ബസേലിയസിലെ വെർച്വൽ കലോത്സവം വൈറലായി

കോട്ടയം: കോവിഡ് കാലത്ത് കലോത്സവം ഓണ്‍ലൈനാക്കി ബസേലിയസ് കോളജ്.യൂണിവേഴ്സിറ്റി കലോത്സവത്തിന്റെ സ്ഥിരംവേദിയായിരുന്ന ബസേലിയസ് കോളജിലെ ഓഡിറ്റോറിയവും ക്ലാസ് റൂമുകളിലും ഇപ്പോൾ ഓണ്‍ലൈൻ കലോത്സവത്തിന്റെ പ്ലാറ്റ്ഫോമുകളാണ്.
ലോക്ഡൗണ്‍ നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ ഇത്തവണ ഇനി കലോത്സവങ്ങളും കായികമേളകളും ഒന്നുമില്ല. ഇതു കുട്ടികളിൽ വലിയ മാനസിക ബുദ്ധിമുട്ടാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇത് ഒരു പരിധിവരെ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഓണ്‍ലൈൻ കലോത്സവം സംഘടിപ്പിച്ചത്.
സംഗീതം, നൃത്തം, ചിത്രരചന, അഭിനയകല, സാഹിത്യം എന്നീ വിഭാഗങ്ങളിലായി 53 ഇനങ്ങളിലാണു മത്സരം. യൂണിവേഴ്സിറ്റി കലോത്സവത്തിന്റെ അതേമാതൃകയിലാണു മത്സരവും മത്സര ഇനങ്ങളും. 11 ഇനങ്ങളിൽ സംഗീത മത്സരവും ഒന്‍പത് ഇനങ്ങളിൽ നൃത്തമത്സരവുമുണ്ട്. എട്ടിനങ്ങളിൽ സാഹിത്യമത്സരം അരങ്ങേറുന്പോൾ ആറിനങ്ങളിൽ ചിത്രകലയും മൂന്നിനങ്ങളിൽ രംഗകല മത്സരങ്ങളുമുണ്ടാകും. വിദ്യാർഥികൾ വീട്ടിലും ക്ലാസ് റൂമുകളിലും ഇരുന്നാണ് ഓണ്‍ലൈൻ പ്ലാറ്റ് ഫോമിൽ മത്സരത്തിനെത്തുന്നത്.
മത്സരങ്ങൾ ഓണ്‍ലൈനിൽ വീക്ഷിച്ച് വിധികർത്താക്കൾ വിലയിരുത്തും. തുടർന്നു ഫലപ്രഖ്യാപനവും നടത്തും. ആദ്യമായിട്ടാണ് ഒരു കലാലയം വെർച്വൽ രീതിയിൽ കലോത്സവം സംഘടിപ്പിക്കുന്നത്. ഇതിനോടകം കലോത്സവം സോഷ്യൽ മീഡിയയിൽ വൈറലായി.പൂർവവിദ്യാർഥി എസ്. ഹരീഷ് ഓണ്‍ലൈൻ കലോത്സവം ഉദ്ഘാടനം ചെയ്തു. നാളെ സമാപിക്കും