അഞ്ച് ലക്ഷം മത്സ്യക്കുഞ്ഞുങ്ങൾ മണിമല, മീനച്ചിൽ ആറുകളിലേക്ക് : അഴുതയാറിനെ ഇനി ഉൾപ്പെടുത്തും.

എരുമേലി : കോട്ടയം ജില്ലയിൽ മണിമലയാറിലും മീനച്ചിലാറിലുമായി  ഫിഷറീസ് വകുപ്പ്  അഞ്ച് ലക്ഷം മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്ന പദ്ധതി ഇന്നലെ തുടങ്ങി ഇന്ന് പൂർത്തിയാകും. കാർപ്പ് ഇനത്തിലുള്ള രോഹു മൽസ്യക്കുഞ്ഞുങ്ങളെയാണ് കോട്ടയം വിജയപുരം പഞ്ചായത്തിൽ മീനച്ചിലാറിലെ വട്ടമൂട് കടവിലും എരുമേലിയിൽ മണിമലയാറിലെ കൊരട്ടി കടവിലും നിക്ഷേപിക്കുന്നത്. രണ്ടിടത്തും ഇന്നലെ ഉത്ഘാടനം നടന്നു. സംസ്ഥാന തല ഉത്ഘാടനം ഇന്നലെ രാവിലെ ഓൺലൈൻ ആയി മുഖ്യമന്ത്രി നടത്തിയതിന് പിന്നാലെയാണ് ജില്ലകളിലും ഉത്ഘാടനം നടന്നത്. വട്ടമൂട് കടവിൽ ഇന്നലെ 30000 മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. ഇന്ന് 220000 മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കും. എരുമേലിയിലെ കടവിൽ ഇന്നലെ തന്നെ രണ്ടര ലക്ഷം മൽസ്യക്കുഞ്ഞുങ്ങളെയും നിക്ഷേപിച്ചു. എരുമേലി പഞ്ചായത്തിലെ അഴുത, പമ്പ നദികളിൽ പ്രളയം മൂലം മൽസ്യസമ്പത്ത് നശിച്ചതിനാൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കണമെന്ന ആവശ്യം സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തുമെന്ന് അധികൃതർ അറിയിച്ചു. ഇതിനായി പഞ്ചായത്ത്‌ ഭരണസമിതി നിവേദനം നൽകുമെന്ന് പഞ്ചായത്ത്‌ പ്രസിഡന്റ് ടി എസ് കൃഷ്ണകുമാർ പറഞ്ഞു. പൂർണമായും കോട്ടയം ജില്ലയിലായ  അഴുതാ നദിയുടെ കാര്യത്തിൽ മത്സ്യ നിക്ഷേപ പദ്ധതി തയ്യാറാക്കാമെന്ന്  അറിയിച്ചിട്ടുണ്ട്. നദികളിലെ അനിയന്ത്രിതമായ മലിനീകരണവും മത്സ്യബന്ധനവും മൂലം മൽസ്യസമ്പത്ത് നശിക്കുന്നതിന് പരിഹാരമായാണ് മൽസ്യനിക്ഷേപ പദ്ധതി നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. വട്ടമൂട് കടവിൽ വിജയപുരം പഞ്ചായത്ത്‌ പ്രസിഡന്റ് സിസി ബോബി ഉത്ഘാടനം നിർവഹിച്ചു. ഫിഷറീസ് വകുപ്പ് കോട്ടയം ഡെപ്യൂട്ടി ഡയറക്ടർ കെ ബി രമേശ്‌ നേതൃത്വം നൽകി. എരുമേലിയിൽ പഞ്ചായത്ത്‌ പ്രസിഡന്റ് ടി എസ് കൃഷ്ണകുമാർ ഉത്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഗിരിജ, പഞ്ചായത്ത്‌ അംഗങ്ങളായ കെ ആർ അജേഷ്, പ്രകാശ് പുളിക്കൻ, സോമൻ തെരുവത്ത്, ജെസ്‌ന നജീബ്, ഫിഷറീസ് വകുപ്പ് ഓഫിസർ ബ്ലെസി, പ്രമോട്ടർ ഷേർലി, സോണി സെബാസ്റ്റ്യൻ എന്നിവർ പങ്കെടുത്തു.  ഓക്സിജൻ ഘടിപ്പിച്ച ടാങ്കുകളിലെത്തിച്ചാണ് മത്സ്യക്കുഞ്ഞുങ്ങളെ നദിയിലേക്ക് തുറന്നുവിട്ടത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Translate »
error: Content is protected !!