തൊടുപുഴ ∙ പൂപ്പാറയിൽ പന്നിയാർ പുഴയുടെ പുറമ്പോക്കിലുള്ള വീടുകളും കടകളും ഉൾപ്പെടെ 56 കെട്ടിടങ്ങൾ ഒഴിപ്പിക്കാനുള്ള നടപടിയുടെ ഭാഗമായി നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഹൈക്കോടതി നിർദ്ദേശത്തെ തുടർന്നാണ് ഒഴിപ്പിക്കൽ നടപടി. ഇതിനായി പൊലീസ് സുരക്ഷയും റവന്യൂ വകുപ്പ് തേടിയിട്ടുണ്ട്. എന്നാൽ കയ്യേറ്റം ഒഴിപ്പിക്കൽ തടയുമെന്ന നിലപാടുമായി ആക്‌ഷൻ കൗൺസിൽ രംഗത്തുവന്നിട്ടുണ്ട്. കോടതി അനുവദിച്ച 45 ദിവസം കഴിഞ്ഞിട്ടില്ലെന്ന് ആക്‌ഷൻ കൗൺസിൽ പ്രസിഡന്റ് ബാബു വർഗീസ് പറഞ്ഞുകയ്യേറിയ പ്രദേശം 6 ആഴ്ചയ്ക്കുള്ളിൽ ഒഴിപ്പിക്കാനുള്ള ഹൈക്കോടതി ഉത്തരവിൽ വ്യാപക പ്രതിഷേധമുയർന്നിരുന്നു. കഴിഞ്ഞ 17നാണ് ഭൂവിഷയങ്ങൾ പരിഗണിക്കുന്ന ഹൈക്കോടതി പ്രത്യേക ബെഞ്ചിന്റെ ഉത്തരവിറങ്ങിയത്. പൊലീസിന്റെ സഹായത്തോടെ ഒഴിപ്പിക്കൽ നടപടികൾ പൂർത്തിയാക്കാനാണ് കോടതി നിർദേശം. ഉത്തരവ് നടപ്പായാൽ പൂപ്പാറ ടൗണിന്റെ ഒരു ഭാഗം ഇല്ലാതാകുമെന്നാണ് നാട്ടുകാരുടെ വാദം.പൂപ്പാറയിലേത് കയ്യേറ്റമല്ലെന്നും 6 പതിറ്റാണ്ട് മുൻപു മുതൽ ഇവിടെ കുടിയേറി വീടുകളും ഉപജീവനത്തിനായി കടമുറികളും നിർമിച്ചവരെ കുടിയിറക്കാനുള്ള നീക്കം ദൂരവ്യാപക പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നുമാണ് നാട്ടുകാരുടെ വാദം. നിർമാണങ്ങൾ നടക്കുമ്പോൾ നടപടി സ്വീകരിക്കാത്ത റവന്യു വകുപ്പ് കുടിയേറ്റക്കാരായ സാധാരണക്കാരെ കയ്യേറ്റക്കാരായി ചിത്രീകരിച്ചെന്നും ആക്ഷേപമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here