സൂപ്പർഫാസ്റ്റിനേക്കാൾ കൂടിയ ചാർജ് ഫാസ്റ്റ് പാസഞ്ചർ ബസുകളിൽ

ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിൽ കെ.എസ്.ആർ.ടി.സി.യുടെ ഫാസ്റ്റ് പാസഞ്ചർ ബസുകളിൽ ഈടാക്കുന്നത് സൂപ്പർഫാസ്റ്റിനേക്കാൾ കൂടിയ നിരക്ക്. കോവിഡ് കാലത്ത് വരുത്തിയ പരിഷ്കാരമാണിത്. കോവിഡ് അടച്ചിടലിന് ഇളവനുവദിച്ചപ്പോൾ നിലവിലുണ്ടായിരുന്ന ടിക്കറ്റ് നിരക്കിന്റെ 25 ശതമാനം വർധിപ്പിച്ചാണ് സർവീസ് തുടങ്ങിയത്. പിന്നീട് സൂപ്പർഫാസ്റ്റ്, സൂപ്പർ എക്സ്പ്രസ്, ഡീലക്സ് സൂപ്പർ തുടങ്ങിയ സൂപ്പർ ക്ലാസ് ബസുകളിൽ, യാത്രക്കാർ കുറവുള്ള ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിൽ നിരക്ക്25 ശതമാനം കുറച്ചു. ഫാസ്റ്റ് പാസഞ്ചർ മുതൽ താഴോട്ടുള്ള ബസുകൾക്ക് ഈ ഇളവ് ബാധകമാക്കിയില്ല. ഇതോടെയാണ് മൂന്നുദിവസങ്ങളിൽ ഫാസ്റ്റ് പാസഞ്ചർ ബസുകളിൽ സൂപ്പർഫാസ്റ്റിനേക്കാൾ കൂടിയ ചാർജ് ഈടാക്കുന്ന സാഹചര്യമുണ്ടായത്. .

ചാർജ് കുറവു പ്രതീക്ഷിച്ച്, ഫാസ്റ്റ് പാസഞ്ചറിൽ കയറുന്ന യാത്രക്കാർ അബദ്ധത്തിൽപ്പെടും. സൂപ്പർ ക്ലാസ്‌ ബസുകളിൽ ഇളവുനൽകുകയും കൂടുതൽ യാത്രക്കാർ കയറുന്ന ഫാസ്റ്റ് പാസഞ്ചറിൽ കൂടിയനിരക്ക് ഈടാക്കുകയും ചെയ്യുന്നത് അനീതിയാണെന്ന് പതിവുയാത്രക്കാർ പറയുന്നു.

തിരുവനന്തപുരത്തുനിന്ന് കൊല്ലത്തേക്ക് സൂപ്പർഫാസ്റ്റിന് 87 രൂപയും ഫാസ്റ്റ്പാസഞ്ചറിന് 84 രൂപയുമാണ് ടിക്കറ്റ് നിരക്ക്. ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിൽ സൂപ്പർഫാസ്റ്റ് നിരക്ക് 69 ആയി കുറച്ചു. എന്നാൽ ഈ ദിവസങ്ങളിലും ഫാസ്റ്റ് പാസഞ്ചറുകളിൽ 84 രൂപയുടെ ടിക്കറ്റെടുക്കണം. സൂപ്പർഫാസ്റ്റിൽ യാത്രചെയ്യുന്നതിനേക്കാൾ കൂടുതൽ സമയമെടുക്കുകയും ചെയ്യും. ഹ്രസ്വദൂര യാത്രകളിലും ഈ വ്യത്യാസം പ്രകടമാണ്. കൊല്ലത്തുനിന്ന് കരുനാഗപ്പള്ളിയിലേക്ക് ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിൽ 30 രൂപയാണ് സൂപ്പർഫാസ്റ്റ് നിരക്ക്. ഫാസ്റ്റ് പാസഞ്ചറിൽ 36 രൂപ ഈടാക്കുന്നുണ്ട്.

യാത്രക്കാരുടെ എണ്ണവും വരുമാനവും ഉയർന്നിട്ടും ടിക്കറ്റ് നിരക്ക് കുറയ്ക്കാനും കെ.എസ്.ആർ.ടി.സി. തയ്യാറായിട്ടില്ല. സ്വകാര്യബസുകളിലും 25 ശതമാനം ഉയർന്നനിരക്കാണ് ഈടാക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Translate »
error: Content is protected !!