എരുമേലി തെക്ക് വില്ലേജ് ഓഫിസ് കെട്ടിടം നിർമിക്കുന്നതിന് സ്ഥല പരിശോധന നടത്തി എംഎൽഎ

എരുമേലി :എരുമേലി തെക്ക് വില്ലേജ് ഓഫീസ് കെട്ടിടനിർമ്മാണത്തിന് സ്ഥലപരിശോധന നടത്തി പൂഞ്ഞാർ എം എൽ എ സെബാസ്റ്റ്യൻ കുളത്തുങ്കൽ .ഇന്നലെ ഉച്ചയോടെ എരുമേലി പ്രൈവറ്റ് ബസ് സ്റ്റാൻഡിന് അടുത്തുള്ള നാല് സെന്റോളമുള്ള പുറമ്പോക്ക് ഭൂമിയാണ് പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ പരിശോധിച്ചത്. തെക്ക് വില്ലേജ് ഓഫിസിന് അടുത്ത് സ്വകാര്യ ആശുപത്രിയുടെ സമീപത്ത് വലിയ തോടിന്റെ കരയിലാണ് ഈ ഭൂമി. ഈ സ്ഥലം അനുയോജ്യമാണോയെന്ന് ഉറപ്പാക്കാനുള്ള നടപടികൾക്ക് അദ്ദേഹം റവന്യൂ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. അനുയോജ്യമായ മറ്റ് സ്ഥലങ്ങളുണ്ടെങ്കിൽ അവയും പരിശോധിക്കണമെന്ന് എംഎൽഎ പറഞ്ഞു. സ്ഥലം കണ്ടെത്താൻ പഞ്ചായത്തിനും നിർദേശം നൽകിയിട്ടുണ്ട്.കോട്ടയം ജില്ലയിൽ ജനസംഖ്യ കൊണ്ടും വിസ്തൃതി കൊണ്ടും ഏറ്റവും വലിയ വില്ലേജ് ആണ് എരുമേലി തെക്ക് വില്ലേജ്. 55,000 ആണ് ജനസംഖ്യ. 9295.6070 ഹെക്ടർ ആണ് മൊത്തം വിസ്തൃതി. 22,23,24,27,28,29,82 എന്നിങ്ങനെ എഴ് ബ്ലോക്ക്‌ നമ്പരുകളിലായി 39172 തണ്ടപ്പേരുകളുണ്ട്. കഴിഞ്ഞ സാമ്പത്തിക വർഷം നേരിട്ട് 7591 ഉം ഓൺലൈനിൽ 12573 ഉം ഉൾപ്പെടെ മൊത്തം 20164 സർട്ടിഫിക്കറ്റുകളാണ് നൽകിയത്. 34 പോളിംഗ് ബൂത്തുകളും 23 വാർഡുകളും തെക്ക് വില്ലേജിൽ ഉൾപ്പെടുന്നു. ജില്ലയിൽ ഏറ്റവും കൂടുതൽ റവന്യൂ റിക്കവറിയും വനഭൂമിയും ഈ വില്ലേജിലാണ്. കിഴക്കേ അതിരായ പഴയിടത്ത് നിന്നും പടിഞ്ഞാറ് അതിരായ മൂലക്കയം വരെ എത്തണമെങ്കിൽ ദൂരം 43 കിലോമീറ്റർ ആണ് ഉള്ളത്. ജോലി ഭാരം കൊണ്ട് ജീവനക്കാരും കാലതാമസം മൂലം മൂലം ജനവും ബുദ്ധിമുട്ടുന്നെന്ന് നാളുകളായി പരാതിയുണ്ട്.സർക്കാർ തലത്തിൽ ഇതിന് പരിഹാരം ആലോചിച്ചതിന്റെ ഭാഗമായി കഴിഞ്ഞയിടെ കാഞ്ഞിരപ്പള്ളി തഹസീൽദാറുടെ നിർദേശപ്രകാരം എരുമേലി തെക്ക് വില്ലേജ് ഓഫിസർ വില്ലേജ് വിഭജിക്കുന്നതിനുള്ള ശുപാർശ അടങ്ങിയ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഒപ്പം ഇതേ ആവശ്യം ഉന്നയിച്ച് പഞ്ചായത്ത്‌ പ്രസിഡന്റ് തങ്കമ്മ ജോർജ്കുട്ടി റവന്യൂ മന്ത്രിക്കും ബ്ലോക്ക്‌ ഡിവിഷൻ അംഗം ജൂബി അഷറഫ് റവന്യു ഉദ്യോഗസ്ഥരോടൊപ്പം എം എൽ എക്കും നിവേദനം നൽകിയിരുന്നു. നിലവിൽ വില്ലേജ് ഓഫിസ് സ്മാർട്ട്‌ ആക്കാനുള്ള പുതിയ കെട്ടിടം നിർമിക്കാൻ 44 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ഇതിന് അനുയോജ്യമായ സ്ഥലം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. സ്ഥലം ലഭിക്കുന്നതോടെ വില്ലേജ് വിഭജനവും പുതിയ വില്ലേജ് ഓഫിസുകളുടെ നിർമാണവും ഒരേ പോലെ നടത്താനാണ് ആലോചന.23 വാർഡുകളുള്ള എരുമേലി പഞ്ചായത്ത് പൂർണമായും ഉൾക്കൊള്ളുന്ന എരുമേലി തെക്ക് വില്ലേജിനെ രണ്ടായി വിഭജിച്ച് രണ്ട് വില്ലേജ് ഓഫിസുകളുടെ പരിധിയിലാക്കാനാണ് ശുപാർശ. ഒന്നാം വാർഡായ പഴയിടം മുതൽ മുക്കൂട്ടുതറ എംഇഎസ് കോളേജ് വരെയുള്ള ഭാഗം എരുമേലി തെക്ക് വില്ലേജിലും തുടർന്ന് മുക്കൂട്ടുതറ മുതൽ പമ്പാവാലി വരെ നിർദിഷ്‌ട പുതിയ വില്ലേജിലുമാക്കി മാറ്റണമെന്ന ശുപാർശയാണ് വില്ലേജ് ഓഫിസറുടെ റിപ്പോർട്ടിലുള്ളത്. ഇത് പ്രകാരം വാർഡ് ഒന്ന് പഴയിടം, രണ്ട് – ചേനപ്പാടി, മൂന്ന് – കിഴക്കേക്കര, നാല് – ചെറുവള്ളി എസ്റ്റേറ്റ്, അഞ്ച് – ഒഴക്കനാട്, ആറ് – വാഴക്കാലാ, ഏഴ് – നേർച്ചപ്പാറ,19- പ്രപ്പോസ്, 20- എരുമേലി ടൗൺ, 21- പൊരിയന്മല, 22- കനകപ്പലം, 23 – ശ്രീനിപുരം എന്നിങ്ങനെ 12 വാർഡുകൾ മാത്രമാക്കി എരുമേലി തെക്ക് വില്ലേജിന്റെ വിസ്തൃതി ചുരുക്കണമെന്നാണ് ശുപാർശ.അവശേഷിച്ച വാർഡുകളായ എട്ട് – കാരിശേരി (പാക്കാനം ), ഒമ്പത്- ഇരുമ്പൂന്നിക്കര, പത്ത്- തുമരംപാറ, 11- പമ്പാവാലി, 12- ഏയ്ഞ്ചൽവാലി, 13- മൂക്കൻപെട്ടി, 14- കണമല, 15- ഉമ്മിക്കുപ്പ, 16- മുക്കൂട്ടുതറ, 17- മുട്ടപ്പള്ളി, 18- എലിവാലിക്കര എന്നീ 11 വാർഡുകൾ പുതിയതായി രൂപീകരിക്കുന്ന നിർദിഷ്‌ട വില്ലേജിൽ ആക്കണമെന്നാണ് ശുപാർശ. ഒപ്പം നിർദിഷ്‌ട വില്ലേജിൽ വാർഡ് എട്ട് കാരിശേരിയെ വേണമെങ്കിൽ ഒഴിവാക്കാമെന്നും ശുപാർശയിൽ പറയുന്നു.സമീപ പഞ്ചായത്തായ മുണ്ടക്കയത്തോട് ചേർന്നു കിടക്കുന്ന കാരിശേരി വാർഡിനെ മുണ്ടക്കയം പഞ്ചായത്തിലേക്കും അവിടുത്തെ വില്ലേജിലേക്കും മാറ്റുന്നതാണ് നാട്ടുകാർക്ക് സൗകര്യപ്രദമെന്ന് റിപ്പോർട്ടിൽ പറയുന്നു. കാരിശേരിയെ മുണ്ടക്കയത്തേക്ക് മാറ്റിയാൽ എരുമേലിയിൽ ഇരു വില്ലേജുകളിലും വാർഡുകളുടെ എണ്ണം തുല്യമാകും. വില്ലേജ് വിഭജനത്തോടെ പഞ്ചായത്ത്‌ വിഭജനവും നടക്കുമെന്ന് സൂചനകളുണ്ട്. എരുമേലി പഞ്ചായത്ത്‌ വിഭജിച്ച് എരുമേലി, മുക്കൂട്ടുതറ എന്നിങ്ങനെ രണ്ട് പഞ്ചായത്തുകളാക്കാൻ മുമ്പ് അനുമതി ആയതാണ്. എന്നാൽ പ്രളയയ കാലത്തെ സാമ്പത്തിക പ്രതിസന്ധി മുൻനിർത്തി സർക്കാർ ഇത് മാറ്റിവെയ്ക്കുകയായിരുന്നു.ചിത്രം.:എരുമേലി തെക്ക് വില്ലേജ് ഓഫിസ് സ്മാർട്ട് വില്ലേജ് ഓഫിസാക്കി നിർമിക്കുന്നതിന് പ്രൈവറ്റ് ബസ് സ്റ്റാൻഡിന് എതിർവശത്ത് വലിയ തോടിനോട് ചേർന്നുള്ള പുറമ്പോക്ക് ഭൂമി സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ സന്ദർശിക്കുന്നു. സമീപം വില്ലേജ് ഓഫിസർ ടി ഹാരിസ്, അസി. വില്ലേജ് ഓഫിസർ അഷറഫ് ചക്കാല എന്നിവർ

ബ്ലോക്ക്‌ ഡിവിഷൻ അംഗം ജൂബി അഷറഫ് റവന്യു ഉദ്യോഗസ്ഥരോടൊപ്പം എം എൽ എ അഡ്വ .സെബാസ്റ്റ്യൻ കുളത്തുങ്കലിന് നിവേദനം നൽകുന്നു . സമീപം   ഡെപ്യൂട്ടി തഹസിൽദാർ ഷാജി ജോസഫ് , വില്ലേജ് ഓഫിസർ ടി ഹാരിസ്, അസി. വില്ലേജ് ഓഫിസർ അഷറഫ് ചക്കാല എന്നിവർ
Spread the love

Leave a Reply

Your email address will not be published. Required fields are marked *

Translate »
error: Content is protected !!