സംസ്ഥാന പൈനാപ്പിൾശ്രീ അവാർഡ് ഷാജി ജോർജ് പുളിക്കന്

 

എരുമേലി :സംസ്ഥാന സർക്കാർ മികച്ച പൈനാപ്പിൾ കർഷകന് നൽകുന്ന പൈനാപ്പിൾശ്രീ  അവാർഡ് എരുമേലി കൊരട്ടി സ്വദേശി ഷാജി ജോർജ് പുളിക്കന് ലഭിച്ചു .24 വർഷം മുമ്പ് വാഴകൃഷിയിൽ തുടങ്ങി കൈതച്ചക്ക കയറ്റി പിക്കപ്പ് വാനിൽ ആദ്യ ലോഡ് വാഴക്കുളത്ത് സ്വയം ചുമന്ന് ഇറക്കിയതു ജീവിതം കരുപ്പിടിപ്പിക്കാനുള്ള നെട്ടോട്ടമായിരുന്നെങ്കിൽ പിന്നെ കഥ മാറി. അഞ്ച് സെന്‍റിലും അമ്പത് സെന്‍റിലും തികയാതെ ചെറുവള്ളി എസ്റ്റേറ്റ് വരെ ഷാജി ജോർജിന്‍റെ പൈനാപ്പിൾ കൃഷി പടർന്നു കയറി. ഒടുവിലിതാ തേടിയെത്തി പൈനാപ്പിൾശ്രീ അവാർഡ്. 22ന് വാഴക്കുളത്ത് വച്ച് കൃഷിവകുപ്പ് മന്ത്രി വി.എസ്. സുനിൽകുമാറാണ് അവാർഡ് നൽകുന്നത്.പൈനാപ്പിള്‍ ഫാര്‍മേഴ്‌സ് അസോസിയേഷനും കേരള അഗ്രിക്കള്‍ച്ചര്‍ യൂണിവേഴ്‌സിറ്റിയും സംയുക്തമായാണ് കൃഷി മികവിന്‍റെ അടിസ്ഥാനത്തില്‍ ഓരോ രണ്ടു വര്‍ഷം കൂടുമ്പോഴും പൈനാപ്പിള്‍ ശ്രീ അവാര്‍ഡ് നല്‍കുന്നത്.

പിതാവ് പാരമ്പരാഗത കർഷകനും റബർ വ്യാപാരിയുമായിരുന്നു. ഡിഗ്രിക്ക് പഠിക്കുമ്പോഴായിരുന്നു അച്ഛന്‍റെ വിയോഗം. കൊരട്ടി പാലത്തിൽ വച്ച് ബസിൽ നിന്നിറങ്ങി നടക്കുന്നതിനിടെ പാഞ്ഞെത്തിയ ബൈക്ക് ഇടിച്ചാണ് മരിച്ചത്. ഇന്നും അത് വേദനയോടെയേ ഷാജി ജോർജിന് ഓർക്കാനാവൂ. പിന്നെ പഠനം ജീവിതത്തിന് വേണ്ടി കൃഷിയിലായി. രാവിലെ തൂമ്പയുമായി പറമ്പിലിറങ്ങി വാഴകൃഷി ചെയ്തു തുടങ്ങിയഷാജി ജോർജ് അയൽവാസികളുടെ പറമ്പുകൾ പാട്ടത്തിനെടുത്ത് കൃഷി വിപുലമാക്കി.

വർഷം മുഴുവൻ വിളവ് നൽകുന്ന കൃഷി പൈനാപ്പിൾ ആണെന്നറിഞ്ഞതോടെ കൃഷി പിന്നെ ആ വഴിക്കായി. എങ്ങനെ മികച്ച പൈനാപ്പിൾ വിളയിക്കാമെന്ന ചിന്ത ചെന്നെത്തിയത് ജൈവ വളത്തിലേക്കായിരുന്നു. കിട്ടാവുന്നത്രയും ജൈവ വളം കൃഷിയിൽ കൂടെ കൂട്ടിയതോടെ ഫലം ഇരട്ടിയായെന്ന് ഷാജി ജോർജ് പറയുന്നു. ചെറുവള്ളി എസ്റ്റേറ്റിൽ റബർ വെട്ടിമാറ്റിയിടത്തും വിവിധ പ്രദേശങ്ങളിലും ഷാജി ജോർജിന്‍റെ കൃഷിയെത്തിയതോടെ കൈതച്ചക്ക കയറ്റുമതിയിൽ മുന്നിലെത്തി.

വിലയിടിവ് പലപ്പോഴും അധ്വാനത്തെ പ്രതിസന്ധിയിലാക്കുന്നെന്ന് ഷാജി ജോർജ് പറയുന്നു. കൈതകൃഷിയുടെ രീതികളിൽ പ്രചരിക്കുന്ന തെറ്റിദ്ധാരണകൾ നീങ്ങണമെന്നും ഷാജി ആഗ്രഹിക്കുന്നു. കൈത കൃഷിയുടെ തലസ്ഥാനമായി വാഴക്കുളം മാറിയത് കൃഷിയെ നാട് തിരിച്ചറിഞ്ഞതുകൊണ്ടാണെന്നും അതുപോലെ നാട്ടുകാർ എല്ലാവരും കൃഷിയെ സ്നേഹിക്കുന്ന കാലം വരണമെന്നുമാണ് ഷാജി ജോർജിന്‍റെ ആഗ്രഹം. കൃഷിയിൽ പൂർണ പിന്തുണയുമായി കൂടെയുള്ളത് ഭാര്യ സൂസനാണ്. ബെൻ സെബാസ്റ്റ്യൻ, റോൺ സെബാസ്റ്റ്യൻ, അന്നു സെബാസ്റ്റ്യൻ എന്നിവരാണ് മക്കൾ.

Leave a Reply

Your email address will not be published. Required fields are marked *