August 11, 2020

പാലാ ഓർക്കുന്നു ”രാജ ” സംഗീതം ………

” സംഗീത മാരിവില്ലിൽ സപ്തസ്വര വർണ്ണം പൂശും, ഭാവനാ ഗായകൻ ഞാൻ…… ശ്രുതി ശുദ്ധമായ സ്വരമാധുരിയിൽ പാലാ രാജൻ പാടിയെങ്കിലും പാട്ടിലും ജീവിതത്തിലും “ഭാഗ്യം” ശ്രുതി ചേർത്തില്ല.

ഒറ്റ സിനിമാ പാട്ടു പാടി രാജൻ പഴയ മദ്രാസിൽ നിന്നു മടങ്ങി.”മായാത്ത മുദ്ര” എന്ന ആ സിനിമ ഇറങ്ങിയില്ല. ഒരു വരി പോലും ബാക്കി വെയ്ക്കാതെ ആ പാട്ടിൻ്റെ റിക്കാർഡും നഷ്ടപ്പെട്ടു ; പാലാ രാജൻ്റെ സംഗീത ജീവിതം പോലെ തന്നെ.!

13 വർഷം മുമ്പ് സ്വര രാഗങ്ങൾ ബാക്കിയാക്കി നിത്യതയിലേക്ക് പോയ പാലാ രാജനെ പലർക്കുമറിയാം. എന്നാൽ അരനൂറ്റാണ്ടു മുമ്പ് പാലായിൽ നിന്ന് ആദ്യമായി സിനിമയിൽ പാടിയ ഒരാളാണ് രാജനെന്ന ചരിത്രം അധികം പേർക്ക് അറിയില്ല.

പാലാ പാട്ടത്തിൽ രാജൻ പത്താം വയസ്സു മുതൽ പാട്ടു പഠിച്ചു തുടങ്ങി. തുടർന്നുള്ള 15 വർഷത്തോളം ഒട്ടനേകം നാടകങ്ങളിൽ പാടി അഭിനയിച്ച സുമുഖനായ രാജന് ആരാധകരുമേറെ ആയിരുന്നു. രാജൻ്റെ 25-ാം വയസ്സിൽ “മായാത്ത മുദ്ര” യുടെ സംവിധായകൻ ചിദംബരനാഥാണ് സിനിമയിൽ പാടിക്കാൻ രാജനെ മദ്രാസിനു കൊണ്ടു പോയത്. ഇതിൽ രണ്ടു പാട്ടുകൾ രാജൻ പാടി. അന്ന് സുഹൃത്തായ യേശുദാസിനൊപ്പം ഒരു മുറിയിലായിരുന്നു രാജൻ്റെ താമസം.

മായാത്ത മുദ്ര പുറത്തിറങ്ങിയില്ലെങ്കിലും തുടർന്നും അവസരത്തിനായി മദ്രാസിൽ തന്നെ തുടരാൻ പലരും നിർബന്ധിച്ചെങ്കിലും വീട്ടിലെ സാമ്പത്തികമായ ബുദ്ധിമുട്ടുകൾ മൂലം രാജൻ പാലായ്ക്ക് മടങ്ങുകയായിരുന്നു.

തുടർന്ന് നാട്ടിൽ വന്ന് ഒരു പാട് നാടകങ്ങൾക്ക് പാട്ടൊരുക്കിയും നൂറു കണക്കിനു ശിഷ്യർക്ക് സപ്തസ്വരങ്ങൾ പകർന്നു നൽകിയും ജീവിതം കഴിച്ചു കൂട്ടി. കഥാപ്രസംഗം, നൃത്തം മേഖലയിലും പാട്ടുകാരനെന്ന നിലയിൽ പേരെടുത്തു.
നിരവധി ശാസ്ത്രീയ കീർത്തനങ്ങൾ എഴുതി ചിട്ടപ്പെടുത്തിയ രാജൻ നൂറോളം ഹൈന്ദവ – ക്രൈസ്തവ ഭക്തിഗാനങ്ങളും രചിച്ചിട്ടുണ്ട്. 2007 ൽ 67-ാം വയസ്സിലായിരുന്നു മരണം. തങ്കമ്മയാണു ഭാര്യ. സജീവ്, രാജീവ്, റെജീന എന്നിവരാണു മക്കൾ. ഇളയ മകൻ രാജീവ് ഗാനമേള ട്രൂപ്പുകളിലെ ഗായകനാണ്.

പാലാ രാജൻ്റെ ചരമവാർഷിക ദിനത്തോടനുബന്ധിച്ച് നാളെ ( 12.07 . ഞായർ ) 2 ന് കടയം തെങ്ങും തോട്ടം പാട്ടത്തിൽ വീട്ടിൽ അനുസ്മരണാ സമ്മേളനം നടക്കും. മുത്തോലി പഞ്ചായത്തു പ്രസിഡൻ്റ് സന്ധ്യാ ജി. നായർ പാലാ രാജൻ്റെ ഛായാ ചിത്രത്തിൽ ഹാരമണിയിക്കും.

പാലാ രാജൻ അനുസ്മരണാ സമിതി കൺവീനർ ജി. രൺദീപ് അധ്യക്ഷത വഹിക്കും. ഓൾഡ് ഈസ് ഗോൾഡ് ട്രൂപ്പംഗങ്ങളായ കെ.കെ. സുകുമാരൻ, ജോഷി പരമല, രാജേഷ് പൈക, ജോയ്സ് വള്ളിച്ചിറ, ബിജു, ബിജേഷ് എന്നിവർ സംസാരിക്കും. രാജീവ് രാജൻ സ്വാഗതവും, മോണോ ആക്ട് പരിശീലകൻ രാജേഷ് പാലാ നന്ദിയും പറയും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Translate »
error: Content is protected !!