വെച്ചൂച്ചിറ റോഡിന് നാട്ടുകാർ സ്ഥലം നൽകി : വനം വകുപ്പിന്റെ എതിർപ്പിൽ കനകപ്പലത്ത് പണി നിലച്ചു

വെച്ചൂച്ചിറ റോഡിന് നാട്ടുകാർ സ്ഥലം നൽകി : വനം വകുപ്പിന്റെ എതിർപ്പിൽ കനകപ്പലത്ത് പണി നിലച്ചു .
എരുമേലി : വെച്ചൂച്ചിറയിൽ റോഡിന്റെ വീതി കൂട്ടാൻ സ്വന്തം മതിലും ഗേറ്റും കടകളും പൊളിച്ച് നാട്ടുകാർ സ്ഥലം നൽകിയപ്പോൾ റോഡ് പണി വനപാതയിലെത്തിയതോടെ  എതിർപ്പുമായി വനം വകുപ്പ്.  വനപാതയിൽ അപകടങ്ങൾക്ക് കാരണമായ കലുങ്കിന്റെ പുനർനിർമാണത്തിനാണ് സ്ഥലം നൽകാതെ വനം വകുപ്പ് എതിർത്തത്.  ഇതോടെ കലുങ്കിന്റെ നിർമാണം കരാറുകാരൻ  നിർത്തിവെച്ചു. കനകപ്പലം  – വെച്ചൂച്ചിറ റോഡിലെ യൂക്കാലി പ്ലാന്റേഷന് സമീപം  ചപ്പാത്ത് കലുങ്ക്  ഭാഗത്താണ് സംഭവം. മൊത്തം 45 കോടി രൂപ ചെലവിട്ട് ബിഎം ആൻഡ് ബിസി സാങ്കേതിക വിദ്യയിൽ 45 കിലോമീറ്റർ ടാറിംഗ് ആണ് നടത്തുന്നത്. പത്തനംതിട്ട ജില്ലയിലൂടെ കടന്നുപോകുന്ന ഈ പാതയിൽ കോട്ടയം ജില്ലയിൽ ഉൾപ്പെടുന്നത് കനകപ്പലം മുതൽ നെടുങ്കാവുവയൽ ഐടിസി ജംഗ്‌ഷൻ വരെയുള്ള റോഡാണ്. ഈ ഭാഗമത്രയും വനത്തിലൂടെയാണ് കടന്നുപോകുന്നത്. വനത്തിൽ റോഡിന്റെ വീതി വർധിപ്പിക്കാൻ ഒരിഞ്ചു സ്ഥലം പോലും വനം വകുപ്പ് വിട്ടുനൽകുന്നില്ലെന്ന് കരാറുകാരൻ പറയുന്നു. ഇക്കാര്യം പൊതുമരാമത്ത് അധികൃതരെയും റാന്നി എംഎൽഎ രാജു എബ്രഹാമിനേയും കരാറുകാരൻ അറിയിച്ചു. വീതി ലഭിക്കാത്തതിനാൽ വനത്തിനോട് ചേർന്നാണ് റോഡ് അഞ്ചര മീറ്റർ വീതിയിൽ  ടാർ ചെയ്തിരിക്കുന്നത്. ഓട നിർമിക്കാനോ നടപ്പാതയ്ക്കോ സ്ഥലമില്ല. റോഡിന്റെ വശങ്ങളിൽ ടാറിംഗ് പ്രതലം ഉയർന്നതിനാൽ അപകട സാധ്യത ശക്തമാണ്. വനപാതയിൽ വളവുകൾ നിറഞ്ഞതും വീതി കുറഞ്ഞ് ഇടുങ്ങിയതുമായ അപകട മേഖലയാണ് ചപ്പാത്ത് ഭാഗം. ശബരിമല സീസണിൽ തുടർച്ചയായി അപകടങ്ങൾ സംഭവിക്കുന്ന ഈ ഭാഗത്ത് അപകടസാധ്യത പരിഹരിക്കാൻ കലുങ്കിന്റെ വീതി വർധിപ്പിച്ച് ഉയർത്തി പുനർനിർമിക്കാൻ മരാമത്ത് അധികൃതർ നിർദേശിച്ചിരുന്നു. ഇതേതുടർന്ന് കലുങ്ക് പൊളിച്ച് പുനർനിർമാണം തുടങ്ങിയപ്പോഴാണ് വനപാലകർ എത്തി പണികൾ തടഞ്ഞത്. കോട്ടയം ജില്ലാ ഫോറസ്റ്റ് ഓഫിസർ എത്തി സ്ഥലം സന്ദർശിച്ചിരുന്നു. പഴയ  റോഡിന്റെ വീതിയിൽ പണികൾ നടത്തിയാൽ മതിയെന്നാണ് അറിയിച്ചതെന്ന് എരുമേലി ഫോറസ്റ്റ് റേഞ്ച് ഓഫിസർ ജയകുമാർ പറഞ്ഞു. എന്നാൽ പഴയ റോഡിന്റെ വീതിയിൽ പണികൾ നടത്തിയാൽ അപകടം വർധിക്കുമെന്ന് മരാമത്ത് ഉദ്യോഗസ്ഥർ പറയുന്നു. വശങ്ങളിലേക്ക് കലുങ്ക് വീതി കൂട്ടി നിർമിച്ചാൽ അപകട സാധ്യത ഒഴിയുമെന്നും ഇതിന് വനം വകുപ്പ് സ്ഥലം നൽകണമെന്നും മരാമത്ത് ഉദ്യോഗസ്ഥർ പറയുന്നു. റാന്നി നിയോജകമണ്ഡലത്തിലെ നാല്  പഞ്ചായത്തുകളിൽ കൂടി കടന്നുപോകുന്ന 45 കിലോമീറ്റർ  നീളമുള്ള ഈ റോഡിന്റെ  പുനരുദ്ധാരണത്തിനായി ടാറിംഗ് ജോലികൾ പൂർത്തിയായിക്കൊണ്ടിരിക്കുകയാണ്. റാന്നി കൊറ്റനാട് പഞ്ചായത്തിലെ മoത്തും ചാലിൽനിന്ന് ആരംഭിച്ച് അങ്ങാടി പേട്ട ജംഗ്ഷൻ വരെ എത്തിയതിനുശേഷം  ഇട്ടിയപ്പാറയിലെ രണ്ട്  ബൈപ്പാസുകളും  ഈറോഡിൽ ഉൾപ്പെടുന്നു .തുടർന്ന് പഴവങ്ങാടി പഞ്ചായത്തിന് മന്ദമരുതി യിൽ നിന്നും ആരംഭിച്ച് വെച്ചൂച്ചിറ വഴി കനകപ്പലം വരെയും തുടർന്ന് വെച്ചൂച്ചിറ- ചാത്തൻതറ – കൊല്ലമുള -മുക്കൂട്ടുതറ വരെയും നീണ്ടുകിടക്കുന്നു. പാതയിൽ വീതി കുറവായിരുന്ന വെച്ചൂച്ചിറ, ചാത്തൻതറ മേഖലകളിൽ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ യോഗങ്ങൾ വിളിച്ചുചേർക്കുകയും തുടർന്ന് നാട്ടുകാർ മതിലും ഗേറ്റും കടകളും മറ്റും പൊളിച്ചുമാറ്റിയാണ് നഷ്‌ടപരിഹാരം പോലും ലഭിക്കാതെ റോഡിന്റെ വീതിക്കാവശ്യമായ സ്ഥലം വിട്ടുകൊടുത്തുകൊണ്ടിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *