മലപ്പുറം: തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ സമ്മതിദായകരുടെ വീട്ടിലെത്തി വോട്ട് രേഖപ്പെടുത്തുന്ന രീതിയായ ‘വീട്ടിൽ നിന്നും വോട്ട്’ (ഹോം വോട്ടിംഗ്) സേവനം ഉപയോഗപ്പെടുത്താൻ ജില്ലയിൽ നിന്ന് 13,216 പേർ. ഏപ്രിൽ 15 മുതൽ 24 വരെയാണ് ‘വീട്ടിൽ നിന്നും വോട്ട്’ സേവനം ലഭ്യമാക്കുകയെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ വി.ആർ. വിനോദ് അറിയിച്ചു. മുൻകൂട്ടി അപേക്ഷ നൽകിയ ഭിന്നശേഷിക്കാർക്കും 85 വയസ്സിന് മുകളിൽ പ്രായമുള്ളവർക്കുമാണ് വീട്ടിൽ നിന്നും വോട്ടിന് അവസരം ലഭിച്ചിട്ടുള്ളത്. ജില്ലയിൽ വിവിധ അസി. റിട്ടേണിംഗ് ഓഫീസർമാരുടെ നേതൃത്വത്തിൽ പോളിംഗ് ഉദ്യോഗസ്ഥരടങ്ങുന്ന 156 ടീമുകളെ നിയോഗിച്ചിട്ടുണ്ട്. രണ്ട് പോളിംഗ് ഓഫീസർമാർ, വീഡിയോഗ്രാഫർ, പൊലീസ് ഉദ്യോഗസ്ഥൻ എന്നിവരുൾപ്പെടുന്നതാണ് ഒരു ടീം. ആവശ്യമെങ്കിൽ ബൂത്ത് ലെവൽ ഓഫീസർമാരും സംഘത്തെ അനുഗമിക്കും. വീട്ടിലെ വോട്ടിംഗ് ഇങ്ങനെ വോട്ടിംഗ് പ്രക്രിയയുടെ സുതാര്യത ഉറപ്പ് വരുത്തുന്നതിനായി സ്ഥാനാർത്ഥികളുടെ ബൂത്ത് ലെവൽ ഏജന്റുമാർക്കും സംഘത്തോടൊപ്പം നിന്ന് നടപടിക്രമങ്ങൾ വീക്ഷിക്കാനാവും. വോട്ടിംഗിന്റെ രഹസ്യ സ്വഭാവം തകരാത്ത വിധത്തിൽ വോട്ടിംഗ് നടപടികൾ ഫോട്ടോ/വീഡിയോ എടുത്ത് സൂക്ഷിക്കാം. കാഴ്ചാപരിമിതർ, ചലനശേഷിയില്ലാത്തവർ എന്നിവർക്കൊഴികെ വോട്ട് ചെയ്യുന്നതിനായി സഹായിയെ അനുവദിക്കില്ല. വോട്ടിംഗിനായി ഉദ്യോഗസ്ഥർ വീട്ടിലെത്തുന്ന തീയതിയും സമയവും മുൻകൂട്ടി എസ്.എം.എസ് വഴിയും ഇതിന് സൗകര്യമില്ലാത്ത സാഹചര്യത്തിൽ ബൂത്ത് ലെവൽ ഓഫീസർമാർ മുഖേനയും വോട്ടർമാരെ അറിയിക്കും. ഈ സമയം വോട്ടർ വീട്ടിലില്ലാത്ത സാഹചര്യമുണ്ടായാൽ മറ്റൊരു ദിവസം കൂടി അവസരം നൽകും. ഈ അവസരം കൂടി നഷ്ടമായാൽ പിന്നീട് അവർക്ക് വോട്ട് ചെയ്യാൻ സാധിക്കില്ല. 29,840 ഭിന്നശേഷി വോട്ടർമാർ ജില്ലയിൽ 85 വയസ് പിന്നിട്ട 16,438 പേരും ഭിന്നശേഷി വിഭാഗത്തിൽ 29,840 പേരുമാണ് വോട്ടർമാരായുള്ളത്. ‘വീട്ടിൽ നിന്നും വോട്ട്’ പ്രക്രിയയ്ക്കായി ഇവർക്ക് ബൂത്ത് ലെവൽ ഓഫീസർമാർ മുഖേന 12 ഡി ഫോറം വിതരണം നടത്തുകയും ചെയ്തു. ഇവരിൽ വീടുകളിൽ വോട്ട് ചെയ്യാൻ താത്പര്യമറിയിച്ച 85 വയസ് കഴിഞ്ഞ 9,044 പേർക്കും ഭിന്നശേഷിക്കാരായ 4,172 പേർക്കുമാണ് ‘വീട്ടിൽ നിന്നും വോട്ട്’ അനുവദിച്ചത്. ‘വീട്ടിൽ നിന്നും വോട്ട്’ സംബന്ധിച്ച വിവരം വോട്ടർ പട്ടികയിൽ രേഖപ്പെടുത്തുന്നതിനാൽ ഈ തിരഞ്ഞെടുപ്പിൽ ഇവർക്ക് പോളിംഗ് ബൂത്തുകളിൽ ചെന്ന് വോട്ട് രേഖപ്പെടുത്താൻ സാധിക്കുകയില്ലെന്നും കളക്ടർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here