August 11, 2020

പാതയോര ഉദ്യാനവൽക്കരണം ആരോപണങ്ങൾ അടിസ്ഥാന രഹിതം:അഡ്വ .സെബാസ്റ്റ്യൻ കുളത്തുങ്കൽ

കാഞ്ഞിരപ്പള്ളി :    ഇരുപത്തിയാറാം മൈൽ – കൂവപ്പള്ളി പാതയോര ഉദ്യാനവത്കരണവുമായി ബന്ധപ്പെട്ട് തികച്ചും വസ്തുതാ വിരുദ്ധവും, തെറ്റിദ്ധാരണാ ജനകവുമായ ചിലർ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുന്നതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ .സെബാസ്റ്റ്യൻ കുളത്തുങ്കൽ .പാതയോര ഉദ്യാനവത്കരണവുമായി ബന്ധപ്പെട്ട് ഒരു തുകയും ജില്ലാ പഞ്ചായത്തിൽ നിന്നും അനുവദിക്കുകയോ, വിനിയോഗിക്കുകയോ ചെയ്തിട്ടില്ല. ആവശ്യമായ വൃക്ഷതൈകൾ വനം വകുപ്പിൽ നിന്നും സൗജന്യമായി ലഭിച്ചതാണ്. പാതയോരങ്ങൾ കാട് തെളിച്ചു വൃത്തിയാക്കുകയും തൈകൾ വച്ചു പിടിപ്പിക്കുകയും ചെയ്തത് തൊഴിലുറപ്പ് പദ്ധതിയിൽ  ഉൾപ്പെടുത്തി കാഞ്ഞിരപ്പള്ളി – പാറത്തോട് ഗ്രാമപഞ്ചായത്തുകളിലെ തൊഴിലുറപ്പ് തൊഴിലാളികളാണ്. ആവശ്യമായ വൃക്ഷതൈകൾ വനംവകുപ്പിന്റെ പനക്കച്ചിറയിലുള്ള നഴ്സറിയിൽ നിന്നും സ്ഥലത്ത് എത്തിച്ചതിന്റെ വാഹന വാടക എന്റെ കയ്യിൽ നിന്നുമാണ് നൽകിയത്. സത്യവും, വസ്തുതകളും ഇതായിരിക്കെ കുപ്രചരണങ്ങൾ നടത്തുന്നത് പ്രതിഷേധാർഹവും അപലപനീയവുമാണ്.

അതേപോലെ തന്നെ ഇരുപത്തിയാറാം മൈൽ ജംഗ്ഷനിൽ ശബരിമല തീർത്ഥാടകർക്കും മറ്റു യാത്രക്കാർക്കും സൗകര്യ പ്രദമായ രീതിയിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും ഉള്ള പ്രത്യേക ടോയ്ലെറ്റ് മുറികൾ, വിശ്രമ മുറികൾ, കഫറ്റീരിയ ( കോഫി ഷോപ്പ്), ഇവ ഉൾപ്പെടുത്തി ഒരു കോംപ്ലക്സ് നിർമ്മിക്കുന്നതിന് 25 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട് എന്നുള്ളത് വസ്തുതയാണ്. ആയതിന്റെ നടപടിക്രമങ്ങൾ ആരംഭിച്ചിട്ടേയുള്ളു. എസ്റ്റിമേറ്റ് എടുക്കൽ, ഭരണാനുമതി സാങ്കേതിക അനുമതി, ടെൻഡർ നടപടികൾ തുടങ്ങിയ പല കടമ്പകൾക്ക് ശേഷം മാത്രമാണ് ആ പദ്ധതി നടപ്പിലാകുകയുള്ളു. നടപടിക്രമങ്ങൾ നടത്താൻ സാധിക്കുമെങ്കിലും ഇപ്പോഴത്തെ പഞ്ചായത്ത് സമിതികളുടെ കാലാവധിക്ക് മൂന്ന് മാസത്തോളം മാത്രമേ കാലാവധി അവശേഷിക്കുന്നുള്ളു എന്നുള്ളതിനാൽ ഈ പദ്ധതി ഈ കാലയളവിനുള്ളിൽ യാഥാർഥ്യമാകാനും ഇടയില്ല. അടുത്ത ഭരണസമിതിയുടെ കാലത്ത് മാത്രമേ സാക്ഷാത്കരിക്കപ്പെടുകയുള്ളു. ഈ സത്യങ്ങളും വസ്തുതകളും മറച്ചുവച്ച് കുപ്രചരണങ്ങൾ നടത്തി അഴിമതി ആരോപിച്ച് ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ ശ്രമിക്കുന്നവർ സ്വയം അപഹാസ്യരാകുകയാണെന്ന്            അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ അഭിപ്രായപ്പെട്ടു .

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Translate »
error: Content is protected !!