അക്ഷയ സേവനങ്ങള്‍ വീട്ടിലെത്തിക്കാന്‍ സന്നദ്ധ സേനാംഗങ്ങളെ നിയോഗിക്കും: മുഖ്യമന്ത്രി

ടോവിനോ തോമസിനെ സന്നദ്ധ സേനയുടെ ബ്രാന്‍ഡ് അംബാസിഡറായി പ്രഖ്യാപിച്ചു

അക്ഷയ സേവനങ്ങള്‍ ഓണ്‍ലൈനായി അപേക്ഷിക്കാന്‍ ബുദ്ധിമുട്ടുള്ളവരെ സഹായിക്കുന്നതിനും സേവനങ്ങള്‍ വീടുകളിലെത്തിക്കുന്നതിനും സന്നദ്ധ സേനാംഗങ്ങളെ നിയോഗിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.  ഇങ്ങനെ ലഭിക്കുന്ന അപേക്ഷകളും പരാതികളും  സ്വീകരിച്ച് അധികാരികള്‍ക്ക് എത്തിച്ചു കൊടുക്കുന്നതിനും അതിന്റെ തുടര്‍നടപടികളുടെ വിവരങ്ങള്‍ വിളിച്ച് അറിയിക്കുന്നതിനും സന്നദ്ധസേന അംഗങ്ങള്‍ക്ക് ഇ-പാസ് അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചലച്ചിത്ര താരം ടോവിനോ തോമസിനെ സന്നദ്ധ സേനയുടെ ബ്രാന്‍ഡ് അംബാസിഡറായി പ്രഖ്യാപിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് കാലത്ത് സന്നദ്ധ സേന പ്രവര്‍ത്തകര്‍ നടത്തിയ പ്രവര്‍ത്തനം മാതൃകാപരമായിരുന്നു. മൂന്നുലക്ഷത്തി എഴുപത്തി അയ്യായിരത്തി നാനൂറ്റി മുപ്പത് വ്യക്തികളാണ് സന്നദ്ധസേന അംഗങ്ങളായത്. കോവിഡ് പശ്ചാത്തലത്തില്‍ ഓണ്‍ലൈനായാണ് സേനാ അംഗങ്ങള്‍ക്ക്  ആദ്യഘട്ട  പ്രീ മണ്‍സൂണ്‍ പരിശീലനം നല്‍കിയത്്. ഈ ഘട്ടത്തില്‍ മണ്ണിടിച്ചില്‍, വെള്ളപ്പൊക്കം, ക്യാമ്പ് നടത്തിപ്പ് തുടങ്ങിയ വിവിധ വിഷയങ്ങളില്‍ വിദഗ്ധരുടെ സെക്ഷനുകള്‍ ഉള്‍പ്പെടുത്തി. ഏകദേശം 20,429  വ്യക്തികള്‍ പരിശീലനത്തിന്റെ ഭാഗമായി. സന്നദ്ധപ്രവര്‍ത്തകര്‍ക്ക്  ആവശ്യമായ ഇന്‍ഷുറന്‍സ് പരിരക്ഷ, മത്സര പരീക്ഷകള്‍ക്കുള്ള ഗ്രേസ് മാര്‍ക്ക് തുടങ്ങിയവ ഗവണ്‍മെന്റ് പരിശോധിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു.

ചലച്ചിത്ര രംഗത്തെ തിരക്കുകള്‍ മാറ്റിവച്ച് സന്നദ്ധസേനാംഗമായി പ്രവര്‍ത്തിച്ച ടോവിനോ തോമസിനെ സന്നദ്ധ സേനയുടെ ബ്രാന്‍ഡ് അംബാസിഡറായി പ്രഖ്യാപിക്കുന്നതിലൂടെ കൂടുതല്‍ യുവാക്കളെ സേനയിലേക്ക് ആകര്‍ഷിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. സന്നദ്ധപ്രവര്‍ത്തകരെ ഏകോപിപ്പിച്ച് ശാസ്ത്രിയ പരിശീനം നല്‍കി സന്നദ്ധസേന രൂപികരിച്ചതിന് സര്‍ക്കാരിനെ അഭിനന്ദിച്ച ടോവിനോ ബ്രാന്‍ഡ് അംബാസിഡര്‍ പദവി സന്തോഷം നല്‍കുന്നാതാണെന്ന് പറഞ്ഞു. ഓണ്‍ലൈനായി നടന്ന ചടങ്ങില്‍ പൊതുഭരണ വകുപ്പ് സെക്രട്ടറി കെ.ആര്‍ ജ്യോതിലാല്‍, യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്താ ജെറോം, സാമൂഹിക സന്നദ്ധ സേന ഡയറക്ടര്‍ അമിത് മീണ എന്നിവര്‍ പങ്കെടുത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Translate »
error: Content is protected !!