എരുമേലിയിൽ ആസാദി മാർച്ചിൽ ദേശസ്നേഹത്തോടെ മുഴങ്ങി പ്രതിഷേധം.

എരുമേലി : പൗരത്വ ഭേദഗതി ബില്ലിനെതിരെ ഭരണഘടന സംരക്ഷണ സമിതി എരുമേലി മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ആസാദി മാർച്ചിൽ നിറഞ്ഞത് ദേശസ്നേഹത്തോടെയുള്ള പ്രതിഷേധം. രാജ്യസ്നേഹം നിറഞ്ഞ മുദ്രാവാക്യങ്ങൾക്കൊപ്പം മുസ്ലിംകളെ ലക്ഷ്യമിട്ട് പൗരത്വം നിഷേധിക്കുന്ന ഭരണകൂട നിലപാടിലെ ഒളിയജണ്ടക്കെതിരെ ശക്തമായ മുദ്രാവാക്യങ്ങളും മുഴങ്ങി. ഭരണഘടനാ വിരുദ്ധമായ സിഎഎ പിൻവലിക്കണമെന്നും എൻപിആർ,  എൻആർസി നടപടികൾ നിർത്തിവെയ്ക്കണമെന്നും  ആവശ്യപ്പെട്ടാണ്  ആസാദി മാർച്ചും തുടർന്ന് സായാഹ്‌ന സദസ്സും  സംഘടിപ്പിച്ചത്.  വൈകിട്ട് അഞ്ചിന് വാവർ മെമ്മോറിയൽ ഹൈസ്ക്കൂൾ ജങ്ഷനിൽ നിന്നും റാലി ആരംഭിച്ച് ജമാഅത്ത് സ്റ്റേഡിയത്തിൽ സമാപിച്ചു. നൂറുകണക്കിന് ആളുകൾ പങ്കെടുത്തു. തുടർന്ന് നടന്ന പൊതുസമ്മേളനം  സിഎസ്ഡിഎസ് സംസ്ഥാന ജനറൽ സെക്രട്ടറി വി.കെ തങ്കപ്പൻ ഉത്ഘാടനം ചെയ്തു. സ്വാതന്ത്ര സമര സേനാനി രവീന്ദ്രൻ വൈദ്യർ കോരുത്തോട് ഭരണഘടനയുടെ ആമുഖം വായിച്ച് സത്യപ്രതിജ്ഞ നിർവഹിച്ചു. എരുമേലി നൈനാർ മസ്ജിദ് ഇമാം ഹാമിദ് ഖാൻ ബാഖവി,  ടെലിവിഷൻ അവതാരകൻ അശ്വമേധം ഫെയിം ഡോ. ജി.എസ് പ്രദീപ്. സി. യു അബ്ദുൽ കരിം, പി.എസ് അബ്ദുൽ റഹിം തുടങ്ങിയവർ പ്രസംഗിച്ചു.  നൗഷാദ് ബാബു ത്യശ്ശൂർ അവതരിപ്പിച്ച കൈക്കോട്ട് തെരുവു നാടകവും ഉണ്ടായിരുന്നു.
Spread the love

Leave a Reply

Your email address will not be published. Required fields are marked *

Translate »