എരുമേലിയിൽ പഴയിടത്ത്മത്സ്യവ്യാപാരിക്കും പാക്കാനത്ത് യുവതിക്കും കോവിഡ് : വ്യാപനം അറിയാൻ സാമ്പിൾ പരിശോധന

എരുമേലി : പഞ്ചായത്തിലെ ഒന്നാം വാർഡ്  പഴയിടത്ത് മത്സ്യ വ്യാപാരിക്കും , എട്ടാം വാർഡ് പാക്കാനത്ത്  യുവതിക്കും  കോവിഡ്  സ്ഥിരീകരിച്ചതിനെ തുടർന്ന് ചികിത്സയിൽ. ഇവരുടെ സമ്പർക്ക പട്ടികയിലുള്ളവരുടെ സാമ്പിൾ പരിശോധനക്കെടുത്തെന്ന് ആരോഗ്യ വകുപ്പ്. പഴയിടത്ത് മരോട്ടിച്ചുവട് സ്വദേശി (40) ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇയാളെ പാലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സയിലാണ്. അടുത്ത ബന്ധുക്കൾ ഉൾപ്പെടെ ഇയാളുമായി സമ്പർക്കമുണ്ടായിരുന്ന പത്ത് പേരുടെ സ്രവ സാമ്പിളുകൾ പരിശോധനക്ക് നൽകിയെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. കോവിഡ് വ്യാപനമുണ്ടായ ചങ്ങനാശ്ശേരി പായിപ്പാട് മൽസ്യമാർക്കറ്റിൽ ഇയാൾ പോയിരുന്നെന്നും കോവിഡ് പിടിപെട്ടത് ഇവിടെ നിന്നുമാണെന്നുമാണ് കരുതുന്നത്. സമ്പർക്കത്തിലായിരുന്നവരോട് ക്വാറന്റൈനിലാകാൻ  നിർദേശം നൽകിയിരുന്നു. അതേസമയം പാക്കാനം സ്വദേശി യുവതി (23) ക്ക് കോവിഡ് സ്ഥിരീകരിച്ചത് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ അപ്പൻഡിസൈറ്റിസ് സർജറിക്കായി ചികിത്സയിൽ കഴിഞ്ഞ് ഡിസ്ചാർജ് ആയപ്പോഴാണ്. ആദ്യം നടത്തിയ ആന്റിജൻ ടെസ്റ്റിൽ  കോവിഡ് ഇല്ലായെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഡിസ്ചാർജ് ചെയ്തത്. ആന്റിജൻ ടെസ്റ്റിനൊപ്പം വിശദമായ പരിശോധനക്ക് സ്രവ സാമ്പിൾ നൽകിയിരുന്നു. ഡിസ്ചാർജ് ചെയ്യപ്പെട്ട ശേഷമാണ് ഈ പരിശോധനയുടെ ഫലം കോവിഡ് പോസിറ്റീവ് ആയി ലഭിച്ചത്. ഇതേതുടർന്ന് യുവതിയെ കോവിഡ് ചികിത്സക്കായി പ്രവേശിപ്പിക്കുകയായിരുന്നു. മെഡിക്കൽ കോളേജ് ആശുപത്രിയിലുണ്ടായ കോവിഡ് രോഗവ്യാപനത്തിൽ നിന്നാണ് യുവതിക്ക് രോഗം പിടിപെട്ടതെന്ന് കരുതുന്നു. ആദ്യത്തെ ആന്റിജൻ ടെസ്റ്റിൽ കോവിഡ് ഇല്ലായെന്നറിഞ്ഞ് ഡിസ്ചാർജ് ചെയ്‌തെങ്കിലും ആശുപത്രിയിൽ നിന്നും യുവതി വീട്ടിലേക്ക് പോയിരുന്നില്ലെന്ന് ബന്ധുക്കൾ പറയുന്നു. സമ്പർക്കമുണ്ടായ അടുത്ത ബന്ധുക്കൾ ഉൾപ്പെടെ എട്ട് പേരോട് ക്വാറന്റൈനിൽ കഴിയാൻ ആരോഗ്യ വകുപ്പ് നിർദേശിച്ചിട്ടുണ്ട്. മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തിൽ കോവിഡ് വ്യാപനം പ്രകടമായതോടെ ആന്റിജൻ ടെസ്റ്റ്‌ നടത്തി രോഗികളെ ഡിസ്ചാർജ് ചെയ്യുകയും വാർഡ് അടച്ചിടുകയും ചെയ്തിരുന്നു. പെട്ടന്ന് പരിശോധനാ ഫലം ലഭിക്കുന്നതാണ് ആന്റിജൻ ടെസ്റ്റെങ്കിലും പൂർണമായ സ്രവ പരിശോധനയിലൂടെയാണ് കോവിഡ് ഉണ്ടോയെന്ന് അന്തിമമായി സ്ഥിരീകരിക്കാനാവുകയെന്ന് അധികൃതർ പറയുന്നു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രസവ ചികിത്സക്ക് പ്രവേശിപ്പിച്ച കാഞ്ഞിരപ്പള്ളി കുളപ്പുറം സ്വദേശിനി യുവതിക്ക് ആദ്യം ആന്റിജൻ ടെസ്റ്റിൽ കോവിഡ് നെഗറ്റീവ് ആണെന്ന റിസൾട്ട് ലഭിക്കുകയും തുടർന്ന് ഡിസ്ചാർജ് ചെയ്യുകയും ചെയ്തിരുന്നു. പിന്നീട് പൂർണമായ പരിശോധനാ ഫലം ലഭിച്ചപ്പോൾ കോവിഡ് പോസിറ്റീവ് ആയിരുന്നു. ഇതേതുടർന്ന് യുവതിയെ ചികിത്സക്കായി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും സമ്പർക്കമുള്ള അടുത്ത ബന്ധുക്കളോട് ക്വാറന്റൈൻ നിർദേശിച്ചിരുന്നു. ഇവരിൽ നിന്ന് ശേഖരിച്ച സാമ്പിൾ ടെസ്റ്റിന്റെ റിസൽട്ടിൽ യുവതിയുടെ മാതാവിനും സഹോദരനും കോവിഡ് ഉണ്ടെന്ന് സ്ഥിരീകരിക്കുകയും ചികിത്സക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയുമാണ്. സമ്പർക്കമുണ്ടായാൽ പോലും കോവിഡ് വ്യാപനം ഉണ്ടാകാതിരിക്കാനുള്ള മുൻകരുതലാണ് സാമൂഹിക അകലം പാലിക്കൽ, ശരിയായ വിധം മാസ്ക് ധരിക്കൽ, തുടർച്ചയായി കൈകൾ ശുചീകരിക്കൽ, മറ്റൊരാൾ ഉപയോഗിച്ച ഭക്ഷണപാനീയങ്ങൾ, പാത്രങ്ങൾ, വസ്ത്രങ്ങൾ എന്നിവ ഉപയോഗിക്കാതിരിക്കൽ, ശുചിത്വം പാലിക്കൽ തുടങ്ങിയവ. സുരക്ഷാ മുൻകരുതൽ ശരിയായി പാലിക്കുകയും ജാഗ്രത പുലർത്തുകയും ചെയ്താൽ കോവിഡ് വ്യാപനത്തെ ചെറുക്കാനാകും. എന്നാൽ സുരക്ഷാ നിർദേശങ്ങൾ പേരിന് അനുസരിക്കുന്ന പ്രവണത മൂലം രോഗവ്യാപനത്തിനിരയാവുകയാണ് പലരും. അതുകൊണ്ട് സ്വയം പ്രതിരോധം തീർക്കാൻ എല്ലാവരും ശ്രദ്ധിക്കണമെന്ന് കാഞ്ഞിരപ്പള്ളി ബ്ലോക്ക് ഹെൽത്ത് വിഭാഗം അറിയിച്ചു. 

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Translate »
error: Content is protected !!