തിരഞ്ഞെടുപ്പ്: സെക്ടറല്‍ ഓഫീസര്‍മാരെയും സെക്ടറല്‍ അസിസ്റ്റന്‍റുമാരെയും നിയമിച്ചു

0

കോട്ടയം : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സെക്ടറല്‍ ഓഫീസര്‍മാരെയും സെക്ടറല്‍ അസിസ്റ്റന്‍റുമാരെയും നിയമിച്ച് ജില്ലാ വരണാധികാരി കൂടിയായ കളക്ടര്‍ എം. അഞ്ജന ഉത്തരവായി. പോളിംഗ് സ്റ്റേഷനുകളിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി പുരോഗതി റിപ്പോര്‍ട്ട് ചെയ്യുകയും സുഗമമായ വോട്ടെടുപ്പ് ഉറപ്പാക്കുകയുമാണ് ഇവരുടെ ചുതമല. വോട്ടെടുപ്പിന് മുമ്പ് സെക്ടര്‍ ഓഫീസര്‍മാര്‍ തങ്ങളുടെ ചുമതലയിലുള്ള പോളിംഗ് കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് സജജീകരണങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ടോയെന്ന് പരിശോധിക്കണം. പോളിംഗിന്‍റെ തലേ ദിവസം വൈകുന്നേരം എല്ലാ പോളിംഗ് കേന്ദ്രങ്ങളിലും എത്തി വോട്ടര്‍പട്ടികയുടെ മാര്‍ക്ക്ഡ് കോപ്പി പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ക്ക് രേഖാമൂലം കൈമാറണം. എല്ലാ പോളിംഗ് ഉദ്യോഗസ്ഥരും പോളിംഗ് കേന്ദ്രത്തില്‍ എത്തിയിട്ടുണ്ടെന്നും ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ ഉള്‍പ്പെടെയുള്ള തെരഞ്ഞെടുപ്പ് സാമഗ്രികള്‍ ലഭിച്ചിട്ടുണ്ടെന്നും ഉറപ്പാക്കണം. കോവിഡ്-19 പ്രതിരോധ സാമഗ്രികള്‍ പോളിംഗ് സ്റ്റേഷനുകളില്‍ ലഭ്യമായിട്ടുണ്ടോ എന്നും പരിശോധിക്കണം. പോളിംഗ് കേന്ദ്രങ്ങളില്‍ ഏതെങ്കിലും പോളിംഗ് സാമഗ്രികളുടെ കുറവുണ്ടായാല്‍ അവ ഉടന്‍ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കേണ്ടതും സെക്ടറര്‍ ഓഫീസര്‍മാരാണ്. ഇതിന് ആവശ്യമായ ഫോറങ്ങളും തെരഞ്ഞെടുപ്പ് സാമഗ്രികളും എപ്പോഴും വാഹനത്തില്‍ കരുതിയിരിക്കണം. ഏതെങ്കിലും പോളിംഗ് കേന്ദ്രത്തില്‍ അടിയന്തിര സാഹചര്യത്തില്‍ പുതിയ വോട്ടിംഗ് യന്ത്രം ആവശ്യമായി വന്നാല്‍ അവ ഉടന്‍ ലഭ്യമാക്കി റിട്ടേണിംഗ് ഓഫീസറുമായി ബന്ധപ്പെട്ട് കാന്‍ഡിഡേറ്റ് സെറ്റിംഗ് നടത്തുന്നതിന് നടപടി സ്വീകരിക്കണം. ഓരോ രണ്ടു മണിക്കൂര്‍ ഇടവിട്ട് പോളിംഗ് കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും പോളിംഗ് പുരോഗതി വിവരം ശേഖരിച്ച് റിട്ടേണിംഗ് ഓഫീസറെ അറിയിക്കുകയും ചെയ്യണം. പ്രിസൈഡിംഗ് ഓഫീസര്‍ പോള്‍ മാനേജര്‍ ആപ്ലിക്കേഷന്‍ മുഖേന വരണാധികാരിക്ക് വിവരങ്ങള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. പോളിംഗ് സ്റ്റേഷനിലോ അവയുടെ പരിസരത്തോ ഏന്തെങ്കിലും തര്‍ക്കങ്ങള്‍ ഉണ്ടായാല്‍ പോലീസുമായി ബന്ധപ്പെട്ട് പരിഹരിക്കണം. പോളിംഗ് സ്റ്റേഷനുകളിലോ പരിസരത്തോ സ്ഥാനാര്‍ഥികളോ പ്രവര്‍ത്തകരോ വോട്ടര്‍മാരോ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിക്കുന്ന സാഹചര്യമുണ്ടെങ്കില്‍ പോലീസിനെയോ മറ്റ് അധികാരികളെയോ അറിയിച്ച് നടപടി സ്വീകരിക്കണം. ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍, വരണാധികാരി, പ്രിസൈഡിംഗ് ഓഫീസര്‍മാര്‍, പ്രദേശത്ത് ക്രമസമാധാന ചുമതലയുള്ള പോളിംഗ് ഉദ്യോഗസ്ഥര്‍മാര്‍ എന്നിവരുടെ മൊബൈല്‍ നമ്പരുകള്‍ സെക്ടറല്‍ ഓഫീസര്‍മാരുടെ കൈവശം ഉണ്ടായിരിക്കണം.വോട്ടെടുപ്പിന് രണ്ടു ദിവസം മുന്‍പു മുതല്‍ പോളിംഗിന് ശേഷം സാധനങ്ങള്‍ തിരികെ സ്‌ട്രോംഗ് റൂമില്‍ സൂക്ഷിക്കുന്നതു വരെയാണ് സെക്ടറല്‍ ഓഫീസര്‍മാരുടെ സേവന സമയം. വിവിധ ബ്ലോക്കുകളിലായി റിസര്‍വ് ഉള്‍പ്പെടെ ആകെ 174 സെക്ടറല്‍ ഓഫീസര്‍മാരെയും 43 സെക്ടറല്‍ അസിസ്റ്റൻ്റുമാരെയുമാണ് നിയോഗിച്ചിട്ടുള്ളത്. കോട്ടയം മുനിസിപ്പാലിറ്റിയില്‍ അഞ്ചും വൈക്കം, ചങ്ങനാശേരി, പാലാ, ഏറ്റുമാനൂര്‍, ഈരാറ്റുപേട്ട മുനിസിപ്പാലിറ്റികളില്‍ രണ്ട് വീതവും സെക്ടറല്‍ ഓഫീസര്‍മാരാണുള്ളത്.

Spread the love

Leave a Reply

Your email address will not be published.

Translate »