കണ്ണൂർ ജില്ലയിലെ പൈതൽമലയും പാലക്കയംതട്ടും ഉത്തരമലബാറിലെ പ്രധാന ടൂറിസം സർക്ക്യൂട്ടായി വികസിപ്പിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്
കണ്ണൂർ ജില്ലയിലെ പൈതൽമലയും പാലക്കയംതട്ടും ഉത്തരമലബാറിലെ പ്രധാന ടൂറിസം സർക്ക്യൂട്ടായി വികസിപ്പിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചു. .പൈതൽമല വിനോദസഞ്ചാര കേന്ദ്രമായി അംഗീകരിച്ചിട്ട് നാല് പതിറ്റാണ്ട് കഴിഞ്ഞു. കോവിഡിന് മുമ്പ് പ്രതിമാസം അമ്പതിനായിരത്തോളം ടൂറിസ്റ്റുകൾ ഇവിടം സന്ദർശിച്ചിരുന്നു. എന്നാൽ ആവശ്യമായ സൗകര്യങ്ങളും സംവിധാനങ്ങളും ഇല്ലാത്തത് ഈ കേന്ദ്രത്തിന് വലിയ തിരിച്ചടിയാണ്. പൈതൽമലയിൽ നിന്ന് 15 കിലോമീറ്റർ മാറി സ്ഥിതി ചെയ്യുന്ന പാലക്കയംതട്ട് മറ്റൊരു സുപ്രധാന ടൂറിസ്റ്റ് കേന്ദ്രമാണ്. രണ്ട് കേന്ദ്രങ്ങളെ സംയോജിപ്പിച്ച് കൊണ്ടുള്ള സർക്ക്യൂട്ട് പദ്ധതി വിഭാവനം ചെയ്യുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.പൈതൽമല പ്രധാന ട്രക്കിംഗ് കേന്ദ്രമാണ്. മലയുടെ താഴ്വാരത്തിൽ ഏഴരക്കുണ്ട് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നു. ഏഴരക്കുണ്ടിൽ സംസ്ഥാന വിനോദ സഞ്ചാരവകുപ്പിന്റെ ഒരു പദ്ധതി നിലവിൽ ഉണ്ട്. പൈതൽമലയിലേക്ക് കയറിപ്പോകുന്ന സ്ഥലത്ത് വിനോദ സഞ്ചാര വകുപ്പിന്റെ ഒരു റിസോർട്ടും നിലവിൽ ഉണ്ട്. എന്നാൽ പൈതൽമല വനംവകുപ്പിന്റെ അധീനതയിലുള്ള സ്ഥലമായതിനാൽ വിനോദ സഞ്ചാര വകുപ്പിന്റെ തനതായ പദ്ധതികൾ ഒന്നും തന്നെ ആവിഷ്കരിക്കപ്പെട്ടിട്ടില്ല. വനംവകുപ്പ് വിനോദ സഞ്ചാര വകുപ്പിന് നിയന്ത്രിതാനുമതിയായി സ്ഥലം വിട്ടു നൽകി പ്രധാന ഇക്കോ ടൂറിസം കേന്ദ്രമായി പദ്ധതി രൂപീകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. താഴെ പറയുന്ന ഘടകങ്ങൾ തയ്യാറാക്കി സ്വാഭാവിക വനത്തിന് കോട്ടം തട്ടാതെ പദ്ധതി തയ്യാറാക്കുമെന്ന് മന്ത്രി പറഞ്ഞു. ഇതുസംബന്ധിച്ച് M P ജോൺ ബ്രിട്ടാസിന്റെ മുൻകൈയിൽ വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രനുമായി പ്രാഥമിക ചർച്ചകൾ പൂർത്തിയായതായും അദ്ദേഹം കൂട്ടിചേർത്തു. മരങ്ങൾക്ക് മുകളിലൂടെ നടന്ന് പോകുന്ന അനുഭവം ഉണ്ടാക്കാൻ കഴിയുന്ന ട്രക്കിംഗ് പാത്ത് വേകൾ, റോപ്പ് വേ, ടി ഹട്ടുകൾ, ടെന്റുകൾ, വാച്ച് ടവർ, വി.വി.ഐ.പി മീറ്റിംഗ് ഹാളുകൾ തുടങ്ങിയവയാണ് പൈതൽമലയിൽ പ്രാഥമികമായി ആലോചിക്കുന്ന സൗകര്യങ്ങൾ.പാലക്കയം തട്ടിലേക്കുള്ള റോഡുകൾ പുനർനിർമ്മിക്കുന്ന കാര്യം പരിഗണിക്കുമെന്ന് മന്ത്രി പറഞ്ഞു. മഴക്കാല ടൂറിസം പ്രോൽസാഹിപ്പിക്കുന്നതിനായി റൈൻ ഹട്ടുകൾ, കേബിൾ കാർ പദ്ധതി, വിനോദസഞ്ചാരികൾക്ക് താമസിക്കാനുള്ള ഹട്ടുകൾ, ടവറുകൾ തുടങ്ങിയവയാണ് പാലക്കയം തട്ടിൽ കൊണ്ടുവരാൻ ഉദ്ദേശിക്കുന്നത്. വൈദ്യുതി ശുദ്ധജല ലഭ്യതാ പ്രശ്നങ്ങൾ പരിഹരിക്കുക, സുരക്ഷാ വേലികൾ സ്ഥാപിക്കുക, ലൈറ്റിംഗ് സംവിധാനം ഏർപ്പെടുത്തുക, സോളാർ സംവിധാനം സ്ഥാപിക്കുക എന്നിങ്ങനെയുള്ള അനുബന്ധ ജോലികളും പദ്ധതിയുടെ ഭാഗമായി ഏറ്റെടുക്കും. സർക്ക്യൂട്ട് പൂർത്തിയാകുമ്പോൾ ഉത്തരമലബാറിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളായി പൈതൽമലയും പാലക്കയം തട്ടും മാറും. കണ്ണൂർ വിമാനത്താവളത്തിൽ നിന്നും ഒരുമണിക്കൂർ യാത്ര മാത്രമേ ഈ സ്ഥലങ്ങളിലേക്കുള്ളൂ എന്നതുകൊണ്ട് ആഭ്യന്തര – വിദേശ ടൂറിസ്റ്റുകളുടെ ഇഷ്ട കേന്ദ്രമായി ഇവയെ മാറ്റിയെടുക്കാൻ കഴിയും എന്ന് മന്ത്രി പറഞ്ഞു.
