ഗുവാഹാട്ടി: അഫ്ഗാനിസ്താനെതിരായ മത്സരത്തിനിറങ്ങുമ്പോൾ ഇന്ത്യക്ക് ഒരേയൊരു ലക്ഷ്യമാണ് മുന്നിലുള്ളത്. ജയിക്കുക, അതുവഴി 2026 ലോകകപ്പ് ഫുട്‌ബോൾ യോഗ്യതയുടെ അടുത്ത റൗണ്ടിലേക്കുള്ള സാധ്യത വർധിപ്പിക്കുക. അഫ്ഗാനിസ്താനെതിരായ രണ്ടാംപാദ മത്സരം ചൊവ്വാഴ്ച രാത്രി ഏഴിന് ഗുവാഹാട്ടിയിലെ ഇന്ദിരാഗാന്ധി അത്‌ലറ്റിക് സ്റ്റേഡിയത്തിൽ. പോയിന്റ് പട്ടികയിൽ രണ്ടാമതാണ് ഇന്ത്യ. രണ്ടാംസ്ഥാനം നിലനിർത്താൻ ഇന്ത്യക്ക് ജയം അനിവാര്യം. ഗ്രൂപ്പ് എ-യിൽ കുവൈത്താണ് ഇന്ത്യക്ക് കാര്യമായ ഭീഷണിയുയർത്തുന്നത്. നിലവിൽ ഇന്ത്യക്ക് നാലുപോയിന്റും കുവൈത്തിന് മൂന്നുപോയിന്റുമാണുള്ളത്. അഫ്ഗാനിസ്താന് ഒരുപോയിന്റും. ഒന്നാമതുള്ള ഖത്തറിന് ഒമ്പത് പോയിന്റുണ്ട്.

 ഇന്ത്യൻ നായകൻ സുനിൽ ഛേത്രി കളിക്കാനിറങ്ങിയാൽ അത് ചരിത്രത്തിന്റെ ഭാഗമാകും. തന്റെ 150-ാം മത്സരത്തിനാണ് ഛേത്രി ഇറങ്ങുക. താരത്തിന് ആദരം നൽകുമെന്ന് അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷൻ പ്രഖ്യാപിച്ചിട്ടുണ്ട്. മത്സരത്തിന് മുമ്പായിരിക്കും ആദരിക്കൽ. ആദ്യമായാണ് ഒരു ഇന്ത്യൻതാരം 150 അന്താരാഷ്ട്ര മത്സരമെന്ന നാഴികക്കല്ല് പിന്നിടുന്നത്.ഇതുവരെ 12 കളിയാണ് ഇന്ത്യയും അഫ്ഗാനും തമ്മിൽകളിച്ചത്. ഇതിൽ ഏഴിലും ജയം ഇന്ത്യക്ക്. ഒരുതവണ അഫ്ഗാനും. നാലെണ്ണം സമനിലയായി

LEAVE A REPLY

Please enter your comment!
Please enter your name here