ശിവശങ്കറിനെ സർവ്വീസിൽ നിന്നും പുറത്താക്കണം: രമേശ് ചെന്നിത്തല തിരുവഞ്ചൂർ ഉപവാസമാരംഭിച്ചു

കോട്ടയം: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയും, സ്വർണ്ണക്കള്ളക്കടത്ത് കേസിൽ അഞ്ചാം പ്രതിയുമായ ശിവശങ്കറിനെ ഇന്ത്യൻ ഭരണഘടന ആർട്ടിക്കിൾ 311 പ്രകാരം സർവ്വീസിൽ നിന്ന് പുറത്താക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കോട്ടയത്ത് ആവശ്യപ്പെട്ടു.

കോട്ടയം നിയോജക മണ്ഡലത്തോടുള്ള സംസ്ഥാന സർക്കാരിൻ്റെ അവഗണനയിൽ പ്രതിഷേധിച്ച് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. നടത്തുന്ന 24 മണിക്കൂർ ഉപവാസ സമരം കോട്ടയം തിരുനക്കര മൈതാനിയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശിവശങ്കർ വാ തുറന്നാൽ ഉന്നതങ്ങളിലിരിക്കുന്ന പലരുടെയും നെഞ്ചിടിപ്പുയരും എന്നതിനാലാണ് നാളിതുവരെ മുഖ്യമന്ത്രി ശിവശങ്കറിനെതിരെ ഒന്നും സംസാരിക്കാത്തത്. ഉദ്യോഗസ്ഥനെ ചാരിയല്ല മുഖ്യമന്ത്രിയെ തന്നെ ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം കേരള ജനതയ്ക്കു വേണ്ടി യുദ്ധം നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇത്രയേറെ വിവാദമായ ലഹരി മയക്കുമരുന്ന് കേസിൽ കോടിയേരിയുടെ മകനെതിരെ ഒരു ചെറുവിരൽ അനക്കുവാൻ പോലും കേരള പോലീസ് തയ്യാറാകുന്നില്ല. പാർട്ടി സെക്രട്ടറിയുടെ രണ്ട് മക്കൾ കാട്ടിക്കൂട്ടുന്ന വിക്രിയകൾ കൊണ്ട് കേരള പൊതു സമൂഹം നാണംകെട്ട് തലതാഴ്ത്തുകയാണ്.

വാളയാറിലെ അമ്മയുടെ ചുടുകണ്ണീർ കേരളത്തിൻ്റെ കണ്ണീരാണ്. ആ അമ്മയുടെ കണ്ണീർ ഈ സർക്കാരിൻ്റെ അന്ത്യം കുറിക്കും.

അഴിമതിയിൽ മുങ്ങിക്കുളിച്ച സർക്കാരിനെ വെള്ളപൂശുവാൻ സി.പി.ഐ. സംസ്ഥാന ജനറൽ സെക്രട്ടറി അടുത്ത നാളുകളിൽ കാണിക്കുന്ന ആവേശത്തിന് പിന്നിലുള്ള വ്യക്തമായ കാര്യം വേറെയാണ്.അത് കൃത്യമായി യു.ഡി.എഫ്.ന് അറിയാമെന്നും അദ്ദേഹം പറഞ്ഞു.

യു.ഡി.എഫ്.സർക്കാർ കാലയളവിൽ കോട്ടയം നിയോജക മണ്ഡലത്തിൽ വികസന കുതിപ്പാണ് ഉണ്ടായത്. എന്നാൽ ഈ സർക്കാർ വന്നതിന് ശേഷം നിശ്ചലാവസ്ഥയാണ്. തുടങ്ങിവെച്ച 16 വൻകിട വികസന പദ്ധതികൾ പണി മുടങ്ങിയ നിലയിലാണ്. തിരുവഞ്ചൂർ രാധാകൃഷ്ണൻ മുൻകൈ എടുത്ത് തുടങ്ങിയ ഈ പദ്ധതികൾ പൂർത്തീകരിച്ചാൽ കോട്ടയത്തിൻ്റെ മുഖം തന്നെ മാറുമായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളപ്പിറവി ദിനമായ ഇന്ന് (01.11.2020, ഞായർ) രാവിലെ 9:30 ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നാരങ്ങാനീര് നല്കി ഉപവാസം അവസാനിപ്പിക്കും.

ഡി.സി.സി.പ്രസിഡൻ്റ് ജോഷി ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു. പ്രതിപക്ഷ ഉപനേതാവ് കെ.സി.ജോസഫ് എംഎൽഎ , എ ഐ സി സി അംഗം കുര്യൻ ജോയ് , കെ പി സി സി ജനറൽ സെക്രട്ടറിമാരായ ടോമി കല്ലാനി, പി.ആർ.സോന, എം.എം.നസീർ, മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് ലതികാ സുഭാഷ്, ഫിലിപ്പ് ജോസഫ്, കുഞ്ഞ് ഇല്ലംപള്ളി, യു.ഡി.എഫ്.ജില്ലാ കൺവീനർ ജോസി സെബാസ്റ്റ്യൻ, പി.എസ്.രഘുറാം, നാട്ടകം സുരേഷ്, സുധാ കുര്യൻ, മുസ്ലീം ലീഗ് ജില്ലാ പ്രസിഡൻ്റ് അസീസ് ബഢായി, യൂജിൻ തോമസ്, എം.ജി.ശശിധരൻ, ഫിൽസൺ മാത്യൂസ്, ജാൻസ്കുന്നപ്പള്ളി, മോഹൻ.കെ.നായർ, എം.പി. സന്തോഷ് കുമാർ, ജി.ഗോപകുമാർ, ബിജു പുന്നത്താനം, ജോണി ജോസഫ്, സിബി ചേനപ്പാടി, ബോബി ഏലിയാസ്, സണ്ണി കാഞ്ഞിരം, നന്തിയോട് ബഷീർ, എൻ.എസ്.ഹരിശ്ചന്ദ്രൻ, ജെ.ജി. പാലയ്ക്കലോടി, ശോഭാ സലിമോൻ, ചിന്തു കുര്യൻ ജോയി, ടോം കോര അഞ്ചേരി, എസ്.രാജീവ്, റ്റി.സി.റോയി തുടങ്ങിയവർ പ്രസംഗിച്ചു.

മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ 36-)മത് രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് ജില്ലാ കോൺഗ്രസ്സ് കമ്മറ്റി സംഘടിപ്പിച്ച ചടങ്ങിൽ തിരുനക്കര മൈതാനത്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേത്രുത്വത്തിൽ ഇന്ദിരാഗാന്ധിയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തുന്നു .

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Translate »
error: Content is protected !!