August 11, 2020

കോവിഡ് ജാഗ്രതയോടെ ബലി പെരുന്നാൾ : നിരീക്ഷണത്തിന് പോലീസും

എരുമേലി : കോവിഡ് വ്യാപനത്തിനിടയാക്കുന്ന സാമൂഹിക സമ്പർക്കമില്ലാതെ ബലി പെരുന്നാൾ നമസ്കാരം നടത്താനുള്ള ക്രമീകരണങ്ങൾ മസ്‌ജിദുകളിൽ പൂർത്തിയായി. നിരീക്ഷണത്തിന് ആരോഗ്യ പ്രവർത്തകർക്ക് പുറമെ പോലീസുമുണ്ടാകും. തെർമൽ സ്കാനർ ഉപയോഗിച്ച് പരിശോധന നടത്തി ആരോഗ്യ സുരക്ഷ ഉറപ്പാക്കിയാണ് പള്ളികളിൽ പ്രവേശിക്കാൻ അനുവദിക്കുക. ആദ്യമെത്തുന്ന നൂറ് പേരെ മാത്രമേ പ്രവേശിപ്പിക്കുകയുള്ളു. നൂറ് പേരിൽ കൂടാൻ പാടില്ലെന്നും അകലം പാലിച്ച് നമസ്കാരം നടത്തണമെന്നും സമയ ദൈർഖ്യം പാടില്ലെന്നും വീടുകളിൽ നിന്നും അംഗശുദ്ധി വരുത്തി വരണമെന്നും വരുമ്പോൾ വിരിപ്പ് (മുസല്ല ) കൊണ്ടുവരണമെന്നും ഉൾപ്പെടെ കോവിഡ് മാനദണ്ഡങ്ങളുടെ  പ്രത്യേക നിർദേശങ്ങൾ ജമാഅത്ത് കമ്മറ്റികൾ നൽകിയെന്ന് എരുമേലി നൈനാർ ജുമാ മസ്ജിദ് കമ്മറ്റി പ്രസിഡന്റ് അഡ്വ. പി എച്ച് ഷാജഹാൻ പറഞ്ഞു. നിർദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഭാരവാഹികളെയും വാളന്റിയർമാരെയും നിയോഗിച്ചിട്ടുണ്ട്. എരുമേലി മഹല്ലാ മുസ്ലിം ജമാഅത്ത് കമ്മറ്റിയുടെ കീഴിലുള്ള പള്ളികളിൽ തെർമൽ സ്കാനറുകൾ നൽകിയിട്ടുണ്ട്. സ്പർശിക്കാതെ ശുചീകരണം നടത്താൻ കഴിയുന്ന സാനിറ്റൈസർ സംവിധാനം ക്രമീകരിച്ചിട്ടുണ്ട്. പ്രായമായവരെയും കുട്ടികളെയും പ്രവേശിപ്പിക്കില്ല. പള്ളികളിൽ എത്തുന്നവരുടെ പേരും മേൽവിലാസവും ഫോൺ നമ്പറും രേഖപ്പെടുത്തും. പ്രവേശനവും മടക്കവും വെവ്വേറെ വാതിലുകളിൽ കൂടിയാണ്. പള്ളികളിലെ ശൗചാലയങ്ങൾ ഉപയോഗിക്കാൻ അനുവാദമില്ല. ഏഴ് മണിക്ക് നമസ്‌ക്കാരം ആരംഭിക്കും. നൈനാര്‍ ജുമാ മസ്ജിദില്‍ ഹാമിദ് ഖാന്‍ വാഖഫി നമസ്‌ക്കാരത്തിന് നേതൃത്വം നല്‍കും. ചരള മുനവ്വിറുല്‍ ഇസ്ലാം ജുമാ മസ്ജിദ് – ഹാഫിള് ഇല്യാസ് മൗലവി, ശ്രീനിപുരം മിസ്ബാഹുല്‍ ഹുദാ ജുമാ മസ്ജിദ് – ത്വാഹാ മൗലവി, മണിപ്പുഴ നൂര്‍ ജുമാ മസ്ജിദ് – ഹനീഫ മൗലവി, ആനക്കല്ല് സുബുലുസലാം ജുമാ മസ്ജിദ് – സാദിര്‍ മൗലവി, കരിങ്കല്ലുംമൂഴി ഹിദായത്തുല്‍ ഇസ്ലാം ജുമാ മസ്ജിദ് – വി.എം അബ്ദുല്‍ സമദ് മൗലവി എന്നിവര്‍ നേതൃത്വം നല്‍കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Translate »
error: Content is protected !!