August 11, 2020

എരുമേലി ആശുപത്രിയിലെ കോവിഡ് ആശങ്ക ‘നെഗറ്റീവ് ‘ : ഒപ്പം മത്സ്യവ്യാപാരികളും.

എരുമേലി : ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർക്ക് കോവിഡ് സ്ഥിരീകരിക്കപ്പെട്ടതിനെ തുടർന്ന് ജീവനക്കാർ കൂട്ടത്തോടെ ക്വാറന്റൈനിലാകേണ്ടി വന്ന എരുമേലി സർക്കാർ ആശുപത്രിയിൽ എല്ലാവരുടെയും കോവിഡ് പരിശോധനാ ഫലം നെഗറ്റീവ്. കോവിഡ് വ്യാപനമുണ്ടായ മാർക്കറ്റുകളിൽ പോയതിനാൽ ക്വാറന്റൈനിലാകേണ്ടി വന്ന മത്സ്യ വ്യാപാരികളുടെയും പരിശോധന ഫലവും നെഗറ്റീവ്. ഇന്നലെയാണ് ആശങ്കയൊഴിഞ്ഞ് റിസൾട്ട് എത്തിയത്. ആശുപത്രി ജീവനക്കാരായ 19 പേരുടെയും മത്സ്യ വ്യാപാരികളുടെയും സ്രവങ്ങളാണ് പരിശോധനക്ക് നൽകിയിരുന്നത്. നേരത്തെ കോവിഡ് സ്ഥിരീകരിക്കപ്പെട്ട ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടറുടെയും പരിശോധന ഫലം നെഗറ്റീവ് ആണ് ലഭിച്ചിരിക്കുന്നത്. തിരുവനന്തപുരം സ്വദേശിയായ ഇദ്ദേഹത്തിന് സ്വന്തം നാട്ടിൽ നിന്നുമാണ് സമ്പർക്കത്തിലൂടെ രോഗമുണ്ടായത്. ഏതാനും മണിക്കൂർ എരുമേലി ആശുപത്രിയിൽ ഇദ്ദേഹം ചെലവഴിച്ച സമയത്ത് സമ്പർക്കമുണ്ടായ 15 ജീവനക്കാരാണ് ക്വാറന്റൈനിൽ ആയത്. ആശുപത്രിയിൽ രോഗികൾ എത്തുന്നത് കുറയുകയും ചെയ്തിരുന്നു. എല്ലാവരുടെയും പരിശോധന ഫലം നെഗറ്റീവ് ആയതോടെ പൂർണമായും ആശങ്ക മാറിയിരിക്കുകയാണ്. മത്സ്യ വ്യാപാരികൾ കോവിഡ് വ്യാപനമുണ്ടായ മാർക്കറ്റുകളിൽ പോയി വന്നത് മൂലം ഇവരിൽ നിന്നും സമ്പർക്കത്തിലൂടെ എരുമേലിയിൽ രോഗവ്യാപനം ഉണ്ടാകാതിരിക്കാൻ മൽസ്യവില്പന ഒരാഴ്ചത്തേക്ക് നിരോധിച്ചിരുന്നു. ഒപ്പം വ്യാപാരികളോട് ക്വാറന്റൈനിൽ കഴിയാൻ നിർദേശിച്ചിരുന്നു. എല്ലാവരുടെയും ഫലം നെഗറ്റീവ് ആയതോടെ ഇനി മത്സ്യ വില്പന തുടരാൻ അനുമതി നൽകുന്നത് സംബന്ധിച്ച് ഉടനെ തീരുമാനമെടുക്കുമെന്ന് പഞ്ചായത്ത്‌ അധികൃതർ പറഞ്ഞു. അതേസമയം കോവിഡ് ജാഗ്രത നിയന്ത്രണങ്ങളിൽ ഇളവുകൾ ഉണ്ടായിരിക്കുന്നതല്ല.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Translate »
error: Content is protected !!