കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതി സ്റ്റാര്‍ട്ടപ്പ്സ് വാലിയില്‍ കോ വര്‍ക്കിംഗ്‌ സൗകര്യം

കോവിഡ്-19 പ്രതിസന്ധിയില്‍ ഉഴലുന്ന ഗ്രാമീണ മേഖലയില്‍ വര്‍ക്ക് ഫ്രം ഹോം ജോലി നോക്കുന്ന ജീവനക്കാർക്കും സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ക്കും വളരെ ഉപകാരപ്രദമാകും വിധം സുരക്ഷിതമായ ഒരു കോ-വര്‍ക്കിംഗ്‌ സൗകര്യം ഒരുക്കിയിരിക്കുകയാണ് കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതി എഞ്ചിനീയറിംഗ് കോളേജിലെ സ്റ്റാര്‍ട്ടപ്പ്സ് വാലി ടെക്നോളജി ബിസിനസ്സ് ഇന്‍കുബേറ്റര്‍. മികച്ച രീതിയിലുള്ള ഓഫീസ് സൗകര്യം, വേഗതയേറിയ ഇന്റര്‍നെറ്റ്, വൈദ്യുതി, മീറ്റിംഗ് മുറികള്‍ എന്നീ സൗകര്യങ്ങള്‍ക്ക് പുറമെ ഭക്ഷണത്തിനും താമസത്തിനും, പാര്‍ക്കിംഗും മറ്റ് അനുബന്ധ സൗകര്യങ്ങളോടും കൂടിയാണ് കോ-വര്‍ക്കിംഗ്‌ സൗകര്യം ക്രമീകരിച്ചിരിക്കുന്നത്. അമല്‍ ജ്യോതി എഞ്ചിനീയറിംഗ് കോളേജില്‍ പ്രവർത്തിക്കുന്ന കേരളത്തിലെ ആദ്യത്തെ കേന്ദ്ര ബയോ ടെക്നോളജി വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ബൈറാക്കിന്റെ ബയോനെസ്റ്റ് (DBT-BIRAC BioNEST) ന്റെയും കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ ടെക്നോളജി ബിസിനസ്സ് ഇന്‍കുബേറ്ററിന്റെയും (DST-NSTEDB TBI) സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തി വിവിധ നൂതന സാങ്കേതിക വിദ്യകളും ഉത്പന്നങ്ങളും നിരവധി സ്റ്റാർട്ടപ്പ് സംരംഭങ്ങള്‍ സ്റ്റാര്‍ട്ടപ്പ്സ് വാലി ടെക്നോളജി ബിസിനസ്സ് ഇന്‍കുബേറ്ററില്‍ വികസിപ്പിച്ച് വിപണിയില്‍ ഇറക്കുന്നുണ്ട്. ഇന്‍കുബേറ്ററില്‍ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന മുപ്പത്തിനാലു സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളുടെ സാങ്കേതിക പിന്തുണയും ഉറപ്പാക്കി കൊണ്ടാണ് പുതിയ പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്. സ്റ്റാര്‍ട്ടപ്പ്സ് വാലി ടെക്നോളജി ബിസിനസ്സ് ഇന്‍കുബേറ്ററില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ സഹായത്തോടെ നവീന സാങ്കേതിക വിദ്യകളുടെ ഗവേഷണങ്ങള്‍ക്കും വികസനത്തിനും ആയി ഒരുക്കിയിട്ടുള്ള അത്യാധുനിക സാങ്കേതിക ലബോറട്ടറി സൗകര്യങ്ങള്‍ക്ക് പുറമെ പ്രോട്ടോടൈപ്പിങ് മുതലായ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്താവുന്നതാണ്. ഗ്രാമീണ മേഖലയില്‍ ജോലിചെയ്യുന്നവര്‍ക്ക് ഈ പ്രതിസന്ധി ഘട്ടത്തില്‍ ഒരു കൈത്താങ്ങ് ആകും അമല്‍ ജ്യോതി എഞ്ചിനീയറിംഗ് കോളേജിന്റെ ഈ പുതിയ ഉദ്യമം എന്നത് ഉറപ്പാണ്. തൊഴില്‍ തേടി അലയുന്ന യുവാക്കളെ തൊഴിൽ ദാതാക്കള്‍ ആക്കി മാറ്റി ഇന്നത്തെ കാലഘട്ടത്തിൽ മധ്യ കേരളത്തിലെ മലയോര ഗ്രാമ പ്രദേശത്തെ സുസ്ഥിരവും സമഗ്രവും ആയ വികസനത്തില്‍ ഒരു പ്രധാന പങ്ക് വഹിക്കാനാകും സ്റ്റാര്‍ട്ടപ്പ്സ് വാലി ടെക്നോളജി ബിസിനസ്സ് ഇന്‍കുബേറ്ററിന് എന്ന് തീര്‍ച്ച.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Translate »
error: Content is protected !!