തിരുവനന്തപുരം: വോള്‍വോ ലോഫ്‌ളോര്‍ ബസുകള്‍ ഉള്‍പ്പെടെ 41 പുതിയ അന്തഃസംസ്ഥാന ബസ് സര്‍വീസുകള്‍ തുടങ്ങാന്‍ കെ.എസ്.ആര്‍.ടി.സി. ഒരുങ്ങുന്നു. തമിഴ്നാടുമായുള്ള 2019-ലെ അന്തഃസംസ്ഥാന കരാറിന്റെ അടിസ്ഥാനത്തില്‍ കേരളത്തിന് അധിക സര്‍വീസ് നടത്താന്‍ അവകാശമുണ്ടായിരുന്ന റൂട്ടുകളാണ് ഇതിനായി തിരഞ്ഞെടുത്തിരിക്കുന്നത്. തമിഴ്നാട്ടില്‍നിന്നു കേരളത്തിലേക്ക് എത്ര സര്‍വീസ് ഉണ്ടോ അത്രയുംതന്നെ കേരളത്തിന് തിരികെയും കരാര്‍ പ്രകാരം ഓടിക്കാം.ഇതുപ്രകാരം കോയമ്പത്തൂര്‍, തെങ്കാശി, തേനി, കമ്പം, ഉദുമല്‍പേട്ട, പൊള്ളാച്ചി എന്നിവിടങ്ങളിലേക്കാണ് പുതിയ സര്‍വീസുകള്‍ തുടങ്ങുന്നത്. എത്രയുംവേഗം ഈ സര്‍വീസുകള്‍ തുടങ്ങാന്‍ ചീഫ് ട്രാഫിക് ഓഫീസര്‍ക്കുള്‍പ്പെടെ നിര്‍ദേശം നല്‍കി. തൃശ്ശൂരില്‍നിന്നു കോയമ്പത്തൂരിലേക്കാണ് പുതിയ എ.സി. ലോഫ്‌ളോര്‍ സര്‍വീസ്. എറണാകുളം ഡിപ്പോയ്ക്ക് രണ്ട് എ.സി. ലോഫ്‌ളോര്‍ ബസുകള്‍ അന്തഃസംസ്ഥാന സര്‍വീസിനായി അധികം അനുവദിച്ചു.നിലവില്‍ ഓടിക്കൊണ്ടിരിക്കുന്ന ബസുകള്‍ക്ക് കേടുപാടു സംഭവിച്ചാല്‍ പകരം സര്‍വീസ് നടത്താനാണിത്. രണ്ട് സൂപ്പര്‍ഫാസ്റ്റ് ബസുകള്‍ തൃശ്ശൂര്‍, ഗുരുവായൂര്‍ ഡിപ്പോകളില്‍നിന്നു കൊഴിഞ്ഞാമ്പാറ വഴി കോയമ്പത്തൂരിലേക്ക് സര്‍വീസ് നടത്തും. വിവിധ ഡിപ്പോകളില്‍നിന്ന് 38 ഫാസ്റ്റ് പാസഞ്ചറുകളും അന്തഃസംസ്ഥാന സര്‍വീസ് നടത്തും. ചെങ്ങന്നൂരില്‍നിന്നു തെങ്കാശിക്ക് (ശെങ്കോട്ട വഴി) രണ്ട് സര്‍വീസുകള്‍ പുതുതായി വരും.

എറണാകുളത്തുനിന്നു കോയമ്പത്തൂരിലേക്ക് രണ്ടും തേനിയിലേക്കും കമ്പത്തേക്കും മൂന്നുവീതവും ഉദുമല്‍പേട്ടയിലേക്ക് ഒന്നും സര്‍വീസുകള്‍ വരും. തൃശ്ശൂരില്‍നിന്നു കോയമ്പത്തൂരിലേക്ക് ഒന്ന്, പൊള്ളാച്ചിക്ക് മൂന്ന്, തമിഴ്നാട് ദേവാല വഴി സുല്‍ത്താന്‍ബത്തേരിക്ക് ഒന്ന്, ഗുരുവായൂരില്‍നിന്നു കോയമ്പത്തൂരിലേക്ക് മൂന്ന്, ഇരിങ്ങാലക്കുടയില്‍ നിന്ന് കോയമ്പത്തൂരിലേക്ക് ഒന്ന്, കൊടുങ്ങല്ലൂരില്‍ നിന്ന് കോയമ്പത്തൂര്‍ക്ക് രണ്ട്, പൊള്ളാച്ചിക്ക് ഒന്ന് എന്നിങ്ങനെ സര്‍വീസുകള്‍ വരും.കോട്ടയത്തുനിന്ന് കമ്പത്തേക്ക് ആറ്, എറണാകുളം നോര്‍ത്ത് പറവൂരില്‍ നിന്ന് കോയമ്പത്തൂര്‍ക്ക് രണ്ട്, ഹരിപ്പാട്ടുനിന്ന് തെങ്കാശിക്ക് ഒന്ന്, കോഴിക്കോട്-മണ്ണാര്‍ക്കാട്-കോയമ്പത്തൂര്‍ റൂട്ടില്‍ ഒന്ന്, പാലായില്‍നിന്നു കോയമ്പത്തൂര്‍ക്ക് ഒന്ന്, പത്തനംതിട്ടയില്‍നിന്നു തെങ്കാശിയിലേക്ക് രണ്ട് എന്നിങ്ങനെയാണ് അന്തഃസംസ്ഥാന സര്‍വീസുകള്‍.

LEAVE A REPLY

Please enter your comment!
Please enter your name here