ഹൃദ്രോഗം ഉള്ളയാൾക്ക് കോവിഡ് ബാധിച്ചാൽ സ്ഥിതി അതീവ ഗുരുതരമാകും,ചേനപ്പാടിയിലെ അമീർ മീരാൻ എന്ന യുവാവ് തരണം ചെയ്യുകയാണ് ഈ ഗുരുതര സ്ഥിതി.

ഹൃദ്രോഗം ഉള്ളയാൾക്ക് കോവിഡ് ബാധിച്ചാൽ സ്ഥിതി അതീവ ഗുരുതരമാകും. ചേനപ്പാടിയിലെ അമീർ മീരാൻ എന്ന യുവാവ് ഇപ്പോൾ കോവിഡ് ട്രീറ്റ്മെന്റ് സെന്ററിൽ ചികിത്സയിൽ തരണം ചെയ്യുകയാണ് ഈ ഗുരുതര സ്ഥിതി.

കോവിഡ് ആയി വീട്ടിൽ കഴിയുമ്പോൾ ആശുപത്രിയിൽ പോകാൻ ആംബുലൻസ് വരാൻ വൈകിയ ആ രണ്ട് മണിക്കൂറുകൾ അമീറിനെ സംബന്ധിച്ചിടത്തോളം ശ്വാസം കിട്ടാൻ പ്രയാസപ്പെട്ട കഠിനമായ മണിക്കൂറുകളായിരുന്നു. വീട്ടിൽ കിടന്ന് ഫേസ്ബുക് ലൈവിൽ അമീർ സഹായം അഭ്യർത്ഥിക്കുന്നത് നിരവധി പേരാണ് കണ്ട് നിസ്സഹായരായി സങ്കടപ്പെട്ടത്. അത്രയേറെ വൈകാരികമായിരുന്നു അപ്പോൾ അമീറിന്റെ ദയനീയ അവസ്ഥ. അമീറിന് കോവിഡ് ആയതിനാൽ പ്രത്യേക സുരക്ഷാ കവചങ്ങൾ ധരിച്ചു വേണം സഹായിക്കാൻ എത്തേണ്ടത്. പക്ഷെ ആരോഗ്യ പ്രവർത്തകരും ആംബുലൻസും എത്താൻ വൈകുകയാണ്. ഹൃദരോഗിയായ അമീറിന്റെ സ്ഥിതിയാകട്ടെ അതീവ ഗുരുതരാവസ്ഥയിലും. ശ്വാസതടസം മൂലം അമീർ പ്രയാസപ്പെടുന്ന ആ നിർണായക സമയത്ത് അയൽവാസികളായ രണ്ട് യുവാക്കൾ ധൈര്യ പൂർവ്വം സഹായത്തിനെത്തി. ഒരാൾ ബന്ധുവും മറ്റൊരാൾ സുഹൃത്തുമായിരുന്നു. മറ്റൊരു വാഹനത്തിൽ അമീറിനെ ആശുപത്രിയിൽ കൊണ്ടുപോകാൻ ഇവർ തയ്യാറെടുക്കുമ്പോളാണ് ആംബുലൻസ് എത്തിയത്. ആംബുലൻസിൽ കയറാൻ വീട്ടിൽ നിന്നും നടന്നു പോകുന്നതിനിടെ ശ്വാസം കിട്ടാൻ പ്രയാസപ്പെട്ട് അമീർ വേച്ചുവീണപ്പോൾ താങ്ങിയെടുത്തു ആ യുവാക്കൾ. അമീറിന് കോവിഡ് ആണ്, സഹായിച്ചാൽ തങ്ങൾക്കും ഈ രോഗം വരും എന്ന് അറിഞ്ഞുകൊണ്ട് തന്നെ സ്വന്തം ജീവൻ അപകടത്തിലാകുമെന്നുള്ളത് വക വെയ്ക്കാതെ കോവിഡ് രോഗിയെ സഹായിക്കാൻ മനസ് കാട്ടിയ ആ യുവാക്കളുടെ പേരാണ് അജാസും അജ്മലും… അതെ, ചേനപ്പാടിയിൽ ചേലുള്ള നന്മ കൂടിയുണ്ടെന്നുള്ളതിന്റെ നന്മ നിറഞ്ഞ മുഖങ്ങളാണ് അജാസും അജ്മലും.

അമീർ ഇപ്പോൾ ചികിത്സയിൽ സുഖം പ്രാപിച്ചുകൊണ്ടിരിക്കുന്നു. പിപിഇ കിറ്റ് ഒന്നും ഇല്ലാത്തതിനാൽ സുരക്ഷാ സൗകര്യങ്ങളില്ലാതെ അമീറിനെ സഹായിച്ച അജാസും അജ്മലും ഇപ്പോൾ ക്വാറന്റൈനിലാണ്.

ആംബുലന്‍സില്‍ തനിയെ കയറാന്‍ ശ്രമിച്ച അമീർ രണ്ടു തവണയാണ് താഴെ വീണത്. ഇതു കണ്ടു നിന്ന അജാസും അജ്മലും ‍താങ്ങിയെടുത്ത് ആംബുലൻസിൽ ‍കയറ്റിയെന്ന് മാത്രമല്ല ആംബുലൻസിൽ ഡ്രൈവർ മാത്രം ഉള്ളതിനാൽ സഹായത്തിന് സന്നദ്ധരായി ആംബുലൻസിൽ അമീറിനൊപ്പം ആശുപത്രിയിലേക്ക് പോകുകയും ചെയ്തു. ആംബുലൻസിൽ ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ അമീർ ബോധരഹിതനായി. അപ്പോൾ ഭയന്നുപോയെങ്കിലും ധൈര്യം കൈവിടാതെ അരികിൽ സഹായം ചൊരിഞ്ഞ് അജാസും അജ്മലും പരിചരിക്കുന്നുണ്ടായിരുന്നു. ഉടനെ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സയക്ക് ശേഷമാണ് അമീറിനെ കോവിഡ് ട്രീറ്റ്മെന്റ് സെന്ററിൽ പ്രവേശിപ്പിച്ചത്.

ഈ കോവിഡ് കാലമെന്ന ആപത്ത് കാലത്ത് അജാസിലൂടെയും അജ്മലിലൂടെയും ചേനപ്പാടി കാട്ടിയ നല്ല മാതൃകക്ക് എത്ര അഭിനന്ദനങ്ങൾ ചൊരിഞ്ഞാലും മതിയാകില്ല. എരുമേലിയുടെ അതിർത്തിയായ ചേനപ്പാടി ഒരുമയുടെയും സ്നേഹത്തിന്റെയും അതിർത്തികൾക്ക് അപ്പുറത്താണ്. ഒപ്പം അജാസിനും അജ്മലിനും എരുമേലിയുടെ ഹൃദയം തൊട്ട് അഭിവാദ്യങ്ങൾ…
ചിത്രങ്ങൾ. മുകളിൽ അമീർ, താഴെ അജാസും അജ്മലും.

കടപ്പാട് :അബ്ദുൽ മുത്തലീഫ്‌

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Translate »
error: Content is protected !!