തെരഞ്ഞെടുപ്പ് : എരുമേലിയിലുണ്ടാകും ഒരു കമ്പനി കേന്ദ്ര സേന.

എരുമേലി : നിയമസഭാ തെരഞ്ഞെടുപ്പ് മുൻനിർത്തി എരുമേലിയിൽ ഒരു കമ്പനി കേന്ദ്ര സായുധ സേന ക്യാമ്പ് ചെയ്യും. സേനയിലെ കമാൻഡന്റ്, ഡെപ്യൂട്ടി കമാൻഡന്റ് ഉൾപ്പെടെ മുതിർന്ന ഉദ്യോഗസ്ഥർ ഇന്നലെ എരുമേലിയിലെത്തി. എരുമേലി പോലിസ് സ്റ്റേഷനിൽ ഇന്നലെ ഇവരെ സന്ദർശിച്ച് ജില്ലാ പോലിസ് മേധാവി ഡി ശിൽപ സേനക്കുള്ള സൗകര്യങ്ങൾ വിലയിരുത്തി. ജയ്പൂരിൽ നിന്ന് ഒരു കമ്പനി സേനാംഗങ്ങൾ ഇന്ന് എത്തും.എരുമേലിയിൽ പോലിസ് സ്റ്റേഷനോട്‌ ചേർന്നുള്ള കെ എ പി അഞ്ചാം ബറ്റാലിയൻ ഡിറ്റാച്ച്മെന്റ് ക്യാമ്പിലാണ് സേനക്ക് താമസ സൗകര്യം ക്രമീകരിച്ചിരിക്കുന്നത്. ജില്ലയിലെ സേവനത്തിനായാണ് സേന എരുമേലിയിൽ ക്യാമ്പ് ചെയ്യുന്നത്.ഇൻഡോ – ടിബറ്റൻ അതിർത്തി സേനയിലെ ഒരു കമ്പനി ആണ് ഇന്ന് എരുമേലിയിൽ എത്തുക. ജില്ലയിൽ നാല് കമ്പനി സേന ഉണ്ടാകുമെന്നും പോലിസിന്റെ നാല് സബ് ഡിവിഷനുകളിലായി ഓരോ കമ്പനിയെ നിയോഗിക്കുമെന്നും പോലിസ് ഉദ്യോഗസ്ഥർ അറിയിച്ചു. കാഞ്ഞിരപ്പള്ളി സബ് ഡിവിഷനിലേക്കുള്ള കേന്ദ്ര സേനയാണ് എരുമേലിയിൽ ക്യാമ്പ് ചെയ്യുക.തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ സമാധാനപരമാക്കുന്നതിന് 150 കമ്പനി കേന്ദ്ര സേനയുടെ സേവനം സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിരുന്നു. 30 കമ്പനി സേന ആണ് നിലവിൽ എത്തിയിട്ടുള്ളത്. ഇതിൽ ഒരു കമ്പനി സായുധ സേനയാണ് എരുമേലിയിൽ ക്യാമ്പ് ചെയ്യുക. തെരഞ്ഞെടുപ്പ് തീരുന്നത് വരെയാണ് സേനയുടെ സേവനം. മുതിർന്ന ഓഫിസർമാർക്കുള്ള താമസ സൗകര്യവും ക്രമീകരിച്ചിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Translate »