ഈ ഗവേണന്‍സ് പുരസ്കാരങ്ങള്‍; കോട്ടയത്തിന് ഇരട്ട നേട്ടത്തിന്റെ തിളക്കം

സംസ്ഥാന സര്‍ക്കാരിന്റെ ഇ-ഗവേണന്‍സ് പുരസ്കാര പ്രഖ്യാപനത്തില്‍ കോട്ടയം ജില്ലയ്ക്ക് ഇരട്ട നേട്ടത്തിന്റെ തിളക്കം. ഏറ്റവും മികച്ച വെബ് സൈറ്റിനുള്ള പുരസ്കാരം ജില്ലയുടെ വെബ്സൈറ്റ് നേടിയപ്പോള്‍ മികച്ച അക്ഷയ കേന്ദ്രമായി വാഴപ്പള്ളി പഞ്ചായത്തിലെ കുരിശും മൂട് അക്ഷയ കേന്ദ്രം തിരഞ്ഞെടുക്കപ്പെട്ടു.ജില്ലയെക്കുറിച്ചുള്ള സമഗ്ര വിവരങ്ങളും ചിത്രങ്ങളും ഡയറക്ടറിയും ഉള്‍പ്പെടുന്ന ഇംഗ്ലീഷ്-മലയാളം വെബ്സൈറ്റിന്(kottayam.nic.in) കഴിഞ്ഞ വര്‍ഷം ഡിജിറ്റല്‍ ട്രാന്സ്ഫോര്മേഷന് ദേശീയ പുരസ്കാരം ലഭിച്ചിരുന്നു. നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്റര്‍(എന്‍.ഐ.സി) രൂപകല്‍പ്പന ചെയ്ത സൈറ്റ് കാഴ്ച്ചവൈകല്യമുള്ളവര്ക്ക് സ്ക്രീന്‍ റീഡര്‍ ഉപയോഗിച്ച് വായിച്ചു കേള്‍ക്കാനും സാധിക്കും. എന്‍.ഐ.സിയുടെ സാങ്കേതിക സഹായത്തോടെ ജില്ലാ ഭരണകേന്ദ്രമാണ് അപ്ഡേറ്റ് ചെയ്യുന്നത്.വിവര സാങ്കേതിക വിദ്യയുടെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തി വിപുലമായ സേവനം നല്‍കുന്നത് പരിഗണിച്ചാണ് വയനാട്ടിലെ കൊറോം അക്ഷയ കേന്ദ്രത്തിനൊപ്പം കുരിശുംമൂട് അക്ഷയ കേന്ദ്രത്തെ പുരസ്കാരത്തിന് തിരഞ്ഞെടുത്തത്. ആധാര്‍ സേവനങ്ങള്‍ക്ക് പ്രത്യേക കൗണ്ടര്‍, ജീവനക്കാര്‍ക്ക് പഞ്ചിംഗ് സംവിധാനം, എല്ലാ മാസവും പ്രവര്‍ത്തന അവലോകനം, സമൂഹ മാധ്യമങ്ങള്‍, എസ്.എം.എസ്., എഫ്.എം റേഡിയോ എന്നിവയിലൂടെയുള്ള പ്രചാരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയും ഈ കേന്ദ്രത്തിന്റെ സവിശേഷതകളാണ്.—–ഫോട്ടോ 1. കുരിശുംമൂട് അക്ഷയ കേന്ദ്രം 2. കോട്ടയം ജില്ലയുടെ വെബ് സൈറ്റ്
