തിരുവനന്തപുരം :എനർജി മാനേജ്‌മെന്റ് സെന്ററിന്റെ 28ാം സ്ഥാപകദിനത്തോട് അനുബന്ധിച്ച് ത്രിദിന അന്താരാഷ്ട്ര ഊർജ്ജ മേള 2024  ടാഗോർ തീയേറ്ററിൽ തുടക്കമായി. മേളയുടെ ഭാഗമായി 2023ലെ കേരള ഊർജ്ജ സംരക്ഷണ അവാർഡ് ദാന ചടങ്ങും നടന്നു. കാലാവസ്ഥാവ്യതിയാനത്തിന്റെ അനന്തര ഫലങ്ങൾ അനുവഭിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ  ഊർജസംരക്ഷണത്തിനോടൊപ്പം പരിസ്ഥിതിക്കിണങ്ങുന്ന ഊർജ്ജോത്പാദന മാർഗങ്ങൾ സ്വീകരിക്കേണ്ടതും വളരെ പ്രാധാന്യം അർഹിക്കുന്ന കാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സന്ദേശത്തിലൂടെ യോഗത്തിൽ അറിയിച്ചു.സ്പീക്കർ എ.എൻ ഷംസീർ കേരള സംസ്ഥാനഊർജ്ജ സംരക്ഷണ അവാർഡുകൾ വിജയികൾക്ക് സമ്മാനിക്കുകയും,  അന്താരാഷ്ട്ര ഊർജ്ജ മേളയും ഉദ്ഘാടനം ചെയ്തു. ഊർജ്ജ സംരക്ഷണ പ്രവർത്തങ്ങൾ ജീവിതത്തിന്റെ ഭാഗമായി നടത്തുവാനുള്ള ശ്രമങ്ങൾ ശക്തിപ്പെടുത്തണമെന്ന് സ്പീക്കർ പറഞ്ഞു.2040 ഓടെ ഊർജ ഉപഭോഗത്തിൽ കുത്തനെ ഉയരുന്ന സാഹചര്യത്തിൽ മികച്ച ഊർജ സംരക്ഷണ മാതൃകകൾ പിൻതുടരണം. ഇതിനായി ജനപ്രതിനിധികളടക്കം പ്രധാന പരിഗണന നൽകണം. കാർബൺ രഹിത മാർഗങ്ങളും, ഊർജ സംരക്ഷണ പാഠങ്ങളും വിദ്യാർത്ഥികൾക്കടക്കം പകർന്നു നൽകേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും സ്പീക്കർ പറഞ്ഞു.ഊർജസംരക്ഷണത്തിൽ മികച്ച പ്രകടനത്തിനുള്ള വൻകിട ഊർജ ഉപഭോക്താക്കൾക്കുള്ള പുരസ്‌കാരം കെഎസ്ഇബി, കളമശ്ശേരി അപ്പോളോ ടയേഴ്‌സ് എന്നിവർക്ക് കൈമാറി. വിവിധ വിഭാഗങ്ങളിലെ മികച്ച ഊർജ സംരക്ഷണ പുരസ്‌ക്കാരം കെ  ഡിസ്‌ക്ക്, തിരുവനന്തപുരം എച്ച്എൽഎൽ ലൈഫ് കെയർ ലിമിറ്റഡ്, തിരുവനന്തപുരം ക്വസ്റ്റ് ഗ്ലോബൽ എൻജിനിയറിങ്സർവീസസ്, കോഴിക്കോട് ഗ്രീൻ ടെക്‌നോളജിസെന്റർ, പാലക്കാട് മേനോൻ ആർക്കിടെക്ച്ചറൽ സൊല്യൂഷൻ എന്നിവർക്കും സമ്മാനിച്ചു.‘ഊർജ്ജപരിവർത്തനം’ എന്നവിഷയത്തിൽ  ദേശീയ –  അന്തർദേശീയ തലത്തിലെ വിദഗ്ധർ ഫെബ്രുവരി 7,8,9 ദിവസങ്ങളിൽ വിവിധ സെഷനുകൾ കൈകാര്യം ചെയുന്നുണ്ട്. ഊർജ്ജകാര്യക്ഷമതാ ഉത്പന്നങ്ങളുടെ ക്ലിനിക്കുകൾ, മറ്റ് ശാസ്ത്ര സാങ്കേതിക പരിചയപ്പെടുത്തുന്ന എക്സിബിഷനുകൾ, ഇലക്ട്രിക്ക് പ്രഷർ കുക്കർ, ഇലക്ട്രിക്ക് സൈക്കിൾ എന്നിവ പരിചയപ്പെടുത്തുന്ന സ്റ്റാളുകളും മേളയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. ഉദ്ഘാടനചടങ്ങിൽ ഇ.എം.സിഡയറക്ടർ ഡോ ആർ ഹരികുമാർ സ്വാഗതം പറഞ്ഞു. ബി ഇ ഇ സെക്രട്ടറി മിലൻ ഡിയോറേ, നവകേരളംസംസ്ഥാനകോർഡിനേറ്റർ ഡോ ടി എൻ സീമ, ചീഫ് ഇലക്ട്രിക്കൽ ഇൻസ്‌പെക്ടർ ജി വിനോദ്, ഇ ഇ എസ് എൽ എക്സിക്യൂട്ടീവ് ഡയറക്ടർ വെങ്കടേഷ്ദ്വിവേദി, ഇ എം സി രജിസ്ട്രാർ സുഭാഷ് ബാബു ബി വി എന്നിവർ ചടങ്ങിൽ പങ്കെടുത്തു. വി എസ് എസ് സി ഡയറക്ടർ ഡോ എസ് ഉണ്ണികൃഷ്ണൻ നായർ സ്ഥാപനകദിന അഭിസംബോധന നടത്തി.  അന്താരാഷ്ട്ര ഊർജ്ജ മേള 2024 ഫെബ്രുവരി 8, 9 ദിവസങ്ങൾ കൂടി നടക്കുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here