പൗരത്വനിയമത്തിനെതിരെ പ്രതിഷേധം നോ‍ര്‍വീജിയൻ യുവതിയോട് ഇന്ത്യ വിടാൻ നി‍ദേശം

കൊച്ചി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിൽ പങ്കെടുത്ത നോർവീജിയൻ യുവതിയോട് ഉടൻ ഇന്ത്യൻ വിടാൻ നിർദേശം. നോർവീജിയൻ സ്വദേശി ജാനി മെറ്റി ജോൺസണോടാണ് അധികൃതർ അടിയന്തരമായി രാജ്യം വിടാൻ ആവശ്യപ്പെട്ടിരിക്കുന്നത്.ഡിസംബർ 23 തിങ്കളാഴ്ച ഫോർട്ട് കൊച്ചിയിലേക്ക് നടന്ന ലോങ് മാർച്ചിൽ ജാനി മെറ്റ് ജോൺസൻ പങ്കെടുത്തിരുന്നു. കൂടാതെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ചില ഫേസ്ബുക്ക് കുറിപ്പുകളും അവർ ഇട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇമിഗ്രേഷൻ അധികൃതർ നാടു വിടാൻ നിർദേശം നൽകിയത്.

ടൂറിസ്റ്റ് വിസയിൽ ഇന്ത്യയിൽ എത്തുന്ന വിദേശികൾ ഇവിടുത്തെ സമരങ്ങളിലോ പ്രതിഷേധങ്ങളിലോ പങ്കെടുക്കാൻ പാടില്ലെന്ന വിസാച്ചട്ടം ജാനി മെറ്റ് ജോൺസൻ ലംഘിച്ചതായി അധികൃതർ പറയുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് രാജ്യം വിടാൻ നിർദേശം നൽകിയതെന്നും അവർ വ്യക്തമാക്കി.ജാനി താമസിക്കുന്ന സ്ഥലത്ത് എത്തിയാണ് അധികൃതർ നിർദേശം കൈമാറിയത്. ഇന്ന് ഉച്ചയ്ക്കുള്ള വിമാനത്തിലാണ് ജാനി നാട്ടിലേക്ക് മടങ്ങുന്നത്. നേരത്തെ മദ്രാസ് സർവകലാശാലയിൽ പ്രതിഷേധത്തിൽ പങ്കെടുത്ത ജർമൻ വിദ്യാർഥിയെയും ഇത്തരത്തിൽ നാട്ടിലേക്ക് മടക്കിയയച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *