സ്വകാര്യ ആശുപത്രികളിലെ 10 ശതമാനം കിടക്കകള്‍ കോവിഡ് രോഗികള്‍ക്കു മാത്രം

കോട്ടയം ജില്ലയിലെ സ്വകാര്യ ആശുപത്രികളിലെ കിടക്കകളില്‍ പത്തു ശതമാനമെങ്കിലും കോവിഡ് രോഗികള്‍ക്കു മാത്രമായി മാറ്റിവയ്ക്കണമെന്ന് ജില്ലാ കളക്ടര്‍ എം.അഞ്ജന ഉത്തരവിട്ടു. സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടുന്ന കോവിഡ് രോഗികള്‍ക്ക് അവിടെതന്നെ ചികിത്സ ലഭ്യമാക്കണമെന്നും ദുരന്തനിവാരണ നിയമപ്രകാരം ഇറക്കിയ ഉത്തരവില്‍ നിര്‍ദേശിക്കുന്നു.ഉത്തരവ് പാലിക്കാത്ത ആശുപത്രികള്‍ക്കെതിരെ ദുരന്ത നിവാരണ നിയമത്തിലെ സെക്ഷന്‍ 51(ബി) പ്രകാരം നടപടി സ്വീകരിക്കും.ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നടപടി. നിലവില്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി, ജനറല്‍ ആശുപത്രികള്‍, താലൂക്ക് ആശുപത്രികള്‍, ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ എന്നിവ ഉള്‍പ്പെടുന്ന സര്‍ക്കാര്‍ സംവിധാനത്തില്‍ മാത്രമാണ് കോവിഡ് രോഗികള്‍ക്ക് ചികിത്സ നല്‍കുന്നത്. രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചാല്‍ ചികിത്സയ്ക്ക് ഈ സംവിധാനങ്ങള്‍ അപര്യാപ്തമാകുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ഇതും നിലവില്‍ സ്വകാര്യ ആശുപത്രികളില്‍ ചികിത്സയ്ക്ക് വിധേയരാകാന്‍ താത്പര്യമുള്ളവര്‍ക്ക് അയല്‍ ജില്ലകളിലെ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട സാഹചര്യവും കണക്കിലെടുത്താണ് ജില്ലയിലെ സ്വകാര്യ ആശുപത്രികളില്‍ ചികിത്സാ സംവിധാനം ഉറപ്പാക്കാന്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി തീരുമാനമെടുത്തത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Translate »
error: Content is protected !!