എഐ പ്ലേലിസ്റ്റ് ഫീച്ചര്‍ അവതരിപ്പിച്ച് മ്യൂസിക് സ്ട്രീമിങ് സേവനമായ സ്‌പോട്ടിഫൈ. എഴുതി നല്‍കുന്ന നിര്‍ദേശങ്ങള്‍ക്കനുസരിച്ച് എഐയുടെ സഹായത്താല്‍ പ്ലേലിസ്റ്റ് നിര്‍മിക്കുന്ന ഫീച്ചര്‍ ആണിത്. ബീറ്റാ ഫീച്ചര്‍ ആയാണ് ഇത് അവതരിപ്പിച്ചിരിക്കുന്നത്. യുകെയിലെയും ഓസ്‌ട്രേലിയയിലേയും ആന്‍ഡ്രോയിഡ്, ഐഒഎസ് ഉപകരണങ്ങളിലാണ് ഇത് ആദ്യമെത്തുക.

പാട്ടിന്റെ ദൈര്‍ഘ്യം, വിഭാഗം, ആര്‍ട്ടിസ്റ്റ് തുടങ്ങിയവ അടിസ്ഥാനമാക്കിയുള്ള പ്ലേലിസ്റ്റുകള്‍ക്ക് പകരം ഉപഭോക്താക്കള്‍ക്ക് ഏത് തരം പാട്ടുകള്‍ നല്‍കണമെന്ന് വിശദീകരിച്ച് നല്‍കാനാവും. സ്ഥലം, മൃഗങ്ങള്‍, പ്രവൃത്തികള്‍, സിനിമാ കഥാപാത്രങ്ങള്‍, നിറങ്ങള്‍, ഇമോജികള്‍ ഉള്‍പ്പടെ നിരവധി കാര്യങ്ങള്‍ പ്രോംറ്റില്‍ ഉള്‍പ്പെടുത്താം. ഉപഭോക്താക്കളുടെ താല്‍പര്യവും സ്‌പോട്ടിഫൈ പ്ലേലിസ്റ്റുകള്‍ നിര്‍മിക്കുന്നതിനായി പരിഗണിക്കും.

ഒരു പ്ലേലിസ്റ്റ് നിര്‍മിച്ചുകഴിഞ്ഞാല്‍, എഐ ഉപയോഗിച്ച് തന്നെ അതില്‍ മാറ്റം വരുത്താനും സാധിക്കും. താല്‍പര്യമില്ലാത്ത പാട്ടുകള്‍ ഇടത്തോട്ട് സൈ്വപ്പ് ചെയ്ത് ഒഴിവാക്കുകയും ചെയ്യാം.ലാര്‍ജ് ലാംഗ്വേജ് മോഡലുകള്‍ അടിസ്ഥാനമാക്കിയാണ് ഉപഭോക്താവിന്റെ ആവശ്യം തിരിച്ചറിയുന്നത്. ഒപ്പം പേഴ്‌സണലൈസേഷന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഉപഭോക്താവിന്റെ ആവശ്യത്തിന് അനുസരിച്ചുള്ള പ്ലേ ലിസ്റ്റ് നിര്‍മിച്ച് നല്‍കുന്നു. വിവിധ തേഡ് പാര്‍ട്ടി ടൂളുകളും ഇതില്‍ ഉപയോഗിച്ചിട്ടുണ്ട്.

ജനറേറ്റീവ് എഐ സാങ്കേതിക വിദ്യകളുടെ മറ്റൊരു ഉപയോഗമാണ് ഇത്. സ്‌പോട്ടിഫൈ ഉള്‍പ്പടെ മുന്‍നിര സ്ട്രീമിങ് സേവനങ്ങളെല്ലാം തന്നെ എഐ സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കാനുള്ള ശ്രമത്തിലാണ്. എഐ സാങ്കേതിക വിദ്യയില്‍ സ്‌പോടിഫൈ വലിയ നിക്ഷേപമാണ് നടത്തിവരുന്നത്. എഐയുടെ സഹായത്തോടെ സേവനം മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം.സ്‌പോടിഫൈ നേരത്തെ ഒരു എഐ ഡിജെ ഫീച്ചര്‍ അവതരിപ്പിച്ചിട്ടുണ്ട്. എഐയുടെ സഹായത്തോടെ ഉപഭോക്താവിന് പാട്ടിനെ കുറിച്ചുള്ള ആമുഖം നല്‍കുന്ന ഫീച്ചറാണിത്. സ്‌പോട്ടിഫൈയുടെ കള്‍ചറല്‍ പാര്‍ട്‌നര്‍ഷിപ്പ് മേധാവി ക്‌സേവിയര്‍ ജെര്‍നിഗന്റെ ശബ്ദത്തിലാണ് ഈ സേവനം.ഇതിന് പുറമെ പോഡ്കാസ്റ്റ് സമ്മറി, എഐ നിര്‍മിത ഓഡിയോ പരസ്യങ്ങള്‍ ഉള്‍പ്പടെ കൂടുതല്‍ സൗകര്യങ്ങള്‍ എഐയുടെ സഹായത്തോടെ ഒരുക്കാന്‍ സ്‌പോട്ടിഫൈ ലക്ഷ്യമിടുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here