ശബരിമല വിമാനത്താവളം ഒരിക്കലും വരാൻ പാടില്ലെന്ന് ആഗ്രഹിക്കുന്നവർക്കേ ഇങ്ങനെ ചോദിക്കാനും പറയാനും കഴിയൂ:മുഖ്യമന്ത്രി

സർക്കാരിന് അവകാശപ്പെട്ട ഭൂമിയാണെന്ന് നൂറുശതമാനം ഉറപ്പുള്ളതുകൊണ്ടാണ് ശബരിമല വിമാനത്താവളത്തിന് സാധ്യതാപഠനം നടത്താൻ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ….. ഭൂമി കൈയിൽ കിട്ടുംമുമ്പ് എന്തിനാണ് കൺസൾട്ടൻറിനെ നിയമിച്ചതെന്നായിരുന്നു പ്രതിപക്ഷ നേതാവിൻറെ ചോദ്യം. ശബരിമല വിമാനത്താവളം ഒരിക്കലും വരാൻ പാടില്ലെന്ന് ആഗ്രഹിക്കുന്നവർക്കേ ഇങ്ങനെ ചോദിക്കാനും പറയാനും കഴിയൂവെന്നും മുഖ്യമന്ത്രി….

മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

കൺസൾട്ടൻറിനെ നിയമിച്ചത് സാധ്യതാപഠനത്തിനാണ്. ഭൂമി കൈയിൽ കിട്ടുന്നതുവരെ അതിന് കാത്തിരുന്നാൽ പദ്ധതി ഗണപതി കല്യാണം പോലെയാകും. കേരളത്തിനകത്തും പുറത്തുമുള്ള തീർത്ഥാടകരുടെ സൗകര്യം പരിഗണിച്ച് എത്രയും പെട്ടെന്ന് ഈ പദ്ധതി യാഥാർത്ഥ്യമാക്കണമെന്നാണ് സർക്കാർ ആഗ്രഹിക്കുന്നത്. വഴിമുടക്കികൾക്ക് ചെവി കൊടുത്താൽ ഇവിടെ ഒരു പദ്ധതിയും ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

വിമാനത്താവളത്തിനായി ചെറുവള്ളി എസ്റ്റേറ്റിൻറെ 2263.18 ഏക്കർ ഏറ്റെടുക്കാൻ സർക്കാർ 2020 ജൂൺ 18ന് ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. എരുമേലി സൗത്ത്, മണിമല വില്ലേജുകളിലെ ഭൂമിയാണ് ഏറ്റെടുക്കാനാണ് ഉദ്ദേശിക്കുന്നത്. ഹാരിസൺ മലയാളം പ്ലാൻറേഷൻറെ പക്കലുണ്ടായിരുന്നതും പിന്നീട് കൈമാറ്റം ചെയ്യപ്പെട്ടതുമാണ് ഈ ഭൂമി.

ഹാരിസൺ മലയാളം പ്ലാൻറേഷൻറെ ഉടമസ്ഥതയെക്കുറിച്ചുതന്നെ തർക്കമുണ്ട്. പ്രസ്തുത ഭൂമി സർക്കാരിന് ഉടമസ്ഥതയുള്ളതാണെന്ന് കാണിച്ച് പാലാ സബ് കോടതിയിൽ സിവിൽ സ്യൂട്ട് നിലവിലുണ്ട്. നേരത്തെ ഈ ഭൂമി നിയമവിരുദ്ധമായി ഹാരിസൺ മലയാളം പ്ലാൻറേഷൻ കൈവശം വയ്ക്കുകയും കൈമാറ്റം ചെയ്യുകയും ചെയ്തു എന്ന് സർക്കാരിൻറെ ഉദ്യോഗസ്ഥതല സമിതി കണ്ടെത്തിയിരുന്നു.

