മികവിന്റെ കേന്ദ്രമാകാന്‍ വെച്ചൂച്ചിറ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍

പത്തനംതിട്ട : റാന്നി നിയോജക മണ്ഡലത്തില്‍ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി മികവിന്റെ കേന്ദ്രമാകുന്ന വെച്ചൂച്ചിറ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലേക്ക്. ജില്ലയിലെ ഓരോ നിയോജക മണ്ഡലത്തിലേയും ഒരോ സ്‌കൂളുകളെയാണു മികവിന്റെ കേന്ദ്രമാക്കുന്നതിനായി തെരഞ്ഞെടുത്തിരിക്കുന്നത്

വെച്ചൂച്ചിറ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കിഫ്ബി ഫണ്ടില്‍ ഉള്‍പ്പെടുത്തി അഞ്ചു കോടി രൂപ വിനിയോഗിച്ചാണു നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. റാന്നി നിയോജക മണ്ഡലത്തില്‍ നിന്ന് മികവിന്റെ കേന്ദ്രമാക്കുന്നതിന് വെച്ചൂച്ചിറ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനെ രാജു എബ്രഹാം എം.എല്‍.എ തെരഞ്ഞെടുക്കുകയായിരുന്നു

ഹൈസ്‌കൂളിന് ഇരുനില കെട്ടിടവും ഹയര്‍ സെക്കന്‍ഡറിക്ക് ആറു ക്ലാസ് മുറികളുമുളള ഒരു നില കെട്ടിടവുമാണു നിര്‍മ്മിക്കുന്നത്. 16 ക്ലാസ്മുറികളുള്ള ഹൈസ്‌കൂള്‍ കെട്ടിടത്തില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം ശുചിമുറികളും സജീകരിച്ചിട്ടുണ്ട്. ഈ ഇരുനില കെട്ടിടത്തിന്റെ 80 ശതമാനം പണികളും പൂര്‍ത്തിയായിക്കഴിഞ്ഞു. ഹൈസ്‌കൂള്‍ കെട്ടിടത്തിന്റെ ടൈലിംഗ് പണികളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. ഹൈസ്‌കൂളിലെ ക്ലാസ്മുറികള്‍ക്ക് 400 ച.അടി വീതവും ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലെ ക്ലാസ്മുറികള്‍ക്ക് 600 ചതുരശ്രഅടി വീതവുമാണ് വിസ്തീര്‍ണം

ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ക്ലാസ് റൂമുകള്‍, ഓഫീസ് റൂം, ശുചിമുറി എന്നിവയുടെ പണികള്‍ നടന്നുവരുന്നു. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലെ കെട്ടിടത്തിന്റെ ഭിത്തികെട്ടുന്ന പണികളും നടക്കുന്നുണ്ട്. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലെ കെട്ടിടത്തിന്റെ 50 ശതമാനം പണികളും പൂര്‍ത്തിയായി കഴിഞ്ഞു

കൈറ്റിന്റെ നേതൃത്വത്തില്‍ വാപ്‌കോസ് നിയന്ത്രണത്തില്‍ സൗത്ത് ഇന്ത്യ കണ്‍ട്രക്ഷന്‍ കമ്പനിയാണ് പണികള്‍ നടത്തിവരുന്നത്. കോവിഡ് ലോക്ഡൗണ്‍ മൂലമാണ് പണികള്‍ പൂര്‍ത്തിയാകാന്‍ വൈകിയത്. ഫെബ്രുവരി അവസാനത്തോടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാനാണു ലക്ഷ്യമിടുന്നത്.

വെച്ചൂച്ചിറ കോളനി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നഴ്‌സറി മുതല്‍ പ്ലസ്ടു വരെ 650 ല്‍ അധികം കുട്ടികളാണ് പഠിക്കുന്നത്. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 280 ഏറെ വിദ്യാര്‍ഥികളും ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ സയന്‍സ്, കൊമേഴ്‌സ്, ഹ്യുമാനിറ്റീസ് ഗ്രൂപ്പുകളിലായി 360 വിദ്യാര്‍ഥികളുമാണ് പഠിക്കുന്നത്

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Translate »
error: Content is protected !!