി :ഭാരവാഹികൾ അടക്കം 51 അംഗ നിർവാഹകസമിതി എന്നത് തീർപ്പാക്കി പുതിയ കെ പി സി സി പട്ടിക നാളെ വന്നേക്കും .നിശ്ചയിച്ച മാനദണ്ഡങ്ങളിൽ ഇളവുകളനുവദിക്കാതെയുള്ള പട്ടിക ബീഹാർ സന്ദർശനം കഴിഞ്ഞു എത്തുന്ന കേരള ചുമതലയുള്ള എ ഐ സി സി ജനറൽ സെക്രട്ടറി താരിഖ് അൻവർ സോണിയക്ക് കൈമാറും .സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ആണ് കെ പി സി സി ഭാരവാഹികളെ പ്രഖ്യാപിക്കുക. സ്ഥാനമൊഴിഞ്ഞ 14 ഡിസിസി പ്രസിഡന്റുമാരെയും നിർവാഹകസമിതിയിൽ പ്രത്യേക ക്ഷണിതാക്കളായി ഉൾപ്പെടുത്താനാണു പുതിയ ധാരണ.  പ്രസിഡന്റ് കെ.സുധാകരനാണ്  പട്ടിക ഹൈക്കമാൻഡിനു സമർപ്പിച്ചത് . പട്ടികയ്ക്ക് കോൺഗ്രസ് ഹൈക്കമാൻഡ് ഉടൻ അംഗീകാരം നൽകും. സംസ്ഥാനത്തു ചർച്ചകൾ പൂർത്തിയാക്കി തയാറാക്കിയ പട്ടികയിൽ ഹൈക്കമാൻഡ് മാറ്റങ്ങൾ വരുത്തില്ലെന്നു പാർട്ടി വൃത്തങ്ങൾ അറിയിച്ചു. 15 ജനറൽ സെക്രട്ടറിമാർ മതിയെന്ന ധാരണയിൽ മാറ്റം വരുത്തി . വനിതാ പ്രാതിനിധ്യം ഉറപ്പിക്കാനായി ഒരു വനിതാ വൈസ് പ്രസിഡന്റിനെയും 3 ജനറൽ സെക്രട്ടറിമാരെയും ഉൾപ്പെടുത്തി. ഇതോടെ പ്രസിഡന്റ്, വർക്കിങ് പ്രസിഡന്റ് എന്നിവരടക്കം 26 പേരായിരിക്കും ആകെ ഭാരവാഹികൾ. നേരത്തെ 23 ഭാരവാഹികളും 28 നിർവാഹകസമിതി അംഗങ്ങളും എന്നതായിരുന്നു ധാരണ. ഇതോടെ നിർവാഹകസമിതി അംഗങ്ങളുടെ എണ്ണം 25 ആകും.പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും കെ.സുധാകരനും  ആലോചിച്ചാണു പട്ടികയ്ക്ക് അന്തിമ രൂപം നൽകിയത്. മാനദണ്ഡങ്ങൾ മാറ്റണോ വേണ്ടയോ എന്ന കാര്യത്തിൽ ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല എന്നിവരുമായി ചർച്ച നടത്തി. ഇരുനേതാക്കളും നൽകിയ പട്ടികയിൽ നിന്നു ഭാരവാഹികളെ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, ആ പട്ടികയിലെ ആരൊക്കെയാണ് ഉൾക്കൊള്ളിക്കുക എന്ന കാര്യത്തിൽ തുടർചർച്ച നടന്നില്ല. ഉമ്മൻചാണ്ടിയോ താനോ ഒരു തരത്തിലുമുള്ള സമ്മർ‍ദത്തിനു ശ്രമിച്ചിട്ടില്ലെന്നു ചെന്നിത്തല പ്രതികരിച്ചു. നേരത്തെ ദീർഘകാലം കെപിസിസി ഭാരവാഹികളായിരുന്നവരെ വീണ്ടും ഭാരവാഹിത്വത്തിലേക്കു പരിഗണിക്കേണ്ടെന്ന മാനദണ്ഡത്തിൽ ഇളവു ലഭിക്കുന്ന പക്ഷം പത്മജ വേണുഗോപാലിനെ വൈസ് പ്രസിഡന്റാക്കാം. അക്കാര്യം കേന്ദ്ര നേതൃത്വവുമായി കൂടിയാലോചിക്കും. ഇളവ് അനുവദിച്ചില്ലെങ്കിൽ പത്മജയെ നിർവാഹകസമിതിയിൽ ഉൾപ്പെടുത്തും. സാധ്യതാ പട്ടിക: എ.വി.ഗോപിനാഥ്, വി.പി.സജീന്ദ്രൻ, കെ.മോഹൻകുമാർ, പത്മജ വേണുഗോപാൽ / സുമ ബാലകൃഷ്ണൻ (വൈസ് പ്രസിഡന്റുമാർ). കെ.ശിവദാസൻ നായർ, എ.എ.ഷുക്കൂർ, റോയ് കെ.പൗലോസ്, വി.ടി.ബൽറാം, അനിൽ അക്കര, പി.എം.നിയാസ്, ജ്യോതികുമാർ ചാമക്കാല, ഷാനവാസ് ഖാൻ, പഴകുളം മധു, ജോസി സെബാസ്റ്റ്യൻ, ജയ്‌സൺ ജോസഫ്, ജമാൽ മണക്കാടൻ, കെ.പി.ശ്രീകുമാർ, എം.ജെ.ജോബ്, പി.എ.സലീം, രമണി.പി.നായർ, പി.കെ.ജയലക്ഷ്മി, ഫാത്തിമ റോസ്ന (ജനറൽ സെക്രട്ടറിമാർ).കെ പി സി സി സാധ്യതാ പട്ടിക പുറത്തു വന്നതോടെ സംസ്ഥാനത്ത് കോൺഗ്രസ്സ് ക്യാമ്പുകൾ സജീവമായിരിക്കുകയാണ് .

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Translate »