ഇതിനെതിരെ നിലവിലെ കൈവശക്കാരായ ബിലീവേഴ്‌സ് ചർച്ച് ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്യുകയും ഭൂമിയുടെ ഉടമസ്ഥത ലാൻറ് കൺസർവേഷൻ ആക്ട് പ്രകാരം തീരുമാനിക്കാൻ സാധിക്കില്ല എന്നും സർക്കാരിന് സിവിൽ കോടതിയിൽ അന്യായം ഫയൽ ചെയ്ത് ഉടമസ്ഥാവകാശം സ്ഥാപിക്കാമെന്നുമാണ് ഹൈക്കോടതി ഉത്തരവിട്ടത്. ഇതിനെതിരെ സർക്കാർ സുപ്രീംകോടതിയിൽ സമർപ്പിച്ച പ്രത്യേക അനുമതി ഹർജി തള്ളപ്പെട്ടു.

2020 ജൂൺ 18ന് പുറപ്പെടുവിച്ച ഉത്തരവിനെതിരെ ഹൈക്കോടതിയിൽ അയനാ ട്രസ്റ്റ് റിട്ട് ഹർജി ഫയൽ ചെയ്യുകയും സർക്കാർ ഉത്തരവ് സ്റ്റേ ചെയ്യപ്പെട്ടിരിക്കുകയുമാണ്. കേസ് വീണ്ടും ആഗസ്റ്റ് രണ്ടാം വാരത്തിൽ ഹിയറിംഗിന് വരുന്നുണ്ട്. സർക്കാരിൻറെ നിലപാട് ഇക്കാര്യത്തിൽ വ്യക്തമാണ്:

  1. ഭൂമി സർക്കാരിന് അവകാശപ്പെട്ടതാണ്.
  2. ഇത് സ്ഥാപിക്കാൻ സിവിൽ അന്യായം പാല സബ്‌കോടതിയിൽ നൽകിയിട്ടുണ്ട്.
  3. തർക്കം നിലനിൽക്കുന്നതിനാൽ നഷ്ടപരിഹാരത്തുക THE RIGHT TO FAIR COMPENSATION AND TRANSPARENCY IN LAND ACQUISITION, REHABILITATION AND,- 2013 പ്രകാരം നിർദ്ദിഷ്ട കോടതിയിൽ കെട്ടിവയ്ക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഉടമസ്ഥാവകാശം സംബന്ധിച്ച കേസിൻറെ അന്തിമ വിധിയനുസരിച്ചായിരിക്കും നഷ്ടപരിഹാരം നൽകണോ വേണ്ടയോ എന്ന് തീരുമാനിക്കുക.
  4. സാധ്യതാ പഠനത്തിനും പരിസ്ഥിതി ആഘാത പഠനത്തിനും വേണ്ടിയാണ് കൺസൾട്ടൻസിയെ നിയമിച്ചിട്ടുള്ളത്. നിയമനം സുതാര്യമായ പ്രക്രിയയിലൂടെയാണ്.
  5. മൂന്ന് സ്ഥാപനങ്ങളെ സാങ്കേതിക യോഗ്യതയനുസരിച്ച് ഷോർട്ട് ലിസ്റ്റ് ചെയ്യുകയും അതിൽ ഏറ്റവുമധികം സ്‌കോർ ലഭിച്ച ‘ലൂയി ബർഗർ’എന്ന സ്ഥാപനത്തെ കൺസൾട്ടൻറായി തെരഞ്ഞെടുക്കുകയും ചെയ്തു. ഉദ്യോഗസ്ഥരും സാങ്കേതിക വിദഗ്ദ്ധരുമടങ്ങിയ സമിതിയാണ് കൺസൾട്ടൻറിനെ തെരഞ്ഞെടുത്തത്.
    -മുഖ്യമന്ത്രി പറഞ്ഞു.
Spread the love

Leave a Reply

Your email address will not be published. Required fields are marked *

Translate »
error: Content is protected !!