ബെന്യാമിന്റെ നോവലായ ആടുജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രം മാർച്ച് 28 ന് തിയറ്ററുകളിലെത്തിയിട്ടുണ്ട്. പാൻ ഇന്ത്യൻ റിലീസായി എത്തിയ ആടുജീവിതത്തിന് മികച്ച പ്രതികരണമാണ് റിലീസ് ചെയ്ത എല്ലാ കേന്ദ്രങ്ങളിൽ നിന്നും ലഭിക്കുന്നത്.

ചിത്രം സോഷ്യൽ മീഡിയയിൽ വലിയ ചർച്ച‍യാകുമ്പോൾ, വർഷങ്ങൾ നീണ്ടുനിന്ന ആടുജീവിതം യാത്രയെ കുറിച്ച് നിർമാതാവ് ലിസ്റ്റിന്‍ സ്റ്റീഫൻ പങ്കുവെച്ച കുറിപ്പ് വൈറലാവുകയാണ്. മരുഭൂമിയിലൂടെയുള്ള ഒരു കഠിന യാത്രയാണ് ആടുജീവിതമെന്നും എത്ര കഠിന ഹൃദയരുടെയും കണ്ണുനിറക്കുമെന്നും ലിസ്റ്റിൻ സോഷ്യൽ മീഡിയയിൽ കുറിച്ചു. നാം അനുഭവിക്കാത്ത ജീവിതം നമുക്ക് വെറും കെട്ടു കഥകളാണെന്ന് പറയുന്ന ലിസ്റ്റിൻ നടൻ പൃഥ്വിരാജുമായി ബന്ധപ്പെട്ട ചില രസകരമായ കാര്യങ്ങളും പങ്കുവെച്ചിട്ടുണ്ട്.

ലിസ്റ്റിന്‍ സ്റ്റീഫന്‍റെ കുറിപ്പ് വായിക്കാം:

ദു:ഖവെള്ളി ആയതു കൊണ്ട് പള്ളിയിൽ പോയിരുന്നു. അതു കഴിഞ്ഞ് കാൽനടയായി കുരിശിന്റെ വഴിയിൽ പങ്കെടുത്തു. നല്ല വെയിൽ ഉണ്ടായിരുന്നു. കുറെ ദൂരം നടന്നു കഴിഞ്ഞപ്പോൾ ഞാനും എന്റെ മകനും നല്ലപോലെ മടുത്തു, മകന് ദാഹിച്ചപ്പോൾ വെള്ളം ചോദിച്ചു, അടുത്ത സ്ഥലത്ത് നിന്ന് വാങ്ങി തരാം എന്ന് പറഞ്ഞു. പക്ഷേ വെള്ളം കുടിക്കുന്നത് വരെയുള്ള താമസമുണ്ടല്ലോ, ഒരൽപം അസഹനീയമായി തോന്നി. അപ്പോഴാണ് ഞാൻ ആടുജീവിതം സിനിമയിലെ യഥാർഥ നജീബിന്റെ മരുഭൂമിയിലൂടെയുള്ള വെള്ളവും ഭക്ഷണവും കിട്ടാതെയുള്ള യാത്രയെ കുറിച്ച് ഓർത്തു പോയത്.സത്യത്തിൽ ആ സിനിമ നമ്മളെ അദ്ഭുതപെടുത്തുന്നു. എന്റെയും ഒരു സിനിമ മരുഭൂമിയിൽ ചിത്രീകരിച്ചതാണ്, അത് ഒന്നും അല്ല. പക്ഷേ ആടുജീവിതം മരുഭൂമിയിലൂടെ ഉള്ള ഒരു കഠിന യാത്രയാണ്.ആരുടെയും കണ്ണുകൾ ഒന്ന് നനയിപ്പിക്കും. അത് ഇപ്പോ എത്ര വലിയ കഠിന ഹൃദയം ഉള്ള വ്യക്തി ആയിക്കോട്ടെ മിനിമം 5,6 സീനുകളിൽ കണ്ണ് നിറയും. ഈ സിനിമ ഏപ്രിൽ പത്തിനായിരുന്നു റിലീസ് തീരുമാനിച്ചിരുന്നത്, ഒപ്പം 3 സിനിമകൾ കൂടിയുണ്ടായിരുന്നു അതെ തീയതിയിൽ തന്നെ. അങ്ങനെയിരിക്കെ ഞാൻ പൃഥ്വിരാജുമായും ബ്ലെസി ചേട്ടനുമായും ഒരു കൂടികാഴ്ച്ച നടന്നിരുന്നു. 28 ാം തിയതി റിലീസ് ചെയ്യുമ്പോൾ ഫ്രീ റൺ കിട്ടും, അങ്ങനെ പ്രേക്ഷകരുടെ എല്ലാ പ്രശംസകളും എല്ലാം നിങൾ ഏറ്റുവാങ്ങി അത് മാക്സിമം എൻജോയ് ചെയ്യാൻ ഉള്ള സമയം കൊടുക്ക് എന്നും ഞാൻ പറഞ്ഞിരുന്നു, ആ കൂടികാഴ്ച്ചയിൽ ഞങ്ങൾ നടത്തിയ ചർച്ചയിലുമാണ് ആടുജീവിതം നമുക്ക് കുറച്ച് കൂടെ നേരത്തെ റിലീസ് ചെയ്ത് പ്രേക്ഷകരിലേക്ക് എത്തിക്കാം എന്ന് തീരുമാനിക്കുന്നത്.അങ്ങനെ മാർച്ച് 28 ന് തന്നെ സിനിമ റിലീസ് ചെയ്തു.പൃഥ്വിരാജിന്റെ സിനിമാ ജീവിതത്തിലെ തന്നെ ഏറ്റവും മികച്ച സിനിമ, ആദ്യ ദിവസം ഏറ്റവും കൂടുതൽ കലക്‌ഷൻ ലഭിച്ച സിനിമ, ഏറ്റവും കൂടുതൽ സ്‌ക്രീനുകളിൽ റിലീസ് ചെയ്ത സിനിമ. 

LEAVE A REPLY

Please enter your comment!
Please enter your name here