എരുമേലി നന്നാകണം : ഒന്നിച്ചെത്തി പറഞ്ഞു ഗ്രേറ്റർ എരുമേലി.

എരുമേലി : അവർ അധികം പേരില്ലായിരുന്നു. പക്ഷെ അവർക്ക്‌ ഒറ്റ ആവശ്യമേ ഉണ്ടായിരുന്നുള്ളൂ. അത് അവർ പഞ്ചായത്ത്‌ ഓഫിസിലും പേട്ടക്കവലയിലും ബസ് സ്റ്റാൻഡിലും ബാനർ പിടിച്ചു നിന്ന് വിശദമായി പറഞ്ഞു. നാട് നന്നാകണമെന്നായിരുന്നു അവർ മുന്നോട്ടു വെച്ച ആവശ്യം. ദി ഗ്രേറ്റർ എരുമേലി ഡെവലപ്പ്മെന്റ് കൗൺസിൽ പ്രവർത്തകരാണ് ആജീവനാന്ത ഗസറ്റ്ഡ് ഓഫിസർ റിട്ട. മേജർ. പ്രൊഫ. എം ജി വർഗീസിന്റെ നേതൃത്വത്തിൽ ഇരുപതോളം പേർ പ്രകടനമായി എരുമേലിയിൽ നാട് നന്നാകണമെന്ന ആവശ്യം ഉന്നയിച്ച് വിശദീകരണ യോഗങ്ങൾ നടത്തിയത്. എരുമേലിയിൽ ജല മലിനീകരണം രൂക്ഷമായി മാറുകയാണെന്നും ശബരിമല തീർത്ഥാടകർക്ക് മികച്ച നിലയിൽ നാടിനെ സൗകര്യപ്രദമാക്കി നൽകാൻ വികസന പ്രവർത്തനങ്ങൾ ഇനിയുമെറെ നടക്കേണ്ടതുണ്ടെന്നും പഞ്ചായത്ത്‌ ഓഫിസ് പടിക്കൽ നടത്തിയ യോഗം ഉദ്ഘാടനം ചെയ്ത് എം ജി വർഗീസ് പറഞ്ഞു. ഇത് സംബന്ധിച്ച് പ്രധാന മന്ത്രി, മുഖ്യമന്ത്രി ഉൾപ്പെടെ കേന്ദ്ര – സംസ്ഥാന സർക്കാരുകൾക്ക് വിവിധ നിവേദനങ്ങൾ മുമ്പ് നൽകിയതാണ്. എന്നാൽ നടപടികൾ ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തിൽ പഞ്ചായത്ത്‌ ഭരണസമിതിയും നാട്ടുകാരും ഇക്കാര്യം ശക്തമായി ഉന്നയിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രകടനമായി പ്രവർത്തകർ എത്തി വിശദീകരണ യോഗങ്ങൾ നടത്തിയത്. ഒട്ടേറെ വികസന പ്രവർത്തനങ്ങൾ എരുമേലിയിൽ കൊണ്ടുവരാൻ എരുമേലി ഡെവലപ്പ്മെന്റ് കൗൺസിൽ എന്ന സംഘടനയുടെ ശ്രമഫലമായി സാധിച്ചിരുന്നു. ആദ്യ കാലത്തെ ഈ സംഘടനയുടെ ശിൽപികളിൽ പലരും ഇന്ന് ജീവിച്ചിരിപ്പില്ല. മുൻഗാമികളായ ഈ ദേശസ്‌നേഹികളുടെ സ്മരണ നിറയുന്നതിനും തുടർ വികസനങ്ങൾക്ക് പ്രചോദനം പകരാനുമായി  രൂപീകരിച്ച സംഘടന കൂടിയാണ് ദി ഗ്രേറ്റർ എരുമേലി ഡെവലപ്പ്മെന്റ് കൗൺസിൽ. പഞ്ചായത്ത്‌ ഓഫിസിലെത്തി ജനപ്രതിനിധികളെ സന്ദർശിച്ച് സംഘടനയുടെ ഭാരവാഹികൾ എരുമേലിയുടെ വികസന കാര്യങ്ങളിൽ നേരിട്ടിരിക്കുന്ന ശോചനീയ സ്ഥിതി വിവരിച്ചു. തുടർന്ന് ഓഫിസിന് മുമ്പിലും പേട്ടക്കവല, ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിൽ വിശദീകരണ യോഗം നടത്തി. എരുമേലി കൊച്ചുതോടും വലിയ തോടും ശുദ്ധമാക്കി സംരക്ഷിക്കുക, റോഡുകൾ വികസിപ്പിക്കുക, കുടിവെള്ള ലഭ്യത എല്ലായിടത്തും ഉറപ്പാക്കുക, എരുമേലിക്കായി സമഗ്രമായ വികസന പദ്ധതികൾ രൂപീകരിച്ച് നടപ്പിലാക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഭാരവാഹികൾ ഉന്നയിച്ചു. കൗൺസിൽ സെക്രട്ടറി ബാബു തോമസ്, മോഹനൻ കെ പി, അബ്ദുൽ കരീം, കെ കെ സ്കറിയ, രാജൻ നാലുമാവുങ്കൽ തുടങ്ങിയവർ പ്രസംഗിച്ചു.
ചിത്രം.
ദി ഗ്രേറ്റർ എരുമേലി ഡെവലപ്പ്മെന്റ് കൗൺസിൽ പ്രവർത്തകർ എരുമേലി പഞ്ചായത്ത്‌ ഓഫിസിന് മുന്നിൽ നടത്തിയ വിശദീകരണ യോഗം റിട്ട. മേജർ. പ്രൊഫ. എം ജി വർഗീസ് ഉദ്ഘാടനം ചെയ്യുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Translate »
error: Content is protected !!