കോവിഡ് ആശങ്കപ്പെടേണ്ട സാഹചര്യമില്ല : മന്ത്രി റോഷി അഗസ്റ്റിന്

0

ഇടുക്കി;ജില്ലയില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. കളക്ടറേറ്റില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയില്‍ ആവശ്യത്തിന് ഓക്സിജന്‍ ബെഡ്ഡുകളും ഐസിയു ബെഡ്ഡുകളും ഉണ്ട്. നിലവില്‍ ഓക്സിജന്‍ ക്ഷാമമില്ല. ഇടുക്കി മെഡിക്കല്‍ കോളേജ്, തൊടുപുഴ ജില്ലാ ആശുപത്രി എന്നിവിടങ്ങളില്‍ പുതിയ ഓക്സിജന്‍ പ്ലാന്റിന്റെ നിര്‍മാണം പുരോഗമിക്കുന്നു. കോവിഡ് പ്രോട്ടോകോള്‍ പാലക്കുന്നതില്‍ സ്വയം നിയന്ത്രണമാണ് പ്രധാനം. അതോടൊപ്പം രോഗസ്ഥിരീകരണ നിരക്ക് ഉയര്‍ന്ന് നില്‍ക്കുന്ന പഞ്ചായത്തുകളില്‍ കോവിഡ് ബോധവല്‍ക്കരണ വാഹന മൈക്ക് അന്നൗണ്‍സ്‌മെന്റ് നടത്തുമെന്നും മന്ത്രി പറഞ്ഞു. വ്യാപാര സ്ഥാപനങ്ങളിലെ തിരക്ക്, കൂട്ടം കൂടുന്നത്, പൊതുചടങ്ങുകള്‍ എന്നിവ കഴിയുന്നതും ഒഴിവാക്കണമെന്നും മന്ത്രി ഓര്‍മ്മിപ്പിച്ചു. ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ് യോഗത്തിന് അധ്യക്ഷത വഹിച്ചു.കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ എന്തെങ്കിലും വീഴ്ചകള്‍ വന്നിട്ടുണ്ടെങ്കില്‍ അത് പരിശോധിക്കണമെന്നും കൂടുതല്‍ മുന്‍ കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നും എംഎം മണി എംഎല്‍എ ഓണ്‍ലൈനായി യോഗത്തില്‍ സംബന്ധിച്ചു അഭിപ്രായപ്പെട്ടു.ടൂറിസം മേഖലയിലെ തിരക്ക് ഒഴിവാക്കാന്‍ പോലീസ് നിരീക്ഷണം ശക്തമാക്കും. പൊതു ചടങ്ങുകളിലും കൃത്യമായ പരിശോധനയും നടത്തും. പരമാവധി ആളുകള്‍ ഇത്തരം ചടങ്ങുകളില്‍ പങ്കെടുക്കാതെ ഇരിക്കുന്നതാണ് കൂടുതല്‍ നല്ലത്.ജില്ലയില്‍ നിലവില്‍ ഡോക്ടര്‍മാരുടെയും ആരോഗ്യ പ്രവര്‍ത്തകരുടെയും കുറവുണ്ട്. താത്കാലികമായി എടുത്ത ഡോക്ടര്‍മാര്‍ക്ക് പരീക്ഷ വന്നതിനാല്‍ ഉണ്ടായ അവധി മൂലമാണിത്. കൂടാതെ ആരോഗ്യ പ്രവര്‍ത്തകാരെയും കോവിഡ് ബാധിക്കുന്നു എന്നത് ജീവനക്കാരുടെ ക്ഷാമത്തിന് കാരണമാകുന്നുണ്ട്. ഇത് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നുണ്ടെന്ന് ഡിഎംഒ ഡോ എന്‍ പ്രിയ പറഞ്ഞു. കൂടാതെ കൂടുതല്‍ വാക്സിന്‍ നല്‍കുന്നതിനായി ഓരോ താലൂക്കിലും സ്ഥിരമായി രണ്ട് സെന്ററുകള്‍ വീതം ആരംഭിച്ചിട്ടുണ്ട്. വാക്സിനേഷന്‍ കേന്ദ്രങ്ങളിലെ തിരക്ക് കുറയ്ക്കാന്‍ പോലീസിന്റെ ശക്തമാക്കാനും വേണ്ട നടപടികള്‍ സ്വീകരിക്കും. 18 ന് വയസിനു മുകളില്‍ പ്രായമുള്ളവരില്‍ ആദ്യ ഡോസ് വാക്്സിന്‍ 77% ആളുകള്‍ക്കും രണ്ടാമത്തെ ഡോസും പൂര്‍ത്തിയായവര്‍ 29% ആളുകള്‍ക്കും നല്‍കിയെന്നും ഡിഎംഒ അറിയിച്ചു. യോഗത്തില്‍ ഓണ്‍ലൈനായി എംഎല്‍എ മാരായ എംഎം മണി, വാഴൂര്‍ സോമന്‍, എ രാജ, എന്നിവരും ചേമ്പറില്‍ എഡിഎം ഷൈജു പി ജേക്കബ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്‍ സതീഷ്‌കുമാര്‍ തുടങ്ങിയവരും പങ്കെടുത്തു.

Spread the love

Leave a Reply

Your email address will not be published.

Translate »